പ്രകൃതി വിരുദ്ധപീഡനം: പ്രതികളായ ബ്രാഞ്ച് സെക്രട്ടറിമാരെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കി സിപിഎം
തളിപ്പറമ്പ് പൊലിസ് സ്റ്റേഷൻ പരിധിയിലെ പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി രമേശനെയും മുയ്യം ബ്രാഞ്ച് സെക്രട്ടറി അനീഷിനെയുമാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്.
തളിപ്പറമ്പ്: പ്രകൃതി വിരുദ്ധപീഡനക്കേസിൽ പ്രതികളായ ബ്രാഞ്ച് സെക്രട്ടറിമാരെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കി സിപിഎം. തളിപ്പറമ്പ് പൊലിസ് സ്റ്റേഷൻ പരിധിയിലെ പ്ലസ് വൺ വിദ്യാർത്ഥിയെ ക്രൂരമായ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി രമേശനെയും മുയ്യം ബ്രാഞ്ച് സെക്രട്ടറി അനീഷിനെയുമാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്.
പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കം വരുത്തും വിധം പെരുമാറിയതിനാണ് ഇരുവരെയും പാര്‍ട്ടിയിൽ നിന്ന് പുറത്താക്കിയതെന്ന് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും അറിയിച്ചു. ഞായറാഴ്ച്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇരകളായ സുഹൃത്തുക്കൾ നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് രമേശൻ അറസ്റ്റിലായത്.
ഞായറാഴ്ച്ച വൈകുന്നേരം വിദ്യാർത്ഥിയെ രമേശൻ ആളൊഴിഞ്ഞ പറമ്പിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തെത്തുടർന്ന് അവശനായ വിദ്യാർത്ഥി കൂട്ടുകാരായ ചിലരോട് വിവരം പറഞ്ഞു. അപ്പോഴാണ് അവരിൽ ചിലരും രമേശൻ്റെ പീഡനത്തിന് ഇരയായിരുന്നെന്ന് മനസിലായത്. തുടർന്ന് പീഡനത്തിനിരയായ കുട്ടികൾ രമേശനെ കൈകാര്യം ചെയ്യാൻ തീരുമാനിക്കുകയും പീഡനത്തിനിരയായ വിദ്യാർത്ഥിയെക്കൊണ്ട് രമേശനെ ഫോണിൽ വിളിപ്പിച്ച് സംഭവം നടന്ന സ്ഥലത്തെത്താൻ ആവശ്യപ്പെടുകയും ചെയ്തു.
കുട്ടികളൊരുക്കിയ കെണി മനസിലാകാതെ രമേശൻ തന്റെ കൂട്ടുകാരൻ കൂടിയായ മുയ്യം ബ്രാഞ്ച് സെക്രട്ടറി അനീഷിനെ ഫോണിൽ വിളിച്ച് സ്ഥലത്തെത്താൻ നിർദേശിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ രമേശനെ കുട്ടികൾ പിടികൂടി രക്ഷിതാക്കളെ അറിയിച്ചു. ഈ സമയം ഇതൊന്നുമറിയാതെ രമേശന്റെ നിർദേശാനുസരണം സ്ഥലത്തെത്തിയ അനീഷ്, അപകടം മനസിലാക്കി കുറ്റിക്കാട്ടിലൂടെ ഓടി രക്ഷപ്പെടുകയും ചെയ്യ്തു.
സ്ഥലത്തെത്തിയ രക്ഷിതാക്കളും നാട്ടുകാരിൽ ചിലരും ചേർന്ന് രമേശനെ പൊലിസിൽ ഏൽപ്പിക്കുകയായിരുന്നു. രമേശനെ തളിപ്പറമ്പ് താലൂക്കാശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തിയ ശേഷമാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച്ച രാവിലെ ചൈൽഡ്‌ലൈൻ പ്രവർത്തകരെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. രമേശനും അനീഷും ചേർന്ന് വേറെയും കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതായി പൊലിസിന് സൂചന ലഭിച്ചിട്ടുണ്ട്.
രണ്ട് കേസുകളാണ് പൊലിസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 17 കാരനെ പീഡിപ്പിച്ച കേസിൽ രമേശനെതിരെയും, മറ്റൊരു ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രമേശനും അനീഷിനുമെതിരെയുമാണ് കേസുകൾ.