തീരമേഖലയെ ചേർത്ത് പിടിച്ച് തീരസദസ്സിന് പടന്നക്കടപ്പുറത്ത് തുടക്കം

 

കാസർഗോഡ് : തീരദേശത്തെ കേള്‍ക്കാനും ചേര്‍ത്തുപിടിക്കാനും സംസ്ഥാന സര്‍ക്കാരിന്റെ നേൃത്വത്തില്‍ നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന തീരസദസ്സിന് തൃക്കരിപ്പൂർ മണ്ഡലത്തിലെ പടന്നക്കടപ്പുറത്ത് തുടക്കമായി. പടന്നക്കടപ്പുറം ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ ഫിഷറീസ് സാംസ്‌കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ നേതൃത്വം നൽകിയ ആദ്യ ഘട്ട സംവാദത്തിൽ ജനപ്രതിനിധികളും വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരും മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളും പങ്കെടുത്തു. തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ തീരദേശ മേഖലയിൽ നടപ്പാക്കിയ പദ്ധതികൾ അവലോകനം ചെയ്തു.

പൊതു ജനങ്ങളുമായി സംവദിക്കുന്നതിന് തൊട്ടുമുമ്പായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും മന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം നടന്നു. എം. രാജഗോപാലൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. വിവിധ തദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികൾ, മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. തീരമേഖലയിൽ നടപ്പിലാക്കുന്ന പദ്ധതികളുടെ പുരോഗതി വിലയിരുത്തുകയും ഈ മേഖലയിലെ വിവിധ ആവശ്യങ്ങളും ജനപ്രതിനിധികൾ ഉന്നയിക്കുകയും ചെയ്തു. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന വിവിധ വികസന ക്ഷേമ പ്രവർത്തനങ്ങളിലുള്ള സംതൃപ്തിയും സന്തോഷവും സംവാദത്തിൽ ജനപ്രതിനിധികൾ പങ്കുവെച്ചു.