എറണാകുളത്ത് നിവിൻ പോളി ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ  വൈദ്യുതി ഷോക്കേറ്റ് തൃശൂർ സ്വദേശി മരിച്ചു

 

 എറണാകുളം : ഇടയാറിൽ നിവിൻ പോളി ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ അപകടം. വൈദ്യുതി ഷോക്കേറ്റ് തൃശൂർ സ്വദേശി വിഷ്ണു എന്ന ടെക്നീഷ്യൻ മരിച്ചു. ഇന്ന് (സെപ്റ്റംബർ 9) ഉച്ചയ്ക്ക് ഇടവേളയ്ക്കിടെയാണ് അപകടമുണ്ടായത്.

ഉയരത്തിൽ വൈദ്യുതി ലൈനുകൾ ബന്ധിപ്പിക്കുന്നതിനിടെ ഷോക്കേറ്റ് താഴേക്ക് വീഴുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. വൈദ്യുതി ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. നിവിൻ പോളി ചിത്രത്തിന്റെ ഇടയാറിലെ ചിത്രീകരണം ഇന്ന് സെപ്റ്റംബർ 9നാണ് ആരംഭിച്ചത്. ചിത്രീകരണം ആരംഭിച്ച ദിവസം തന്നെയാണ് അപകടമുണ്ടായത്.

അപകടത്തെ തുടർന്ന് വിഷ്ണുവിന്റെ മൃതദേഹം എറണാകുളത്തെ ഇഎസ്ഐ ആശുപത്രിയിൽ എത്തിച്ചു.
സംഭവമറിഞ്ഞ് നടൻ നിവിൻ പോളി ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ എത്തിയതായാണ് വിവരം. അപകടവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.