തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യവും കാര്യക്ഷമവുമായി പൂർത്തിയാക്കി: ഇടുക്കി ജില്ലാ കളക്ടർ
ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയ കാര്യക്ഷമവും സുതാര്യവുമായി പൂർത്തിയാക്കാൻ കഴിഞ്ഞുവെന്ന് ജില്ലാ കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുമായ ഡോ. ദിനേശൻ ചെറുവാട്ട്.
ഇടുക്കി : ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയ കാര്യക്ഷമവും സുതാര്യവുമായി പൂർത്തിയാക്കാൻ കഴിഞ്ഞുവെന്ന് ജില്ലാ കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുമായ ഡോ. ദിനേശൻ ചെറുവാട്ട്. തിരഞ്ഞെടുപ്പ് ജോലികൾക്കായി വിന്യസിച്ച ഉദ്യോഗസ്ഥർക്ക് കളക്ടറേറ്റിൽ സംഘടിപ്പിച്ച അനുമോദന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടർ.
തിരഞ്ഞെടുപ്പ് പ്രക്രിയ മികവോടെ പൂർത്തീകരിക്കാൻ കഴിഞ്ഞത് ജില്ലയിലെ ഉദ്യോഗസ്ഥരുടെ ടീം വർക്കിന്റെ വിജയമാണ്. ഏറ്റവും വലിയ ജില്ല, കുറഞ്ഞ ജനസംഖ്യ, സവിശേഷമായ ഭൂപ്രകൃതി, യാത്രാ സൗകര്യങ്ങൾ എല്ലാം വെല്ലുവിളിയായിരുന്നു. എന്നാൽ എല്ലാറ്റിനെയും അതിജീവിച്ച് തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ദിനം മുതൽ വോട്ടെണ്ണൽ പ്രക്രിയ വരെ എണ്ണയിട്ട യന്ത്രം പോലെ ഉദ്യോഗസ്ഥരുടെ സംഘം പ്രവർത്തിച്ചു. പരാതികൾക്കിടയില്ലാതെ എസ്. ഐ. ആർ പ്രവർത്തനങ്ങൾ യഥാസമയം പൂർത്തീകരിച്ച ബി.എൽ. ഒമാരുടെ സേവനം എടുത്തു പറയേണ്ടതാണെന്നും ജില്ലാ കളക്ടർ പറഞ്ഞു.
ഉദ്യോഗസ്ഥർക്കുള്ള സർട്ടിഫിക്കറ്റുകളും ചടങ്ങിൽ കളക്ടർ വിതരണം ചെയ്തു.
ജില്ലാ അഡീഷണൽ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ്, ദേവികുളം സബ് കളക്ടർ ആര്യ വി.എം, ഡെപ്യൂട്ടി കളക്ടർമാരായ അതുൽ സ്വാമിനാഥ്, സുജിത്ത് കരുൺ, എം.സി ജ്യോതി, ഷീബ മാത്യു, കളക്ടറേറ്റ് ശിരസ്തദാർ സി.കെ സജീവ്, തിരഞ്ഞെടുപ്പ് വിഭാഗം ജൂനിയർ സൂപ്രണ്ട് ഹോർമിസ് കുരുവിള എന്നിവർ സംസാരിച്ചു. വിവിധ നോഡൽ ഓഫീസർമാർ, വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.