ഓപ്പൺ ജിംനേഷ്യം നാടിന് സമർപ്പിച്ചു

 

മലപ്പുറം :  വളാഞ്ചേരി നഗരസഭയിലെ കരിങ്കല്ലത്താണി വേളികുളത്ത് നിർമാണം പൂർത്തീകരിച്ച ഓപ്പൺ ജിംനേഷ്യം പ്രൊഫ. ആബിബ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 11 ലക്ഷം രൂപ ചെലവഴിച്ചാണ് വ്യായാമ ഉപകരണങ്ങൾ സ്ഥാപിച്ചത്. എയർ വോക്കർ, സർഫ്ബോർഡ്, സൈക്കിൾ, ക്രോസ് ട്രെയിനർ, കൈവോക്കർ, തായ്ച്ചി സ്പിന്നർ, സ്റ്റാൻഡിങ് സീറ്റിങ് ട്വിസ്റ്റർ തുടങ്ങിയ വ്യായാമ ഉപകരണങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. കുടുംബശ്രീക്കാണ് കേന്ദ്രത്തിന്റെ നടത്തിപ്പു ചുമതല.

കോട്ടയ്ക്കൽ മണ്ഡലത്തിൽ രണ്ട് നഗരസഭകളിലും അഞ്ച് പഞ്ചായത്തുകളിലും ഓപ്പൺ ജിംനേഷ്യം കേന്ദ്രങ്ങൾ നിർമാണത്തിലാണ്. ഇതിനുമൊത്തം 90.42 ലക്ഷം രൂപയാണ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് വകയിരുത്തിയിട്ടുള്ളത്. കോട്ടയ്ക്കൽ ഉദ്യാനപാത, കുറ്റിപ്പുറം നിളയോരം പാർക്ക്, ഇരിമ്പിളിയം വലിയകുന്ന് പഞ്ഞനാട്ടുകുളം പരിസരം, എടയൂർ മണ്ണത്തുപറമ്പ് ഒടുങ്ങാട്ടുകുളത്തിനു സമീപം, പൊന്മള ചാപ്പനങ്ങാടി സ്‌കൂൾ പരിസരം, മാറാക്കര എസി നിരപ്പ് കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം എന്നിവിടങ്ങളിലാണു മറ്റു ജിംനേഷ്യം കേന്ദ്രങ്ങൾ സജ്ജമാക്കുന്നത്.

പരിപാടിയിൽ വളാഞ്ചേരി നഗരസഭാ അധ്യക്ഷൻ അഷ്റഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷർ, കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.