കൊച്ചി-മുസിരിസ് ബിനാലെയുടെ പ്രചാരണവുമായി കൊച്ചി വാട്ടർ മെട്രോ

ഹൈകോർട്ട് വാട്ടർമെട്രോയിൽ നിന്ന് മട്ടാഞ്ചേരിയിലേക്കും ഫോർട്ട് കൊച്ചിയിലേക്കുമുള്ള വാട്ടർമെട്രോ യാത്രതന്നെ കൊച്ചി-മുസിരിസ് ബിനാലെയുടെ ദൃശ്യാനുഭവമായി മാറുന്നു.

 

കൊച്ചി: ഹൈകോർട്ട് വാട്ടർമെട്രോയിൽ നിന്ന് മട്ടാഞ്ചേരിയിലേക്കും ഫോർട്ട് കൊച്ചിയിലേക്കുമുള്ള വാട്ടർമെട്രോ യാത്രതന്നെ കൊച്ചി-മുസിരിസ് ബിനാലെയുടെ ദൃശ്യാനുഭവമായി മാറുന്നു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ വാട്ടർ മെട്രോയുമായി സഹകരിച്ച് നഗരത്തിന്റെ പൊതുഗതാഗത ശൃംഖലയെ ബിനാലെയുടെ ദൃശ്യാവിഷ്കാരങ്ങളുടെ പ്രചാരണമാക്കുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

"ഫോർ ദ ടൈം ബീയിംഗ്" എന്ന പ്രമേയത്തിൽ നടക്കുന്ന ബിനാലെ ആറാം ലക്കത്തിൽ വാട്ടർ മെട്രോ ബോട്ടുകൾ സന്ദർശകരുടെ പ്രധാന ആകർഷണമായി മാറിക്കഴിഞ്ഞു. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, വെല്ലിംഗ്ടൺ ഐലൻഡ് എന്നിവിടങ്ങളിലെ ബിനാലെ വേദികളെ ബന്ധിപ്പിക്കുന്ന ഈ യാത്ര തന്നെ ബിനാലെയുടെ നേർക്കാഴ്ചയാക്കുന്നതിനായി ക്യു ആർ കോഡുകളും ബിനാലെയുടെ ചെറുവീഡിയോകളും നൽകിയതിലൂടെ സംഘാടകർ ശ്രമിക്കുന്നത്.

ഫോർട്ട് കൊച്ചി വാട്ടർ മെട്രോ ടെർമിനൽ തന്നെ നിലവിൽ ബിനാലെയുടെ 'എബിസി' (ആർട്ട് ബൈ ചിൽഡ്രൻ) പദ്ധതിയുടെ വേദിയാണ്. കുട്ടികൾക്കായി വിവിധ കലാരൂപങ്ങൾ പരിചയപ്പെടുത്തുന്ന വർക്ക്ഷോപ്പുകൾ ഇവിടെ നടക്കുന്നു.

വാട്ടർ മെട്രോയിലെ യാത്രയിലൂടെ ബിനാലെയിൽ എന്തൊക്കെയാണ് കാണാനുള്ളതെന്നതിന്റെ മുൻധാരണ ലഭിക്കുമെന്ന് കോഴിക്കോട് സ്വദേശിയായ ബൈജു ശ്രീധർ പറഞ്ഞു. സുസ്ഥിര ഗതാഗത സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കൊച്ചിയുടെ സാംസ്കാരിക ടൂറിസം വികസിപ്പിക്കാനും ഈ സഹകരണം സഹായിക്കുന്നുണ്ട്. സാധാരണ നഗരങ്ങളിൽ റോഡ് മാർഗ്ഗം ഗാലറികളിൽ നിന്ന് ഗാലറികളിലേക്ക് പോകുമ്പോൾ, കൊച്ചിയിൽ അത് ജലമാർഗത്തിലൂടെയാണെന്നത് കൊച്ചി ബിനാലെയുടെ പ്രത്യേകതയാണെന്ന് വിദേശ സന്ദർശകനായ അബിസ് ബിഷാര പറഞ്ഞു. കൊച്ചിയുടെ ഭൂപ്രകൃതിയും ചരിത്രവുമായുള്ള അഭേദ്യബന്ധമാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.