നിയമസഭാ തിരഞ്ഞെടുപ്പ്: എറണാകുളം ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നിരോധിത ഫ്ലക്സ് പിടിച്ചെടുത്തു; 25,000 രൂപ പിഴ
നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഹരിത ചട്ടം ലംഘിക്കുന്നവർക്കെതിരെ നടപടി ശക്തമാക്കി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ്. കൊച്ചി കോർപ്പറേഷൻ പരിധിയിലെ വിവിധ പ്രിന്റിംഗ് സ്ഥാപനങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് നിരോധിത ഫ്ലക്സ് പിടിച്ചെടുത്തത്. നിയമലംഘനം കണ്ടെത്തിയ സ്ഥാപനത്തിന് 25,000 രൂപ പിഴ ചുമത്തി.
എറണാകുളം : നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഹരിത ചട്ടം ലംഘിക്കുന്നവർക്കെതിരെ നടപടി ശക്തമാക്കി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ്. കൊച്ചി കോർപ്പറേഷൻ പരിധിയിലെ വിവിധ പ്രിന്റിംഗ് സ്ഥാപനങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് നിരോധിത ഫ്ലക്സ് പിടിച്ചെടുത്തത്. നിയമലംഘനം കണ്ടെത്തിയ സ്ഥാപനത്തിന് 25,000 രൂപ പിഴ ചുമത്തി.
തിരഞ്ഞെടുപ്പ് ചട്ടങ്ങളും ഗ്രീൻ പ്രോട്ടോകോളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. ഒരു പ്രിന്റിംഗ് ഷോപ്പിൽ നിന്ന് ഏകദേശം 25 കിലോ തൂക്കം വരുന്ന നിരോധിത ഫ്ലക്സ്ആണ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്. പരിസ്ഥിതിക്ക് ഹാനികരമായതിനാൽ ഇത്തരം ഫ്ലക്സുകളുടെ നിർമ്മാണവും ഉപയോഗവും തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ നിരോധിച്ചിരുന്നു.
തിരഞ്ഞെടുപ്പ് കാലയളവിൽ ചട്ടലംഘനങ്ങൾ ഉണ്ടാവാതിരിക്കാൻ വരും ദിവസങ്ങളിൽ ജില്ലയുടെ മറ്റ് ഭാഗങ്ങളിലും പരിശോധന വ്യാപിപ്പിക്കുമെന്ന് ജില്ലാ കളക്ടർ ജി.പ്രിയങ്ക അറിയിച്ചു. നിയമലംഘനം കണ്ടെത്തിയാൽ പിഴയടക്കമുള്ള കർശന നടപടികൾ സ്വീകരിക്കും.
പ്ലാസ്റ്റിക്, ഒറ്റത്തവണ ഉപയോഗിക്കുന്ന വസ്തുക്കൾ പിവിസി ഫ്ലക്സ്, ബാനർ തുടങ്ങിയവ ഒഴിവാക്കി പരിസ്ഥിതി സൗഹൃദ സാമഗ്രികൾ മാത്രമേ പ്രചാരണത്തിന് ഉപയോഗിക്കാവൂ എന്ന് എന്ന് ജില്ലാ കളക്‌ടർ നിർദ്ദേശം നൽകി. ഹരിതചട്ടം ലംഘിക്കുന്നവർക്കെതിരെ വരും ദിവസങ്ങളിലും നിയമനടപടികൾ തുടരുമെന്നും അറിയിച്ചു.