ജനകീയ പങ്കാളിത്തത്തോടെ സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നു: സ്പീക്കര്‍ എ എന്‍ ഷംസീര്‍

 

കൊല്ലം : കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനകീയ പങ്കാളിത്തത്തോടെയാണ് സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതെന്ന് നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീര്‍. ഏരൂര്‍ ഗ്രാമപഞ്ചായത്ത് മണലിപ്പച്ചയില്‍ നിര്‍മിച്ച കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കുന്നതിലുപരി മികച്ച നിലയില്‍ ദീര്‍ഘാകാലം പരിപാലിക്കുക കൂടി ചെയ്യാന്‍ അധികൃതര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ത്രിതല പഞ്ചായത്തുകള്‍ അനുവദിച്ച 75 ലക്ഷം രൂപ ഉപയോഗിച്ചാണ് മണലിപ്പച്ചയില്‍ കമ്മ്യൂണിറ്റി ഹാള്‍ നിര്‍മാണം പൂര്‍ത്തീകരിച്ചത്. മണലിപ്പച്ച പഞ്ചായത്ത് വക സ്ഥലത്ത്  ഗ്രാമപഞ്ചായത്ത് 35 ലക്ഷം രൂപ ചിലവഴിച്ചു കളിസ്ഥലവും നിര്‍മിക്കും. കമ്മ്യൂണിറ്റി ഹാളിന്റെ വിപുലീകരണത്തിന് ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.

പരിപാടിയില്‍ പി എസ് സുപാല്‍ എം എല്‍ എ അധ്യക്ഷനായി. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാരാജേന്ദ്രന്‍, ഏരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി അജയന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ഷാജി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്നു വിനോദ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജി അജിത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷൈന്‍ ബാബു, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി രാജി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.