തൃശൂര്‍ ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന  സാംസ്‌കാരികോത്സവത്തിന് വേദിയൊരുക്കാന്‍ റോഡ് അടച്ചു

 

തൃശൂര്‍: ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന പരിപാടിക്ക് വേണ്ടി നഗരമധ്യത്തില്‍ നടുറോഡ് അടച്ചത് യാത്രക്കാരെ ദുരിതത്തിലാക്കി. ജില്ലാ പഞ്ചായത്തും കോര്‍പ്പറേഷനും ജില്ലാ ആസൂത്രണ സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന സാംസ്‌കാരികോത്സവം ചെ.പ്പു.കോ.വെ പരിപാടിക്ക് വേണ്ടിയാണ് റോഡ് കെട്ടിയടച്ചത്. 

വടക്കേ സ്റ്റാന്‍ഡില്‍നിന്ന് സാഹിത്യ അക്കാദമിയിലേക്ക് പോകുന്ന റോഡില്‍ പെട്രോള്‍ പമ്പിന് സമീപമാണ് കാല്‍നട യാത്രികരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ റോഡ് കെട്ടിയടച്ചത്. 

ഇന്നും നാളെയുമാണ്  സാംസ്‌കാരികോത്സവം നടക്കുന്നത്. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണ് അധികൃതര്‍ പൊതുജനത്തെ പ്രയാസപ്പെടുത്തുംവിധം അടച്ചത്. നടുറോഡില്‍ സ്റ്റേജ് നിര്‍മിച്ചതില്‍ പരാതികളുമായി നിരവധി പേരാണ് എത്തുന്നത്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ ബാധിക്കുന്നതാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടിയെന്നും യാത്രക്കാര്‍ ആരോപിച്ചു.