തദ്ദേശീയ മേഖലയിലെ കര്‍ഷകര്‍ക്ക് സുസ്ഥിര വരുമാനം: മത്സ്യസംസ്ക്കരണ മേഖലയിലെ സാധ്യതകള്‍ പരിചയപ്പെടുത്തി കുടുംബശ്രീ
തദ്ദേശീയ മേഖലയിലെ മത്സ്യകര്‍ഷകര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് പുതിയ പരിശീലന പദ്ധതിയുമായി കുടുംബശ്രീ. ഈ മേഖലയിലെ വനിതാ കര്‍ഷകരുടെ സാമ്പത്തിക ഉന്നമനമാണ് ലക്ഷ്യം
തിരുവനന്തപുരം: തദ്ദേശീയ മേഖലയിലെ മത്സ്യകര്‍ഷകര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് പുതിയ പരിശീലന പദ്ധതിയുമായി കുടുംബശ്രീ. ഈ മേഖലയിലെ വനിതാ കര്‍ഷകരുടെ സാമ്പത്തിക ഉന്നമനമാണ് ലക്ഷ്യം. ഇതിനായി തദ്ദേശീയ മേഖലയില്‍ നിന്നും മത്സ്യക്കൃഷി ചെയ്യുന്ന കര്‍ഷകരെ കണ്ടെത്തി മത്സ്യങ്ങളില്‍ നിന്നും വിവിധ മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ നിര്‍മാണത്തില്‍ പരിശീലനം നല്‍കി വരികയാണ്. നിലവില്‍ തിരുവനന്തപുരം ജില്ലയിലെ 21 കര്‍ഷകരുടെ പരിശീലനം പൂര്‍ത്തിയായി. കോട്ടയം,തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ ഉടന്‍ പരിശീലനം ആരംഭിക്കും.
കൊച്ചി ഐ.സി.എ.ആര്‍-സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ നേതൃത്വത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. മൂന്നു ദിവസത്തെ പരിശീലനമാണ് മത്സ്യകര്‍ഷകര്‍ക്ക് നല്‍കുക. ഇതില്‍ വിവിധയിനം മത്സ്യ സംസ്ക്കരണ സാധ്യതകളില്‍ അവബോധം നല്‍കും. കൂടാതെ വിപണിയില്‍ ഏറെ ആവശ്യകതയുള്ള മീന്‍ അച്ചാറുകള്‍, കട്ട്ലറ്റുകള്‍, ഫിംഗറുകള്‍, ബോള്‍, ബര്‍ഗര്‍, ഫിഷ് സോസേജ്, ഫിഷ് മോമോസ് എന്നിവയടക്കം വിവിധ മൂല്യവര്‍ധിത ഉല്‍പന്ന നിര്‍മാണത്തിലും വിദഗ്ധ പരിശീലനം നല്‍കും. ഒപ്പം സംസ്കരിച്ച മത്സ്യം ഉപയോഗിച്ച് റെഡി-ടു-കുക്ക്, റെഡി-ടു-ഈറ്റ് ഉല്‍പന്നങ്ങള്‍ തയ്യാറാക്കുന്ന വിധം, അസംസ്കൃത മത്സ്യത്തില്‍ നിന്നും മത്സ്യം വൃത്തിയാക്കല്‍, മാംസം വേര്‍തിരിക്കല്‍ എന്നിവ ഉള്‍പ്പെടുന്ന പ്രീ പ്രോസസിങ്ങ്, മത്സ്യ സംസ്ക്കരണ മാലിന്യങ്ങളില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പന്ന നിര്‍മാണം, ഉല്‍പന്നങ്ങളുടെ ശാസ്ത്രീയമായ പാക്കേജിങ്ങ് ടെക്നിക്കുകള്‍, ലേബലിങ്ങ്, ഉണക്ക മത്സ്യം വിപണനത്തിനായി തയ്യാറാക്കുന്ന രീതികള്‍, വിവിധ ഭക്ഷ്യ സംസ്ക്കരണ രീതികള്‍, സംരംഭകത്വവും ബിസിനസ് വികസനവും തുടങ്ങി വിവിധ മേഖലകളിലാണ് കര്‍ഷകര്‍ക്ക് ശാസ്ത്രീയവും സാങ്കേതികവുമായ പരിശീലനം നല്‍കുക.
വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്ന കര്‍ഷകര്‍ക്ക് സംരംഭമാതൃകയില്‍ സ്വയംതൊഴില്‍ ആരംഭിക്കുന്നതിനും കുടുംബശ്രീ പിന്തുണ നല്‍കും. വിപണി സാധ്യതകളും ഉറപ്പു വരുത്തും.