തൃശ്ശൂരിൽ ധനകാര്യ സ്ഥാപനത്തില്‍ നിന്ന്  ദമ്പതികള്‍ പണം തട്ടി മുങ്ങി;100 കോടി നഷ്ടം

 

തൃശൂര്‍: വിവിധ കേന്ദ്രങ്ങളില്‍ നിക്ഷേപത്തട്ടിപ്പു നടത്തി മുങ്ങുന്നവരുടെ എണ്ണമേറുന്നു. പ്രവീണ്‍റാണ 150 കോടിയുടെ നിക്ഷേപത്തട്ടിപ്പു നടത്തിയതിന്റെ ചൂടാറും മുമ്പാണ് നഗരമധ്യത്തില്‍ പുതിയ തട്ടിപ്പ്.തൃശൂര്‍ പി.ഒ. റോഡിലെ ധനകാര്യ സ്ഥാപനത്തില്‍ 100 കോടി രൂപയുടെ നിക്ഷേപം അടിച്ചുമാറ്റി ഉടമയുടെ കുടുംബം മുങ്ങി. ഇതോടെ പോലീസിനു തലവേദനയേറി.

ദമ്പതികളും രണ്ട് ആണ്‍ മക്കളും ചേര്‍ന്ന് നാട്ടുകാരുടെ 100 കോടിയോളം രൂപയാണ് പറ്റിച്ചത്. നാലുപേരേയും പോലീസ് തെരയുന്നു. പലവിധത്തില്‍ സ്വരൂപിച്ച സംഖ്യ നഷ്ടപ്പെട്ട സാധാരണക്കാരാണ് ഇരകള്‍.
വടൂക്കര സ്വദേശി പി.ഡി.ജോയി ധനവ്യവസായം എന്ന പേരില്‍ തുടങ്ങിയ പണമിടപാട് സ്ഥാപനമാണ് ഷട്ടറിട്ടത്. ഭാര്യ റാണിയും സജീവമായി ഇടപെട്ടിരുന്നു. ധനകാര്യ സ്ഥാപനത്തില്‍ കൂടിയ പലിശ കിട്ടുമെന്ന വാഗ്ദാനത്തില്‍ കുരുങ്ങി പണം നിക്ഷേപിച്ചവരാണ് ചതിയില്‍ പെട്ടത്.

70 വര്‍ഷമായി ധനകാര്യ സ്ഥാപനം നടത്തിവരുന്ന കുടുംബമാണ് നടത്തിപ്പുകാര്‍. അതിനാല്‍ നാട്ടുകാര്‍ സംശയിക്കാതെ നിക്ഷേപിച്ചു. ചിലര്‍ക്ക് 15 % വരെയാണ് പലിശ വാഗ്ദാനം നല്‍കിയത്. 25 ലക്ഷം രൂപവരെ നിക്ഷേപിച്ചവരുണ്ട്. പലരും റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ മുഴുവനായി ഇവിടെ നല്‍കി. പരാതിയുണ്ടായി മൂന്നുദിവസം പിന്നിട്ടിട്ടും അന്വേഷണം ഇഴയുകയാണെന്ന് നിക്ഷേപകര്‍ പരാതിപ്പെട്ടു.
തൃശൂര്‍ നഗരത്തിനടുത്ത അരണാട്ടുകര, വടൂക്കര എന്നീ  പ്രദേശങ്ങളിലെ ആളുകളാണ് ഭൂരിഭാഗം നിക്ഷേപകരും. സാധാരണക്കാര്‍ മുതല്‍ വലിയ ബിസിനസുകാര്‍ വരെ രണ്ടാമതൊന്നാലോചിക്കാതെ ലക്ഷങ്ങള്‍ നല്‍കി. എട്ടും പത്തും വര്‍ഷമായി മുടങ്ങാതെ പലിശ വാങ്ങിയവരുമുണ്ട്. വടൂക്കരയിലെ മിക്കയാളുകളേയും സ്ഥാപനത്തില്‍ ബന്ധപ്പെടുത്തിയിരുന്നു.

നിക്ഷേപതുക കൂടുതലാണെങ്കില്‍ പലിശയും കൂടുമെന്നായിരുന്നു വാഗ്ദാനം. 15 മുതല്‍ 18 ശതമാനം വരെ പലിശ പലരുടേയും നിക്ഷേപത്തെ ആകര്‍ഷിച്ചു. ഒരു ബാങ്കിലും ഇത്ര ഉയര്‍ന്ന പലിശ നിരക്ക് കിട്ടില്ല. അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചാല്‍ പ്രതിമാസം 8,500 രൂപയായിരുന്നു വരുമാനം. ഇതില്‍ പലരും വീണു. സ്ഥലം വിറ്റും വിരമിച്ച ആനുകൂല്യം നല്‍കിയും മാസവരുമാനം ഉറപ്പിച്ചവരേറെയാണ്. സ്ഥാപന ഉടമ ജോയിയും കുടുംബവും ആഡംബര ജീവിതമായിരുന്നു നയിച്ചത്. വീട്ടുമുറ്റത്തെ ആഘോഷത്തിന് സംസ്ഥാനത്തെ ഏറ്റവും വലിയ സംഗീത ബാന്‍ഡിനെ കൊണ്ടുവന്നു. ആഡംബരവാഹനങ്ങളും ഇവര്‍ സ്വന്തമാക്കി. ഇടയ്ക്കിടക്ക് കാറുകള്‍ മാറ്റി വാങ്ങും. രണ്ട് പടുകൂറ്റന്‍ വീടുകളും കമ്പനിയുടമകള്‍ക്ക് സ്വന്തം.

നിക്ഷേപങ്ങള്‍ മറ്റുള്ളവര്‍ക്ക് കൊള്ള പലിശയ്ക്ക് നല്‍കി ലാഭം ഇരട്ടിപ്പിക്കുന്നതായി ഇവര്‍ നാട്ടുകാരെ വിശ്വസിപ്പിച്ചു. പലരില്‍ നിന്നും തുക വാങ്ങി ആരംഭിച്ച ബിസിനസുകള്‍ ഇതിനിടെ തകര്‍ന്നു. ഇതോടെ ഇടപാടുകളുടെ താളം തെറ്റി. അതിനിടെ വീട് പൂട്ടി കുടുംബവുമായി മുങ്ങി. ദമ്പതികള്‍ക്കും മക്കള്‍ക്കും എതിരെ 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തട്ടിപ്പിന്റെ വ്യാപ്തി കൂടുമെന്നാണ് പോലീസ് പറയുന്നത്. കമ്പനിയുടമയുടെ ഭാര്യയേയും ഇടപാടുകളില്‍ ഉള്‍പ്പെടുത്തിയിരുന്നതിനാല്‍ നിക്ഷേപകരുടെ വിശ്വാസവും ഏറി.