ഇടുക്കി ആനയിറങ്കലില്‍ കുട്ടിയാന ചരിഞ്ഞ നിലയില്‍; കാല്‍വഴുതി വീണതെന്ന് നിഗമനം

എട്ട് വയസോളം പ്രായം വരുന്ന പിടിയാന ആണ് ചരിഞ്ഞത്

 

കാട്ടാനക്കൂട്ടത്തിന് ഒപ്പം നടക്കുന്നതിനിടെ കാല്‍വഴുതി വീണ് അപകടം പറ്റിയതാവാമെന്നാണ് പ്രാഥമിക നിഗമനം

ഇടുക്കി : ഇടുക്കി ആനയിറങ്കലില്‍ കുട്ടിയാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. എട്ട് വയസോളം പ്രായം വരുന്ന പിടിയാന ആണ് ചരിഞ്ഞത്. കാട്ടാനക്കൂട്ടത്തിന് ഒപ്പം നടക്കുന്നതിനിടെ കാല്‍വഴുതി വീണ് അപകടം പറ്റിയതാവാമെന്നാണ് പ്രാഥമിക നിഗമനം. ആനയിറങ്കല്‍ പുതുപരട്ടില്‍ തേയില തോട്ടം മേഖലയില്‍ ആണ് കുട്ടിയാനയെ ചരിഞ്ഞ നിലയില്‍ കാണപ്പെട്ടത്. ജഡത്തിന് രണ്ട് ദിവസത്തോളം പഴക്കം ഉണ്ട്. 

ഇന്ന് രാവിലെ തേയില തോട്ടത്തില്‍ ജോലിയ്ക്ക് എത്തിയ തൊഴിലാളികള്‍ ആണ് ജഡം കണ്ടത്. ഏതാനും ദിവസങ്ങളായി എട്ടോളം വരുന്ന കാട്ടാനക്കൂട്ടം പ്രദേശത്ത് ഇറങ്ങിയിരുന്നു. ഇതിനിടെ കുട്ടിയാന ഇരുപത് അടിയോളം താഴ്ച വരുന്ന പ്രദേശത്തേക്ക് കാല്‍ വഴുതി വീണതാവമെന്നാണ് കരുതുന്നത്. ദേവികുളം റേഞ്ച് ഓഫിസര്‍ അഖില്‍ കെ ബാബുവിന്റെ നേതൃത്വത്തില്‍ തേക്കടിയില്‍ നിന്നും വനം വകുപ്പിന്റെ വെറ്ററിനറി സംഘം എത്തി പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ജഡം മറവുചെയ്യും.