ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്‌സ്‌പോ 16ന് തുടങ്ങും

കേരള വ്യവസായ വകുപ്പിന്റേയും, കേന്ദ്ര എം.എസ്.എം.ഇ. മന്ത്രാലയത്തിന്റെയും സഹകരണത്തോടെ കേരള സ്റ്റേറ്റ് സ്‌മോൾ ഇൻഡസ്ട്രീസ് അസോസിയേഷനും, മെട്രോമാർട്ടും ചേർന്ന് സംഘടിപ്പിക്കുന്ന രണ്ടാമത് ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്‌സ്‌പോയും വ്യവസായി മഹാസംഗമവും 2026 ജനുവരി 16, 17, 18 തീയതികളിൽ കൊച്ചി അഡ്‌ലക്‌സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കും. ജനുവരി 16ന്, 10.30
 

കൊച്ചി: കേരള വ്യവസായ വകുപ്പിന്റേയും, കേന്ദ്ര എം.എസ്.എം.ഇ. മന്ത്രാലയത്തിന്റെയും സഹകരണത്തോടെ കേരള സ്റ്റേറ്റ് സ്‌മോൾ ഇൻഡസ്ട്രീസ് അസോസിയേഷനും, മെട്രോമാർട്ടും ചേർന്ന് സംഘടിപ്പിക്കുന്ന രണ്ടാമത് ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്‌സ്‌പോയും വ്യവസായി മഹാസംഗമവും 2026 ജനുവരി 16, 17, 18 തീയതികളിൽ കൊച്ചി അഡ്‌ലക്‌സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കും. ജനുവരി 16ന്, 10.30ന് എക്‌സ്‌പോയുടെ ഉദ്ഘാടനം സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കും.

ജനുവരി 18ന്, വൈകീട്ട് 5.30ന് എക്സ്പോയുടെ സമാപനവും വ്യവസായി മഹാസംഗമവും മുഖ്യമന്ത്രി പിണറായി വിജയൻ   ഉദ്ഘാടനം ചെയ്യും. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ മുഖ്യാതിഥിയാകും. സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് മുഖ്യപ്രഭാഷണം നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവരും വ്യവസായ സംഗമത്തിൽ പങ്കെടുക്കും.

ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ അന്താരാഷ്ട്ര വ്യവസായ എക്‌സ്‌പോയുടെ ഭാഗമായി അഞ്ഞൂറോളം സ്റ്റാളുകളിലായി അന്പത്തിനായിരത്തോളം ഉത്പന്നങ്ങൾ പരിചയപ്പെടുത്തും. പ്രമുഖ മെഷിനറി നിർമ്മാതാക്കൾ, അവരുടെ ഉത്പന്നങ്ങളും, നൂതന സാങ്കേതികവിദ്യകളും, മേളയിൽ പ്രദർശിപ്പിക്കും. എക്സ്പോയോട് അനുബന്ധിച്ച് എറണാകുളം പ്രസ് ക്ലബുമായി ചേർന്ന് 'ദൃശ്യതയിലൂടെ വിശ്വാസ്യതയിലേക്ക്: മാധ്യമങ്ങൾ ബിസിനസ്സ് വിജയത്തെ എങ്ങനെ രൂപപ്പെടുത്തുന്നു' എന്ന വിഷയത്തിൽ മാധ്യമസംഗമം നടക്കും. രണ്ടാം ദിവസം 'അടിസ്ഥാന തലത്തിൽ വ്യവസായ സൗഹൃദത്തിന്റെ പ്രായോഗിക നിർവ്വഹണവും ഭരണവും' എന്ന വിഷയത്തെ കേന്ദ്രീകരിച്ചു എക്സ്പോയിൽ സെമിനാർ നടക്കും. സെമിനാർ ഉദ്ഘാടനം സംസ്ഥാന തദേശസ്വയം ഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും.

കേരള വ്യവസായ വാണിജ്യ വകുപ്പിന്റെ കേരള പവലിയനും മേളയുടെ ഭാഗമായി ഒരുക്കും. വ്യവസായങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക്, മെഷിനറി നിർമ്മാതാക്കളുമായി ബന്ധപ്പെടുന്നതിനായുള്ള ഹെൽപ് ഡെസ്‌കുകൾ വായ്പകൾ എളുപ്പത്തിൽ ലഭ്യമാക്കാൻ സഹായിക്കുന്നതിനായി, വിവിധ ബാങ്കുകളുടെ ഹെൽപ്പ്‌ഡെസ്‌കുകൾ എന്നിവ ഉണ്ടാകും.

കേരളത്തിലെ 14 ജില്ലകളിൽ നിന്നായി കെ.എസ്.എസ്.ഐ.എ അംഗങ്ങളായ പതിനായിരത്തിലധികം വ്യവസായികളും, കെ.എസ്.എസ്.എ.ഐ അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടുള്ള പതിനെട്ട് വ്യവസായ-അനുബന്ധ മേഖലയിലെ വ്യവസായികളും, വ്യവസായി മഹാസംഗമത്തിന്റെ ഭാഗമാകും.

മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, എം.പിമാർ, എംഎൽഎമാർ, അഡീഷണൽ ചീഫ് സെക്രട്ടറി, കേന്ദ്ര എംഎസ്എംഇ ഡയറക്ടർ, വ്യവസായ വാണിജ്യ ഡയറക്ടർ, തൃശൂർ എംഎസ്എംഇ ഡയറക്ടർ, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥന്മാർ, വ്യവസായ ബിസിനസ് പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുക്കും. എക്സ്പോയുടെ ഭാഗമായി സെമിനാറുകൾ, ചർച്ചകൾ, വെണ്ടർ ഡെവലപ്മെന്റ് പ്രോഗ്രാമുകൾ എന്നിവയും സംഘടിപ്പിക്കും.
 
പ്രവേശനം സൗജന്യം. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി www.iiie.in , ഫോൺ 9947733339 /9995139933, ഇമെയിൽ - info@iiie.in.
കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡന്റ് എ. നിസാറുദ്ദീൻ, ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ കെ. പി. രാമചന്ദ്രൻ നായർ, ജനറൽ സെക്രട്ടറി ജോസഫ് പൈകട, ട്രഷറർ ബി. ജയകൃഷ്‌ണൻ, എക്പോ സി.ഇ.ഒ. സിജി നായർ, ജോയിന്റ് സെക്രട്ടറി എ വി അൻവർ, സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പി. ജെ ജോസ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എൻ. പി. ആന്റണി, നോർത്ത് സോൺ ജോയിന്റ് സെക്രട്ടറി കെ. വി. അൻവർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.