ലഹരി മാഫിയയെ വേരറുക്കാൻ ജനകീയ പ്രതിരോധം ഉയരണം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ലഹരി മാഫിയയ്ക്കെതിരെ പോലീസ് നടപടികൾക്കൊപ്പം ഓരോ വീട്ടിൽ നിന്നും ലഹരിക്കെതിരായ ജനകീയ പ്രതിരോധം ഉയർന്നുവരണമെന്ന് ആഭ്യന്തര, വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു

 

തൃശ്ശൂർ :ലഹരി മാഫിയയ്ക്കെതിരെ പോലീസ് നടപടികൾക്കൊപ്പം ഓരോ വീട്ടിൽ നിന്നും ലഹരിക്കെതിരായ ജനകീയ പ്രതിരോധം ഉയർന്നുവരണമെന്ന് ആഭ്യന്തര, വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തോളൂർ ഗ്രാമപഞ്ചായത്തിന്റെയും വിദ്യാലയങ്ങളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടപ്പാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ തദ്ദേശം' രണ്ടാംഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനവ്യാപകമായി നടത്തിയ ഒറ്റദിവസത്തെ പരിശോധനയിൽ 57 സ്കൂൾ ബസ് ഡ്രൈവർമാരെ മദ്യപിച്ചും ലഹരി ഉപയോഗിച്ചും വാഹനമോടിച്ചതിന് പിടികൂടിയ ഞെട്ടിക്കുന്ന സാഹചര്യം മുൻനിർത്തിയാണ് മന്ത്രി ജനകീയ ഇടപെടലിന് ആഹ്വാനം ചെയ്തത്.

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയുമായി കൂടിയാലോചിച്ചാണ് 'തൂഫാൻ തദ്ദേശം' രണ്ടാംഘട്ടം ആവിഷ്കരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഹരിത കർമ്മസേനാംഗങ്ങൾ, ആശാവർക്കർമാർ, ജനപ്രതിനിധികൾ എന്നിവരിലൂടെ ലഹരിവിരുദ്ധ സന്ദേശം ഓരോ കുടുംബത്തിലേക്കും എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിൽ കുട്ടികളെ മയക്കുമരുന്നിന് അടിമകളാക്കുന്ന ആസൂത്രിത നീക്കങ്ങൾ നടക്കുന്നുണ്ടെന്നും ഉച്ചകഴിഞ്ഞാൽ ക്ലാസുകളിൽ മയങ്ങിയിരിക്കുന്ന അവസ്ഥയിലേക്ക് കുട്ടികൾ മാറുന്നത് രക്ഷിതാക്കൾ അറിയാതെ പോകുന്നുണ്ടെന്നും ആഭ്യന്തരമന്ത്രി ചൂണ്ടിക്കാട്ടി.

ഓപ്പറേഷൻ തൂഫാന് മൂന്ന് ഘട്ടങ്ങളാണുള്ളതെന്ന് മന്ത്രി വിശദീകരിച്ചു—തൂഫാൻ സ്ട്രൈക്ക്, തൂഫാൻ വാരിയർ, തൂഫാൻ കെയർ. പോലീസിന്റെ ശക്തമായ നിയമനടപടികളും അറസ്റ്റും കാപ്പ ചുമത്തലുമൊക്കെയാണ് 'തൂഫാൻ സ്ട്രൈക്ക്'. നടൻ മോഹൻലാൽ ആദ്യ അംബാസഡറായി തുടക്കമിട്ട 'തൂഫാൻ വാരിയേഴ്സിൽ' ഇന്ന് 40 ലക്ഷം പേർ അംഗങ്ങളാണ്. സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവരെയും മന്ത്രി തൂഫാൻ വാരിയേഴ്സായി പ്രഖ്യാപിച്ചു. മുൻപ് ജനങ്ങൾക്ക് ലഹരി മാഫിയയെ പേടിയായിരുന്നെങ്കിൽ ഇന്ന് മാഫിയകൾക്ക് ജനങ്ങളെയാണ് പേടി. വ്യാജ പരാതികൾ ഒഴിവാക്കി യഥാർത്ഥ ലഹരി വ്യാപനം കണ്ടെത്തി പിടികൂടാൻ പോലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലഹരിക്ക് അടിമപ്പെട്ടവരെ സമൂഹത്തിൽ നിന്ന് ബഹിഷ്കരിക്കുകയല്ല, മറിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരികയാണ് വേണ്ടത്. സർക്കാർ-സ്വകാര്യ ആശുപത്രികളിലൂടെ രോഗിയുടെ പേര് വെളിപ്പെടുത്താതെ സൗജന്യ ചികിത്സ നൽകുന്ന 'തൂഫാൻ കെയർ' പദ്ധതിയിലൂടെ ഇതിനോടകം 180-ഓളം പേരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ പോലീസിന് സാധിച്ചു. 'എന്റെ മകൻ രക്ഷപ്പെട്ടു' എന്നറിയിച്ച് അമ്മമാർ അയക്കുന്ന കത്തുകളും സന്ദേശങ്ങളുമാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ വിജയമെന്നും, സ്ത്രീ സമൂഹത്തിന്റെ പിന്തുണയാണ് പദ്ധതിയുടെ കരുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പണ്ട് സാക്ഷരതാ യജ്ഞം പോലെ കേരളത്തിൽ മദ്യത്തിനും മയക്കുമരുന്നിനും എതിരായ ഒരു ജനകീയ മുന്നേറ്റം സൃഷ്ടിക്കാൻ പഞ്ചായത്ത് അസോസിയേഷനുമായി ചേർന്ന് ഗവൺമെന്റ് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാവിലെ 9.30-ന് പറപ്പൂർ സെന്റ് ജോൺസ് എച്ച്.എസ്.എസിൽ നിന്ന് ആരംഭിച്ച ലഹരിവിരുദ്ധ പ്രതിരോധ റാലിയോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന്, മാർ ജോസഫ് കുണ്ടുകുളം പാരിഷ് ഹാളിൽ ചേർന്ന പൊതുസമ്മേളനത്തിൽ തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അനിൽ അക്കര (മുൻ എം.എൽ.എ.) വിശിഷ്ടാതിഥിയായി. തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി. ടി. നാരായണൻ ഐ.പി.എസ്., തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് ഐ.പി.എസ്. എന്നിവർ മുഖ്യപ്രഭാഷണം നടത്തി.

ആഭ്യന്തരമന്ത്രി തൂഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ കരസ്ഥമാക്കിയ പേരാമംഗലം അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ എ.കെ. സുഗതനെ മന്ത്രി വേദിയിൽ ആദരിച്ചു. തൂഫാൻ തദ്ദേശത്തിന്റെ ഭാഗമായി നടത്തിയ പോസ്റ്റർ നിർമ്മാണ മത്സരത്തിലെയും പ്ലക്കാർഡ് നിർമ്മാണ മത്സരത്തിലെയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

തോളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ജനറൽ കൺവീനറുമായ പി.യു. ലിൻസൻ മാസ്റ്റർ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി കെ.യു. ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി വിശ്വംഭരൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ലീല രാമകൃഷ്ണൻ, അഡ്വ. പി.കെ. പ്രസാദ്, സാലിജ ടീച്ചർ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ പ്രിയ സുനിൽ, ലിസ ഫ്രാൻസിസ്, എൻ.പി. സരോജിനി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ അഡ്വ. ലൈജു സി. എടക്കളത്തൂർ, ബി.എഫ്.എച്ച്.സി. സൂപ്രണ്ട് ഡോ. തനൂജ എസ്., സെന്റ് ജോൺസ് എച്ച്.എസ്.എസ്. പ്രിൻസിപ്പൽ എം.ജെ. തോമസ്, ഹെഡ്മാസ്റ്റർ ടി.ജെ. സ്റ്റാർലിൻ ഷിന്റോ, ജനപ്രതിനിധികൾ, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.