വാക്ക് പാലിച്ച് കളക്ടർ; കണ്ണങ്കോൽ ഊരിലെ കുട്ടികൾക്ക് 18 സൈക്കിളുകൾ, കുരുന്നുകൾക്കൊപ്പം കളക്ടറുടെ സൈക്കിൾ സവാരി

പറഞ്ഞ വാക്ക് പാലിച്ച് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ; അതിർത്തിഗ്രാമമായ കണ്ണങ്കോൽ ഊരിലെ കുട്ടികൾക്ക് ഇനി സ്കൂളിലേക്കും കളിയിടങ്ങളിലേക്കും പറക്കാൻ പുത്തൻ സൈക്കിളുകൾ.

 

കാസർ​ഗോട് : പറഞ്ഞ വാക്ക് പാലിച്ച് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ; അതിർത്തിഗ്രാമമായ കണ്ണങ്കോൽ ഊരിലെ കുട്ടികൾക്ക് ഇനി സ്കൂളിലേക്കും കളിയിടങ്ങളിലേക്കും പറക്കാൻ പുത്തൻ സൈക്കിളുകൾ. സൈക്കിൾ സമ്മാനിക്കുക മാത്രമല്ല, ഊരിലെ വഴികളിലൂടെ കുട്ടികൾക്കൊപ്പം സ്വയം സൈക്കിൾ ചവിട്ടി ജില്ലാ കളക്ടർ യാത്ര ചെയ്തപ്പോൾ ഭരണകൂടവും ജനങ്ങളും തമ്മിലുള്ള അകലമാണ് മാഞ്ഞുപോയത്.

ജില്ലാ ആസ്ഥാനത്തുനിന്ന് 60 കിലോമീറ്ററോളം അകലെയുള്ള ദേലംപാടി പഞ്ചായത്തിലെ ഉൾ മേഖലയായ കണ്ണങ്കോൽ ഊര് കഴിഞ്ഞ മാർച്ചിൽ കളക്ടർ സന്ദർശിച്ചിരുന്നു. ഗോത്രവർഗ മേഖലയിലെ പ്രതിസന്ധികൾ നേരിട്ടറിയാനെത്തിയ കളക്ടറോട് വീട്, ഭൂമി ,പട്ടയം ഊരിലേക്ക് വഴി , പഠനത്തിന് സാമൂഹിക പഠനമുറി , അംബേദ്ക്കർ സെറ്റിൽമെൻ്റ് പദ്ധതിയിൽ ഊരിൽ നടപ്പിലാക്കേണ്ട വികസന പ്രവർത്തനങ്ങൾ എന്നിങ്ങനെ വിവിധ വിഷയങ്ങൾ കണ്ണങ്കോൽ ഊര് നിവാസികൾ ഉന്നയിച്ചിരുന്നു. പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് കാസർകോട് ആർഡിഒ യെ കളക്ടർ ചുമതലപ്പെടുത്തി. നിലവിൽ പ്രവർത്തനങ്ങൾ ഓരോന്നായി നടന്നു വരികയാണ്.

മാർച്ചിൽ കുട്ടികളെ സ്വന്തം ഔദ്യോഗിക കാറിൽ കയറ്റി ഊരുചുറ്റിയത് വലിയ വാർത്തയായിരുന്നു. തുടർന്ന് കളക്ടറെ കാണാൻ സിവിൽ സ്റ്റേഷനിലെത്തിയ കുട്ടികൾക്ക് അവർ ചോദിച്ച ഒരു ഫുട്ബോളിന് പകരം ആറ് പന്തുകളും എയർപമ്പും സമ്മാനിക്കുകയും ബേക്കൽ ബീച്ച് പാർക്കിലേക്ക് ടൂറും ഉച്ചഭക്ഷണവും ഒരുക്കി നൽകുകയും ചെയ്തിരുന്നു.
ഈ കൂടിക്കാഴ്ചയ്ക്കിടയിലാണ് സ്കൂൾയാത്രയ്ക്കായി സൈക്കിൾ വേണമെന്ന ആഗ്രഹം കുട്ടികൾ കളക്ടറോട് പങ്കുവെച്ചത്. ആവശ്യം കേട്ടയുടൻ പട്ടികവർഗ വികസന വകുപ്പ് മുഖേന കണക്കെടുപ്പ് നടത്തുകയും ധന്വന്തരി ഫണ്ട് പ്രയോജനപ്പെടുത്തി 18 കുട്ടികൾക്കും സൈക്കിളുകൾ ഉറപ്പാക്കുകയുമായിരുന്നു.

കണ്ണങ്കോൽ ഊരിൻ്റെ സമഗ്ര വികസനത്തിന് സമയബന്ധിതമായി നടപടി സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കി. ഗോത്രവിഭാഗം കുട്ടികളുടെ സ്ക്കൂളുകളിലെ കൊഴിഞ്ഞു പോക്ക് പൂർണമായും തടയാൻ സമഗ്രപദ്ധതി, പട്ടികവർഗ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ജില്ലാ ഭരണ സംവിധാനം നടപ്പിലാക്കിയിട്ടുണ്ട് കൂടുതൽ കുട്ടികളെ പ്രവേശിപ്പിക്കുന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. ജില്ലയിലെ എല്ലാ പട്ടിക വർഗമേഖലകളിലെയും കുട്ടികൾക്കു വേണ്ടി ജില്ലാകളക്ടറുടെ നിർദേശ പ്രകാരം മേയ് മാസത്തിൽ ടൂർ സംഘടിപ്പിച്ചതും ഗോത്ര വിഭാഗം കുട്ടികൾക്ക് പുതിയ ഉണർവ് പകർന്ന് നൽകി. ജില്ലയിൽ ഗോത്രവർഗ മേഖലയിൽ കുട്ടികളുടെ ക്ഷേമത്തിന് മുൻഗണന നൽകി പദ്ധതികൾ തയ്യാറാക്കിയതിൻ്റെ ഭാഗമായാണ് ഈ പ്രവർത്തനങ്ങളെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പറഞ്ഞു

2026-ലെ അന്താരാഷ്ട്ര തദ്ദേശീയ ദിനാചരണത്തിൻ്റെയും സ്വാതന്ത്ര്യദിനാഘോഷങ്ങളുടെയും ഭാഗമായി കണ്ണങ്കോൽ ഊരിൽ നടന്ന ചടങ്ങിൽ കളക്ടർ നേരിട്ടെത്തി സൈക്കിളുകൾ വിതരണം ചെയ്തു
ദേലംപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ. മുസ്തഫ ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ പരിപാടി ജില്ലാകളക്ടർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ ഗോപാലൻ, വാർഡ് മെമ്പർമാരായ തിമ്മയ്യ, ഐത്തപ്പ, അസിസ്റ്റൻ്റ് ട്രൈബൽ ഡെവലപ്‌മെൻ്റ് ഓഫീസർ പ്രസന്ന എന്നിവർ സംസാരിച്ചു. ട്രൈബൽ ഡെവലപ്‌മെൻ്റ് ഓഫീസർ മധുസൂദനൻ സ്വാഗതവും എസ്ടി പ്രമോട്ടർ ചന്ദ്രശേഖർ നന്ദിയും രേഖപ്പെടുത്തി.