മലവെള്ളപാച്ചിലില്‍ തകര്‍ന്ന റോഡുകളില്‍ ഗതാഗതംപുന:സ്ഥാപിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്

 

കോളയാട്: മലവെള്ളപാച്ചിലില്‍ റോഡുകള്‍ തകര്‍ന്നതു കാരണം വയനാട്ടിലേക്കും കൊട്ടിയൂരിലേക്കുമുള്ള യാത്രാമാര്‍ഗം വഴിമുട്ടി.  ഇലക്ട്രിക്ക് പോസ്റ്റുകള്‍ തകര്‍ന്നതു കാരണം വൈദ്യുത ബന്ധം പലയിടങ്ങളിലും അറ്റുപോയത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും തടസമായിട്ടുണ്ട്. 

നെടുപൊയില്‍-മാനന്തവാടി റോഡില്‍ മൂന്ന് കിലോ മീറ്ററോളം ദൂരത്ത് റോഡ് തകര്‍ന്ന് ഗതാഗതം ഇ മുടങ്ങി. ഇവിടെ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും തീവ്രശ്രമം ശുദ്ധകാലടിസ്ഥാനത്തില്‍ നടന്നുവരികയാണ്. വയനാട്ടിലേക്കുള്ള ബദല്‍ മാര്‍ഗമായി പാല്‍ചുരം റോഡ് ഉപയോഗിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഉരുള്‍പൊട്ടി ഗതാഗതം പൂര്‍ണമായി നിര്‍ത്തിവെച്ച നിടുംപൊയില്‍-മാനന്തവാടി റോഡില്‍ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ ഊര്‍ജിതമായി നടക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

കണ്ണൂര്‍, വയനാട് പൊതുമരാമത്ത് വകുപ്പുകള്‍ സഹകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. ചന്ദ്രന്‍ തോടിന് താഴെ മൂന്ന് കിലോ മീറ്ററോളം റോഡാണ് മണ്ണിടിച്ചിലില്‍ തകര്‍ന്നത്. 
മണ്ണ് നീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ബുധനാഴ്ചയോടെ ഭാഗികമായെങ്കിലും ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.