കൊച്ചിയിൽ എൻഡിഡിബി സഹകരണത്തിൽ അത്യാധുനിക ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറിയുമായി മിൽമ

മിൽമ (കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്) ദേശീയ ക്ഷീരവികസന ബോർഡുമായി(എൻഡിഡിബി) സഹകരിച്ച് കൊച്ചിയിൽ  ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറി ആരംഭിക്കുന്നു.

 

കൊച്ചി: മിൽമ (കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്) ദേശീയ ക്ഷീരവികസന ബോർഡുമായി(എൻഡിഡിബി) സഹകരിച്ച് കൊച്ചിയിൽ  ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറി ആരംഭിക്കുന്നു. മിൽമ എറണാകുളം മേഖല യൂണിയന്റെ ഇടപ്പള്ളി ഓഫീസിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന എൻഡിഡിബി കാഫ്(സെന്റർ ഫോർ അനാലിസിസ് ആൻഡ് ലേണിംഗ് ഇൻ ലൈവ്സ്റ്റോക് ആൻഡ് ഫുഡ്- സിഎഎൽഎഫ്) ലാബിന്റെ ഉദ്ഘാടനം ജനുവരി 17 ശനിയാഴ്ച രാവിലെ 11.30 മണിക്ക് ബഹു. കേന്ദ്ര മത്സ്യബന്ധന-മൃഗസംരക്ഷണ-ക്ഷീരവികസന-ന്യൂനപക്ഷ വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ നിർവ്വഹിക്കും.

സംസ്ഥാന മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി ജെ. ചിഞ്ചുറാണി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ എംപി, എൻഡിഡിബി ചെയർമാൻ മീനേഷ് ഷാ, മിൽമ ഫെഡറേഷൻ ചെയർമാൻ കെ എസ് മണി തുടങ്ങിയവർ സംബന്ധിക്കും.

ലക്ഷക്കണക്കിന് ക്ഷീരകർഷകരുടെ വിശ്വാസ്യത ഊട്ടിയുറപ്പിക്കുന്നതിനു വേണ്ടിയാണ് എൻപിഡിഡി പ്രൊജക്ടിന്റെ ധനസഹായത്തോടെ മിൽമ സ്റ്റേറ്റ് സെൻട്രൽ ലബോറട്ടറി ഇടപ്പള്ളി കാമ്പസിൽ നിർമ്മിച്ചതെന്ന് ഇ.ആർ.സി.എം.പി.യു ചെയർമാൻ സി.എൻ. വത്സലൻ പിള്ള പറഞ്ഞു. 2023 ൽ ഈ ലാബിന്റെ പ്രവർത്തനം എൻഡിഡിബി കാഫിന് കൈമാറി.

തുടക്കത്തിൽ പാലിന്റെയും പാലുൽപ്പന്നങ്ങളുടെയും ഗുണനിലവാരം ഉറപ്പിക്കുന്നതിനുള്ള പരിശോധനകളാണ് നടത്തുന്നത്. ഘട്ടം ഘട്ടമായി സേവനങ്ങൾ വിപുലീകരിച്ച് പഴം-പച്ചക്കറി, മസാലകൾ, ബേക്കറി ഉല്പന്നങ്ങൾ റെഡി ടു ഈറ്റ് ഭക്ഷണം, മത്സ്യം, മറ്റ് ഭക്ഷ്യോത്ല്പന്നങ്ങളുടെയും പരിശോധനാ സംവിധാനങ്ങളും ആരംഭിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

എൻഎബിഎൽ(നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബറേഷൻ ലബോറട്ടറീസ്) അംഗീകാരം കാഫ് ലാബിന് ലഭിച്ചിട്ടുണ്ടെന്ന് എൻ.ഡി.ഡി.ബി. കാഫ് മാനേജിംഗ് ഡയറക്ടർ ഡോ. രാജേഷ് നായർ പറഞ്ഞു. കൂടാതെ എഫ്എസ്എസ്എഐയുടെ(ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡാർഡ് അതോറിറ്റി ഓഫ് ഇന്ത്യ) പ്രാഥമിക ഭക്ഷ്യപരിശോധനാ ലബോറട്ടറിയായും ഇതിനെ അംഗീകരിച്ചിട്ടു കണ്ടെന്ന് അദ്ദേഹം അറിയിച്ചു.

അത്യാധുനിക പരിശോധനാ ഉപകരണങ്ങളും മികച്ച സൗകര്യങ്ങളുമാണ് ലാബിൽ ഒരുക്കിയിട്ടുള്ളത്. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള വിവിധ വകുപ്പുകൾക്കും, അനുബന്ധ സ്ഥാപനങ്ങൾക്കും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതുമായ ബന്ധപ്പെട്ട പരിശോധനകൾക്ക് മുൻഗണന നൽകും.ഇ.ആർ.സി.എം.പി.യു മാനേജിംഗ് ഡയറക്ടർ വിൽസൺ ജെ. പുറവക്കാട്ടും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.