കോതമംഗലത്ത് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

തിരുവല്ല സ്വദേശി ബിയോൺ, തിരുവനന്തപുരം സ്വദേശി ഹരീഷ്, കോട്ടയം സ്വദേശി അതുൽ എന്നിവരാണ് അപകടത്തിൽ മരിച്ചത്.

 

കോതമംഗലം : വടാട്ടുപാറ പലവൻപടി പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് ദന്തൽ കോളേജ് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. തിരുവല്ല സ്വദേശി ബിയോൺ, തിരുവനന്തപുരം സ്വദേശി ഹരീഷ്, കോട്ടയം സ്വദേശി അതുൽ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ഒൻപതംഗ വിദ്യാർത്ഥി സംഘം പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ മൂവരെയും കണ്ടെത്തി ഉടൻ തന്നെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വനമേഖലയിലൂടെ ഒഴുകുന്ന ഈ പുഴയിൽ ആഴമേറിയ കയങ്ങളും ശക്തമായ ഒഴുക്കുമുള്ളതിനാൽ ഇവിടം അപകടമേഖലയായി നേരത്തെ തന്നെ അടയാളപ്പെടുത്തിയിട്ടുള്ളതാണ്. അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സന്ദർശകർ പലപ്പോഴും ഇത് അവഗണിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. രണ്ടാഴ്ച മുൻപ് ഇതേ പുഴയുടെ മറ്റൊരു ഭാഗത്ത് മൂന്ന് നഴ്സിങ് വിദ്യാർത്ഥികളും സമാനമായ രീതിയിൽ ഒഴുക്കിൽപ്പെട്ട് മരിച്ചിരുന്നു.