ദുരന്തനിവാരണ രംഗത്ത് അഗ്നിരക്ഷാ സേന നടത്തുന്നത് അതുല്യമായ സേവനം: മുഖ്യമന്ത്രി പിണറായി വിജയൻ
ദുരന്തനിവാരണ രംഗത്ത് അഗ്നിരക്ഷാ സേന നടത്തുന്നത് അതുല്യമായ സേവനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടുക്കി ജില്ല ഫയർ സ്റ്റേഷൻ സ്റ്റാഫ് ക്വാർട്ടേഴ്സ് ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇടുക്കി : ദുരന്തനിവാരണ രംഗത്ത് അഗ്നിരക്ഷാ സേന നടത്തുന്നത് അതുല്യമായ സേവനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടുക്കി ജില്ല ഫയർ സ്റ്റേഷൻ സ്റ്റാഫ് ക്വാർട്ടേഴ്സ് ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കഴിഞ്ഞ 10 വർഷത്തിനിടെ 12 പുതിയ ഫയർ ആന്റ് റസ്‌ക്യൂ സ്റ്റേഷനുകളാണ് അനുവദിച്ചത്. ഇതോടെ സംസ്ഥാനത്താകെ ഫയർ സ്റ്റേഷനുകളുടെ എണ്ണം 132 ആയി. സേനയെ ആധുനികവത്കരിക്കുന്നതിൽ പ്രതിജ്ഞാബദ്ധമായ സർക്കാർ 251 കോടി രൂപയാണ് കഴിഞ്ഞ ദശാബ്ദക്കാലത്ത് സേനയുടെ നവീകരണത്തിനായി ചെലവിട്ടത്.
റോബോട്ടിക് ഫയർ ഫൈറ്റിംഗ് വെഹിക്കിൾ, അണ്ടർവാട്ടർ ഡ്രോൺ, ഫയർ ടെൻഡർ, ഫസ്റ്റ് റെസ്‌പോൺസ് വെഹിക്കിൾ, അഡ്വാൻസ്ഡ് റെസ്‌ക്യൂ ടെൻഡർ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളാൽ സുസജ്ജമാണ് അഗ്നിരക്ഷാ സേന. 2018 ലെ പ്രളയത്തിനു ശേഷം അഗ്നിരക്ഷാ സേനയിൽ സമഗ്രമായ മാറ്റമുണ്ടായി. ഏതുതരം ജലാശയ അപകടങ്ങളെയും നേരിടാൻ പര്യാപ്തമായ വിദഗ്ധ സംഘം സേനയ്ക്കുണ്ട്. ദുരന്ത നിവാരണത്തിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കാൻ ആരംഭിച്ച സിവിൽ ഡിഫൻസ് സംവിധാനത്തിൽ പതിനായിരത്തിലധികം സിവിൽ ഡിഫൻസ് വൊളന്റിയർമാരും 4500 ആപ്ദമിത്ര വൊളന്റിയർമാരുമുണ്ട്. കൂടുതൽ വൊളന്റിയർമാർക്ക് പരിശീലനം നൽകുന്നതിന് വകുപ്പ് നടപടി സ്വീകരിച്ചുവരുന്നു. ദുർഘടമായ ഭൂപ്രകൃതികളിലെ ദുരന്തനിവാരണത്തിനായി പ്രവർത്തിക്കുന്ന സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിനെ നവീകരിക്കുന്നതും പരിഗണനയിലുണ്ട്.
ചരിത്രത്തിലാദ്യമായി 100 പുതിയ ഫയർ വുമൺ തസ്തിക അനുവദിച്ചു. ഇവരിൽ നിന്നും തിരഞ്ഞെടുത്ത 17 പേർക്ക് സ്‌കൂബ ഡൈവിംഗിൽ പരിശീലനം നൽകി. ഇന്ത്യയിലെ ആദ്യത്തെ വനിതാ സ്‌കൂബാ ഡൈവിംഗ് ടീം സജ്ജമാക്കാൻ കഴിഞ്ഞു. വകുപ്പിന്റെ നേതൃനിരയിൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കാൻ 12 വനിതാ സ്റ്റേഷൻ ഓഫീസർ തസ്തികയും സൃഷ്ടിച്ചു. ദുരന്തമുഖങ്ങളിൽ നിന്നും സഹായം തേടുന്നവരുടെ മാനസികാവസ്ഥ മനസിലാക്കി അവർക്കൊപ്പം നിൽക്കാൻ അഗ്നിരക്ഷാ വകുപ്പിന് കഴിയുന്നു. ഇത് തുടരട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്റ്റാഫ് ക്വാർട്ടേഴ്‌സ് യാഥാർഥ്യമായതോടെ ജീവനക്കാർക്ക് കൂടുതൽ മികവോടെയും കൃത്യനിഷ്ഠയോടെയും പ്രവർത്തിക്കാൻ കഴിയുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. എല്ലാക്കാര്യങ്ങളിലും സ്വയം പര്യാപ്തത കൈവരിക്കാൻ കഴിഞ്ഞ സ്റ്റേഷനായി ഇടുക്കി ഫയർ സ്റ്റേഷൻ മാറുകയാണ്. മൂലമറ്റം ഫയർ സ്റ്റേഷനിലും കെഎസ്ഇബിയിൽ നിന്ന് സ്ഥലം ലഭ്യമാക്കി അഞ്ച് കോടി ചെലവിൽ പുതിയ കെട്ടിട നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ക്വാർട്ടേഴ്‌സ് കെട്ടിടത്തിന്റെ ശിലാഫലകം മന്ത്രി അനാശ്ചാദനം ചെയ്തു.
വാഴത്തോപ്പ് പഞ്ചായത്തിലെ ആലിൻചുവട്ടിൽ പ്രവർത്തിക്കുന്ന ഇടുക്കി ഫയർ സ്റ്റേഷന്റെ സ്റ്റാഫ് ക്വാർട്ടേഴ്‌സിൽ മൂന്ന് നിലകളിലായി ആറ് കോർട്ടേഴ്‌സുകളാണുള്ളത്. 3.68 കോടിയാണ് നിർമ്മാണച്ചെലവ്. രണ്ടു ബെഡ്റൂം, ഒരു സ്റ്റഡി റൂം, ഒരു ഹാൾ, കിച്ചൻ, വർക് ഏരിയ, രണ്ടു ടോയ്‌ലറ്റ് എന്നിവ ഉൾപ്പെടുന്ന ഓരോ ക്വാർട്ടേഴ്‌സിനും 860 സ്‌ക്വയർ ഫീറ്റ് വിസ്തീർണ്ണമാണുള്ളത്.
ഫയർ റസ്‌ക്യൂ സർവീസസ് ഡയറക്ടർ ജനറൽ നിതിൻ അഗർവാൾ ഓൺലൈനായി സ്വാഗതം ആശംസിച്ചു. ഇടുക്കിയിൽ നടന്ന ചടങ്ങിൽ റീജിയണൽ ഫയർ ഓഫീസർ സുജിത് കുമാർ ജെ.എസ്., ഇടുക്കി സ്റ്റേഷൻ ഓഫീസർ അഖിൻ സി., വാഴത്തോപ്പ് ഗ്രാമപഞ്ചായത്തംഗങ്ങളായ പ്രഭാ തങ്കച്ചൻ, നാഷാദ് ടി.ഇ., രാഷ്ട്രീയ സാമൂഹ്യ സംഘടനാ പ്രതിനിധികളായ എം.വി. ബേബി, ജോസ് കുഴിക്കണ്ടം, ഫയർ ആന്റ് റസ്‌ക്യൂ സർവീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.