ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂരിൽ വൻ ലഹരി വേട്ട

ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂരിൽ വൻ ലഹരി വേട്ട. പത്ത് ലക്ഷത്തിലേറെ രൂപാ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ, കഞ്ചാവ്, ഹെറോയിൻ എന്നിവ പിടികൂടി. പെരുമ്പാവൂർ പോലീസും ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സംഘവും ചേർന്ന് നടത്തിയ
 

പെരുമ്പാവൂർ: ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂരിൽ വൻ ലഹരി വേട്ട. പത്ത് ലക്ഷത്തിലേറെ രൂപാ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ, കഞ്ചാവ്, ഹെറോയിൻ എന്നിവ പിടികൂടി. പെരുമ്പാവൂർ പോലീസും ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടികൂടിയത്.  

പെരുമ്പാവൂർ ജ്യോതി ജംഗ്ഷനിലെ കടകളുടെ മുകൾത്തട്ടിൽ ഉള്ള രഹസ്യ  അറകളിൽ  നിന്നാണ് പത്ത് ലക്ഷം രൂപ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് ആസാം നൗഗാവ് സ്വദേശികളായ ആരിഫുൽ ഇസ്ലാം (18), മൻജൂറിൽ ഹഖ് (18), അലി ഹുസൈൻ (20) എന്നിവരെപിടികൂടി. 

പെരുമ്പാവൂർ ഫിഷ്  മാർക്കറ്റ് ഭാഗത്തുനിന്ന്കഞ്ചാവുമായി ആസാം നൗഗാവ് സ്വദേശി നജ്മുൽ ഹഖ് (27) പിടിയിലായി. കുന്നത്തുനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ലാപ് ടോപ് മോഷ്ടിച്ചതിന് ആറുമാസത്തെ ജയിൽ ശിക്ഷ അനുഭവിച്ച പ്രതിയാണ് ഇയാൾ. പെരുമ്പാവൂർ കാളച്ചന്ത  ഭാഗത്ത് ഒരു ബിൽഡിങ്ങിലെ റൂമിൽ നിന്നും അഞ്ചുകുപ്പി ഹെറോയിനുമായി നൗഗാവ് സ്വദേശി ഖൈറുൽ ഇസ്ലാം (34) അറസ്റ്റിലായി. 

കണ്ണന്തറ ഭാഗത്തുള്ള ബംഗാൾ കോളനിയിൽ നിന്ന് മയക്കുമരുന്ന് ഉപയോഗിച്ച ഒരു മലയാളി യുവാവിനെയും ബിവറേജ് ഭാഗത്ത് പരസ്യമായി മദ്യപിച്ച വരെയും പിടികൂടി. പെരുമ്പാവൂർ പട്ടണത്തിൽ കഞ്ചാവ് വലിച്ചു കൊണ്ടിരുന്നവരും കസ്റ്റഡിയിലായി. 

മഞ്ഞപ്പെട്ടി ഭാഗത്ത് പണം വച്ച് ചീട്ടുകളിയിലേർപ്പെട്ട മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികളെ പിടികൂടി. ഇവരിൽ നിന്ന് ആറായിരം രൂപയും കണ്ടെടുത്തു. ഇതിൻ്റെ ഭാഗമായി പതിനേഴ് കേസുകൾ പെരുമ്പാവൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു. എസ്.ഐമാരായ റിൻസ് എം തോമസ്, പി.എം റാസിക് ആൽബിൻ സണ്ണി, ടി.എസ് സനീഷ്, എ.എസ്.ഐ  പി എ അബ്ദുൽ മനാഫ്, സീനിയർ സി പി ഒ മാരായ മനോജ് കുമാർ , ബെന്നി ഐസക്ക് എന്നിവരുൾപ്പെടുന്ന പോലീസ് ടീം സംഘം തിരിഞ്ഞാണ് പരിശോധന നടത്തിയത്. 

രാവിലെ ആരംഭിച്ച റെയ്ഡ് വൈകുവോളം നീണ്ടു. നേരത്തെ നടത്തിയ പരിശോധനകളിൽ അമ്പതു ലക്ഷത്തിലേറെ രൂപയുടെ ലഹരി വസ്തുക്കൾ പെരുമ്പാവൂരിൽ നിന്ന് പോലീസ് പിടികൂടിയിരുന്നു. വരും ദിവസങ്ങളിലും പരിശോധന തുടരും .