പാശ്ചാത്യമാകാൻ കൊതിക്കുന്ന ഇന്ത്യ നിരാശപ്പെടുത്തുന്നു: മരീന അബ്രമോവിച്ച്
സ്വന്തം പൈതൃകവും സംസ്കൃതിയും മറന്ന് പാശ്ചാത്യമൂല്യങ്ങൾക്ക് പിന്നാലെ പോകുന്ന ഇന്ത്യ തന്നെ പ്രചോദിപ്പിക്കുന്നില്ലെന്ന് ലോകപ്രശസ്ത പെർഫോർമിംഗ് ആർട്ടിസ്റ്റ് മരീന അബ്രമോവിച്ച് പറഞ്ഞു.
കൊച്ചി: സ്വന്തം പൈതൃകവും സംസ്കൃതിയും മറന്ന് പാശ്ചാത്യമൂല്യങ്ങൾക്ക് പിന്നാലെ പോകുന്ന ഇന്ത്യ തന്നെ പ്രചോദിപ്പിക്കുന്നില്ലെന്ന് ലോകപ്രശസ്ത പെർഫോർമിംഗ് ആർട്ടിസ്റ്റ് മരീന അബ്രമോവിച്ച് പറഞ്ഞു. കൊച്ചി-മുസിരിസ് ബിനാലെയിലെ തന്റെ കലാപ്രതിഷ്ഠകളെക്കുറിച്ച് പ്രഭാഷണം നടത്താനായി കൊച്ചിയിലെത്തിയ അവർ മാധ്യമങ്ങളോട് സംസാരിക്കുകായിയിരുന്നു.
1979 ലെ ഇന്ത്യാ സന്ദർശനത്തിൽ ബോധഗയ സന്ദർശിച്ചതിലൂടെയാണ് ജീവിതത്തിൽ എന്തു ചെയ്യണമെന്ന ചിന്ത തനിക്കുണ്ടായതെന്ന് അവർ പറഞ്ഞു. ഇന്നത്തെ ഇന്ത്യ എങ്ങിനെയാണ് പ്രചോദിപ്പിക്കുന്നതെന്ന ചോദ്യത്തിന് അവരുടെ ഉത്തരം ബിഗ് നോ എന്നായിരുന്നു. അന്ധമായി പാശ്ചാത്യസംസ്ക്കാരത്തിലേക്ക് പോകാനാണ് ഇന്നത്തെ ഇന്ത്യ ശ്രമിക്കുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി. സിനിമ, സാഹിത്യം, സംഗീതം എന്നിവയിലെല്ലാം സ്വന്തം രാജ്യത്തുള്ള നിധി കാണാതെ വിദേശത്തേക്ക് കാഴ്ചപായിക്കുകയാണെന്ന് അവർ പറഞ്ഞു.
സംസ്കൃതമെന്ന ഭാഷയും അതിലെ അമൂല്യമായ അറിവുകളും ഉപയോഗപ്പെടുത്താൻ ഇന്നത്തെ തലമുറ ശ്രമിക്കണം. ഭൂലോകത്തിന്റെ അമ്മയാണ് ഇന്ത്യയെന്ന് അവർ പറഞ്ഞു.
പ്രകടനകലയെന്നത് വർത്തമാനകാലത്തിന്റെ അവതരണമാണ്. പൊതുജനസമക്ഷത്തിൽ പ്രകടനകല നടത്തുമ്പോൾ നൂറ് ശതമാനവും അതിന് നൽകാൻ ശ്രമിക്കണം. ബിനാലെ വേദിയായ ഐലൻഡ് വെയർഹൗസിലെ വാട്ടർഫാൾ എന്ന കലാപ്രതിഷ്ഠ അഞ്ച് വർഷമെടുത്താണ് പൂർത്തിയാക്കിയതെന്ന് അവർ പറഞ്ഞു. ബുദ്ധമതത്തിന്റെ തത്വങ്ങൾ അന്വേഷിച്ച് തിബറ്റിലെത്തിയപ്പോളാണ് തനിക്ക് ഈ കലാസൃഷ്ടിയുടെ പ്രചോദനം ഉണ്ടായതെന്ന് അവർ ചൂണ്ടിക്കാട്ടി.
ബുദ്ധ സൂക്തങ്ങൾ മലവെള്ളപ്പാച്ചിൽ പോലെയാണ് തനിക്ക് തോന്നിയത്. അതിൽ നിന്നാണ് വാട്ടർഫാൾ എന്ന കലാസൃഷ്ടി രൂപപ്പെട്ടത്. കൂറ്റൻ സ്ക്രീനിമുന്നിലിരുന്നാൽ കേൾക്കുന്ന സൂക്തങ്ങൾ വെള്ളച്ചാട്ടത്തിലെത്തിയതു പോലെ തോന്നും. അത് ദിവ്യമായ അനുഭൂതിയാണെന്നും മറീന ചൂണ്ടിക്കാട്ടി. പ്രകടനകലാകാരൻ പരിചിതമല്ലാത്ത പ്രതലത്തിൽ നടക്കുന്ന കുട്ടിയെപ്പോലെയാണ്. മനസ്സുും ആത്മാവും എവിടെയാണെന്ന് അറിയുന്നതിനു വേണ്ടിയുള്ള യാത്രയാണ് കലയെന്നും അവർ പറഞ്ഞു.
ജവഹർലാൽ നെഹൃവും യൂഗോസ്ലാവിയൻ പ്രസിഡന്റ് ജോസഫ് ബ്രൂസ് ടിറ്റോയും തമ്മിലുള്ള സൗഹൃദത്തിൽ നിന്ന് കുട്ടിക്കാലത്ത് തന്നെ ഇന്ത്യയെക്കുറിച്ച് മനസിലാക്കിത്തുടങ്ങിയെന്ന് അവർ ചൂണ്ടിക്കാട്ടി. പെയിന്റിംഗിലാണ് ആദ്യം സൃഷ്ടികൾ ആവിഷ്കരിച്ച് തുടങ്ങിയത്. സ്വപ്നത്തിൽ കണ്ട ദൃശ്യങ്ങളാണ് പകർത്തിയിരുന്നത്. പിന്നീട് മേഘങ്ങളില്ലാത്ത ആകാശത്ത് കൂടി തലങ്ങും വിലങ്ങും പറന്ന പോർവിമാനങ്ങളുടെ കാഴ്ചയാണ് തന്നെ വേറിട്ട് ചിന്തിപ്പിച്ചതെന്നും അവർ പറഞ്ഞു. ജീവിതത്തിന്റെ നശ്വരതയിൽ നിന്നാണ് പ്രകടനകലയിലേക്കെത്തിയതെന്നും അവർ പറഞ്ഞു.
തന്റെ പ്രകടനകലയിലെ നഗ്നത ഒരിക്കലും അശ്ലീലമല്ലെന്ന് അവർ പറഞ്ഞു. പ്ലാനറ്റിലെ അമ്മയാണ് ഇന്ത്യ. അഞ്ച് വർഷം കൊണ്ടാണ് വാട്ടർഫാൾ നിർമ്മിച്ചത്. കല, സാഹിത്യം, അശ്ലീലം എന്നിവയ്ക്കിടയിൽ നേർത്ത രേഖ മാത്രമാണുള്ളതെന്നും അവർ പറഞ്ഞു.
കൊച്ചി-മുസിരിസ് ബിനാലെ ആറാം ലക്കത്തിന്റെ ക്യൂറേറ്റർ നിഖിൽ ചോപ്ര മറീനയെ സദസ്സിന് പരിചയപ്പെടുത്തി. കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ഗോൾഡ് ആർട്ടിസ്റ്റ് പേട്രൺ മേഹ പട്ടേലും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.