ആഘോഷത്തിൻ്റെ പുഞ്ചിരി തീർത്ത് ക്രൗൺ പ്ലാസ കൊച്ചി; ആശ്വാസ ഭവനിലെ കുട്ടികൾക്കൊപ്പം ക്രിസ്തുമസിനുള്ള കേക്ക് മിക്സിങ്ങിന് ആവേശത്തുടക്കം
പ്രൗഢഗംഭീരമായ കേക്ക് മിക്സിങ്ങ് ചടങ്ങുകളോടെ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കമിട്ട് ക്രൗൺ പ്ലാസ കൊച്ചി. മട്ടാഞ്ചേരിയിലെ ആശ്വാസ ഭവൻ
കൊച്ചി: പ്രൗഢഗംഭീരമായ കേക്ക് മിക്സിങ്ങ് ചടങ്ങുകളോടെ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കമിട്ട് ക്രൗൺ പ്ലാസ കൊച്ചി. മട്ടാഞ്ചേരിയിലെ ആശ്വാസ ഭവൻ അനാഥാലയത്തിലെ കുട്ടികളെക്കൂടി ക്ഷണിച്ചുകൊണ്ടാണ് കേക്ക് മിക്സിങ്ങ് തുടങ്ങിയത്. മുഖ്യാതിഥിയായി പ്രമുഖ സിനിമാതാരം പ്രയാഗ മാർട്ടിൻ കൂടി കുട്ടികളോടൊപ്പം ചേർന്നതോടെ ചടങ്ങുകൾ കൂടുതൽ ആവേശകരമായി. കൊച്ചിയിൽ ഇനി വരാൻ പോകുന്ന ആഘോഷകാലത്തിൻ്റെ വർണാഭമായ തുടക്കമാണ് ക്രൗൺ പ്ലാസയിൽ നടന്നത്.
ക്രിസ്തുമസ് എന്നാൽ എല്ലാവരെയും ഒരുമിച്ചുകൊണ്ടുവരികയും സന്തോഷങ്ങൾ പങ്കുവെക്കുകയും ചെയ്യുന്ന ആഘോഷമാണെന്ന് ക്രൗൺ പ്ലാസ കൊച്ചിയുടെ ജനറൽ മാനേജർ ദിനേശ് റായ് പറഞ്ഞു. കുട്ടികളുടെ മുഖത്ത് വിരിഞ്ഞ സന്തോഷം ഇതേ സന്ദേശം തന്നെയാണ് മറ്റുള്ളവർക്കും പകർന്നുനല്കിയത്. ക്രിസ്തുമസ് ആകുമ്പോഴേക്കും ആദ്യത്തെ ബാച്ച് കേക്ക് തയാറാകും. ആഘോഷരാവുകളുടെ വരവറിയിച്ചുകൊണ്ട് ആദ്യത്തെ കേക്ക് ആശ്വാസ ഭവനിലെ കുട്ടികൾക്ക് തന്നെയാകും നൽകുക.
ഏകദേശം 2500 കിലോഗ്രാം ഫ്രൂട്ട് മിക്സിൽ 1500 കിലോയോളം ഡ്രൈ ഫ്രൂട്സും നട്സുമാണ് കേക്കുണ്ടാക്കാനായി വർണാഭമായ രീതിയിൽ അലങ്കരിച്ച് നിരത്തിയത്. അഫ്ഗാനിസ്ഥാനിൽ നിന്നും പ്രത്യേകമെത്തിച്ച വെള്ളയും കറുപ്പും നിറമുള്ള ഉണക്കമുന്തിരിയും ഇതിലുൾപ്പെടുന്നു. ഗ്രാമ്പൂ, ഏലയ്ക്ക, ഇഞ്ചിത്തൊലി, ഓറഞ്ച് തൊലി എന്നിങ്ങനെ മനംമയക്കുന്ന ചേരുവകൾക്കൊപ്പം ആകർഷകമായ നിരവധി സുഗന്ധവ്യഞ്ജനങ്ങളും കൂടി ചേർത്താണ് കേക്ക് തയാറാക്കുന്നത്. ഇവയെല്ലാം 300 ലിറ്ററോളം ചുവന്ന വൈനിലും 75 ലിറ്ററോളം തേനിലും ചേർത്താണ് പ്ലം കേക്കിനുള്ള ബേസ് തയാറാക്കിയത്. പങ്കെടുത്തവർക്കെല്ലാം കേക്ക് നിർമാണത്തിന്റെ രീതികളെക്കുറിച്ച് കുലീനറി ഡയറക്ടർ ഷെഫ് കലേഷ് വിശദമായി പറഞ്ഞുനല്കി. ഡിസംബറിൽ കേക്ക് ഉണ്ടാക്കുന്നതിനുള്ള മാവിലേക്ക് ചേർക്കുന്നതിന് മുൻപ് ഈ മിശ്രിതം നീണ്ട 60 ദിവസം പുളിപ്പിക്കാൻ വെയ്ക്കും.
ഈ ചേരുവകൾ ഉപയോഗിച്ച് ഇക്കൊല്ലം 10,000 റിച്ച് പ്ലം കേക്കുകൾ നിർമിക്കാനാണ് പദ്ധതിയെന്ന് ക്രൗൺ പ്ലാസ കൊച്ചിയുടെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ ടിറ്റു കോയിക്കാരൻ പറഞ്ഞു. കേക്ക് വാങ്ങുന്നതിനുള്ള ഓർഡറുകൾ ഇപ്പോൾ തന്നെ കിട്ടിത്തുടങ്ങിയതായും ബുക്കിങ് തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.
ചടങ്ങുകളുടെ തുടക്കം മുതൽ അവസാനം വരെ ശ്രദ്ധാകേന്ദ്രമായിരുന്നത് ആശ്വാസ ഭവനിലെ കുട്ടികളായിരുന്നു. വരാൻപോകുന്ന ആഘോഷങ്ങളുടെ എല്ലാ പെരുമയും സന്തോഷവും അവരിലുണ്ടായിരുന്നു. സെലിബ്രിറ്റികൾ, ഇൻഫ്ളുവൻസർമാർ, കോർപറേറ്റ് പങ്കാളികൾ, അഭ്യുദയകാംക്ഷികൾ, ഹോട്ടലിലെ അതിഥികൾ എന്നിവരുൾപ്പെടെ നിരവധിപേർ പങ്കെടുത്തു.