തിരഞ്ഞെടുപ്പിൽ ഹരിത ചട്ട പാലനം ഉറപ്പാക്കാൻ പരിശോധന ശക്തമാക്കി ഇടുക്കി ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡുകൾ

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നിരോധിത പി.വി.സി. ഫ്‌ളക്‌സ്, പോളിസ്റ്റർ, പോളീ കോട്ടൻ, നൈലോൺ, കൊറിയൻ ക്ലോത്ത്, പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള തുണി, പോളിസ്റ്റർ

 

ഇടുക്കി : നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നിരോധിത പി.വി.സി. ഫ്‌ളക്‌സ്, പോളിസ്റ്റർ, പോളീ കോട്ടൻ, നൈലോൺ, കൊറിയൻ ക്ലോത്ത്, പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള തുണി, പോളിസ്റ്റർ കൊണ്ടുള്ള തുണി തുടങ്ങി പ്ലാസ്റ്റിക്കിന്റെ അംശമോ പ്ലാസ്റ്റിക് കോട്ടിങ്ങോ ഉള്ള പുനഃചംക്രമണം സാധ്യമല്ലാത്ത സാമഗ്രികൾ ഉപയോഗിച്ചുള്ള ബോർഡുകൾ, ബാനറുകൾ, ഹോർഡിംഗുകൾ, പോസ്റ്ററുകൾ തുടങ്ങിയവ ഉപയോഗിക്കുന്നില്ല എന്നുറപ്പുവരുത്തുന്നതിനു സ്‌ക്വാഡുകൾ പരിശോധന ശക്തമാക്കി.

ജില്ലയിലെ പ്രധാന പ്രിന്റിങ് സ്ഥാപനങ്ങൾ, രാഷ്ട്രീയ പാർട്ടികളുടെ പ്രാദേശിക തിരഞ്ഞെടുപ്പ് ഓഫീസുകൾ എന്നിവിടങ്ങളിലും പരിശോധന നടത്തുന്നുണ്ട്. സന്ദർശന വേളയിൽ സംസ്ഥാന ശുചിത്വ മിഷൻ തയാറാക്കിയ ഹരിത നിയമസഭാ തിരഞ്ഞെടുപ്പ്  2026 സംശയങ്ങളും മറുപടികളും എന്ന കൈപ്പുസ്തകം വിതരണം ചെയ്യുന്നു. കൂടാതെ സ്ഥാനാർഥികൾ പ്രചാരണത്തിനായി പൊതു ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ബാനറുകളും ബോർഡുകളും ഹോർഡിങ്ങുകളും പരിശോധിക്കുന്നുണ്ട്. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അതത് തദ്ദേശ സ്ഥാപന സെക്രട്ടറിമാർ വഴി സ്ഥാപനത്തിന് / സ്ഥാനാർഥിക്കു നോട്ടീസ് നൽകുകയും പിഴ ഈടാക്കുന്നതിനും നിരോധിത പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുന്നു.  

മലിനീകരണ നിയന്ത്രണ ബോർഡ് സർട്ടിഫൈ ചെയ്ത റീസൈക്കിൾ ചെയ്യാവുന്ന, 100% കോട്ടൺ, പോളിഎത്തലീൻ എന്നിവയിൽ പി.വി.സി. ഫ്രീ, റീസൈക്ലബിൾ ലോഗോ, പ്രിന്റിംഗ് യൂണിറ്റിന്റെ പേര്, നമ്പർ, മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നുള്ള സർട്ടിഫിക്കറ്റ് നമ്പർ/ക്യുആർ കോഡ് എന്നിവ പതിച്ചുകൊണ്ടുള്ള ബാനറുകളും ബോർഡുകളും ഹോർഡിങ്ങുകളുമാണ് ഉപയോഗിക്കേണ്ടത്.

എല്ലാ രാഷ്ട്രീയ പാർട്ടികളും  പ്രവർത്തകരും തിരഞ്ഞെടുപ്പ് പ്രചാരണം, കൺവെൻഷനുകൾ, റോഡ് ഷോകൾ, യോഗങ്ങൾ, റാലികൾ, സമ്മേളനങ്ങൾ എന്നിവയിലെല്ലാം നിരോധിത പ്ലാസ്റ്റിക്, ഡിസ്‌പോസബിൾ വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് ഓഫീസുകൾ മാലിന്യമുക്തമാക്കി സൂക്ഷിക്കണം. ഡിസ്‌പോസിബിൾ ഉത്പന്നങ്ങളുടെ ഉപയോഗം ഓഫീസുകളിൽ ഒഴിവാക്കണം. ജൈവ-അജൈവ മാലിന്യങ്ങൾ തരം തിരിച്ച് യൂസർ ഫീ സഹിതം ഹരിതകർമ്മ സേനയ്ക്ക് കൃത്യമായ ഇടവേളകളിൽ കൈമാറണം.  തിരഞ്ഞെടുപ്പ് പ്രചാരണം മുതൽ തിരഞ്ഞെടുപ്പിന് ശേഷമുള്ള ശുചീകരണം വരെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഉടനീളം ഹരിത ചട്ട പാലനം ഉറപ്പുവരുത്തി പരിസ്ഥിതിയോടും ജനങ്ങളോടുമുള്ള കർത്തവ്യപാലനം ഉറപ്പുവരുത്താൻ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സഹകരണമുണ്ടാവണമെന്നും ജില്ലാ കളക്ടർ അഭ്യർഥിച്ചു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ക്യൂ ആർ കോഡുകൾ ഇല്ലാത്ത ബാനറുകൾ, ബോർഡുകൾ, ഹോർഡിങ്ങുകൾ, നിരോധിത  ഫ്‌ളക്‌സ്, പിവിസി ബാനറുകൾ,ബോർഡുകൾ, കൊടിതോരണങ്ങൾ, അലങ്കാരങ്ങൾ, ഒറ്റത്തവണ ഉപയോഗമുള്ള നിരോധിത പ്ലാസ്റ്റിക്, ഡിസ്‌പോസബിൾ,  പേപ്പർ ഗ്ലാസ്സുകൾ മുതലായവയുടെ ഉപയോഗം ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്ക്  9446 700 800 എന്ന  സിംഗിൾ വാട്‌സാപ്പ് നമ്പറിൽ റിപ്പോർട്ട് ചെയ്യാം.