കണ്ണൂരിൽ യൂത്ത് കോൺഗ്രസ് എസ്.പി ഓഫിസ് മാർച്ചിനിടെ സംഘർഷം;പൊലിസ് ജലപീരങ്കി പ്രയോഗിച്ചു
കണ്ണൂർ : കണ്ണൂർസിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. ഉദ്ഘാടന പ്രസംഗത്തിനിടെ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന്പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. പ്രവർത്തകരെ കയറ്റിയ പോലീസ് ബസിനു മുന്നിൽ വനിതാ പ്രവർത്തകർ ഉൾപ്പെടെ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നേതാക്കളായ വിജിൽ മോഹൻ ,റിജിൽ മാക്കുറ്റി, സുദീപ് ജെയിംസ്, വരുൺ ഉൾപ്പെടെ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. തുടർന്ന് പ്രവർത്തകർ പ്രകടനത്തോടെ പിരിഞ്ഞു പോവുകയായിരുന്നു.
വെള്ളിയാഴ്ച്ചകാലത്ത് പതിനൊന്നരയോടെ ടൗൺ പോലീസ് സ്റ്റേഷനു മുന്നിൽ ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് മാർച്ച് തടഞ്ഞു. ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് വിജിൽ മോഹനൻ അധ്യക്ഷനായി.പിവി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ടും യൂത്ത് കോൺഗ്രസ് പ്രവർത്തകർ തിരുവനന്തപുരത്ത് പോലീസ് നടത്തിയ ലാത്തിചാർജിൽ പ്രതിഷേധിച്ചുമായിരുന്നു കണ്ണൂരിൽ സിറ്റി പൊലിസ് കമ്മിഷണർ ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയത്.