ബ്രഹ്മമംഗലം മാതൃകാ പ്രീ പ്രൈമറി സ്‌കൂൾ സി.കെ.ആശ ഉദ്ഘാടനം ചെയ്തു

 

കോട്ടയം: ബ്രഹ്മമംഗലം ഗവൺമെന്റ് യു.പി സ്‌കൂളിലെ നവീകരിച്ച പ്രീ പ്രൈമറി സ്‌കൂളും ചിൽഡ്രൻസ് പാർക്കും സി.കെ. ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുകന്യാ സുകുമാരൻ അധ്യക്ഷയായി.
 സമഗ്ര ശിക്ഷാ കേരളയും ചെമ്പ് ഗ്രാമപഞ്ചായത്തും സംയുക്തമായി 12 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. മാതൃകാ പ്രീ പ്രൈമറി സ്‌കൂളാക്കി മാറ്റുന്നതിന്റെ ഭാഗമായി സ്‌കൂളിന്റെ ചുവരുകളും മറ്റും ചിത്രങ്ങൾ വരച്ച് ആകർഷകമാക്കുന്നതിനോടൊപ്പം ചിൽഡ്രൻസ് പാർക്ക്, പഠന, വായന, രചന, ശാസ്ത്ര, ഗണിത മൂലകൾ അടങ്ങിയ ആക്റ്റിവിറ്റി ഏരിയ എന്നിവ ഒരുക്കിയിട്ടുണ്ട്.

കുട്ടികളുടെ കലാപരമായ ജന്മവാസനകൾ തിരിച്ചറിഞ്ഞ് അവതരിപ്പിക്കുന്നതിനും അവർക്ക് വേണ്ട പ്രോത്സാഹനം നൽകുന്നതിനുമായി സ്‌കൂളിനോട് ചേർന്ന് ഒരു ഓപ്പൺ സ്റ്റേജും ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുക, വിദ്യാർത്ഥികൾക്ക് പഠനത്തിന് ഏറ്റവും അനുകൂല സാഹചര്യം സൃഷ്ടിക്കുക എന്നതാണ്  മാതൃക പ്രീ പ്രൈമറി സ്‌കൂളിലൂടെ ലക്ഷ്യമിടുന്നത്.

ജില്ലാ പഞ്ചായത്തംഗം പി.എസ് പുഷ്പമണി, ചെമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ രമേശൻ, സ്ഥിരം സമിതി അധ്യക്ഷരായ ആശ ബാബു, ലതാ അനിൽകുമാർ, ഗ്രാമപഞ്ചായത്തംഗങ്ങളായ ഉഷ പ്രസാദ്, രാഗിണി ഗോപി, രമണി മോഹൻദാസ്, ലയാ ചന്ദ്രൻ, റെജി മേച്ചേരി, എസ് എസ് കെ അംഗങ്ങളായ ധന്യ പി വാസു, ആശ ജോർജ്, വൈക്കം എ.ഇ.ഒ സുനിമോൾ, ഹെഡ്മാസ്റ്റർ എ.ആർ.ജോയ് എന്നിവർ പങ്കെടുത്തു.