സംസ്ഥാനത്ത് വ്യവസായ സംരംഭം ആരംഭിക്കാന്‍ മികച്ച സാധ്യതകള്‍: എ.എന്‍ ഷംസീര്‍

 

പാലക്കാട് :  സംസ്ഥാനത്ത് വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാനും നടത്തിപ്പിനും മികച്ച സാധ്യതയും സാഹചര്യവുമാണ് നിലവിലുള്ളതെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍. ഒറ്റപ്പാലം കിന്‍ഫ്ര ഡിഫന്‍സ് വ്യവസായ പാര്‍ക്ക് സന്ദര്‍ശിച്ച് വ്യവസായികളുമായി നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു സ്പീക്കര്‍. സംസ്ഥാനത്ത് വ്യവസായ സൗഹൃദാന്തരീക്ഷം ഒരുക്കുന്നതിന് എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ട്.  വ്യവസായങ്ങള്‍ക്ക് അനുകൂലവും സമാധാനപരമായ അന്തരീക്ഷമാണുള്ളത്. 

സര്‍ക്കാറിന്റെ  വ്യവസായ സൗഹ്യദ ശ്രമങ്ങള്‍ വ്യവസായികള്‍ തിരിച്ചറിയുന്നുണ്ട്. അത് കൊണ്ടാണ് കൂടുതല്‍ വ്യവസായങ്ങളള്‍, സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നത്. സംസ്ഥാനത്ത് നിന്നും യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള യുവാക്കളുടെ കുടിയേറ്റം കുറയ്ക്കാനും  ഇവിടെ തന്നെ സംരംഭങ്ങള്‍ ആരംഭിച്ച നിലനിര്‍ത്താന്‍ ആവശ്യമായ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് വ്യവസായ വകുപ്പിനെ പോലെ തന്നെ പ്രധാനമാണ് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണം.

 അപേക്ഷയുമായി വരുന്ന വ്യവസായികള്‍ക്ക് മടുപ്പുളവാകുന്ന അന്തരീക്ഷം ഉണ്ടാവരുത്. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ് തദ്ദേശസ്ഥാപനങ്ങളില്‍ വ്യവസായ വകുപ്പ് ഇന്റേണ്‍സിന്റെ സേവനം ഉറപ്പാക്കിയത്. വ്യവസായത്തിന് ആവശ്യമായ ലോണ്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ ലഭ്യമാക്കുന്നുണ്ട്.  എം.എല്‍.എ അഡ്വ. കെ പ്രേംകുമാര്‍ അധ്യക്ഷനായ പരിപാടിയില്‍ ഒറ്റപ്പാലം കിന്‍ഫ്ര പാര്‍ക്ക് മാനേജര്‍ എ.എസ് അനീഷ്, കിന്‍ഫ്ര സോണല്‍ ഹെഡ് എ.കെ ഗിരീഷ്, സെകട്ടറി അബ്ദുള്‍ മനാഫ്,
വ്യവസായി മനോജ് കാര്‍ത്തികേയര്‍, സംരംഭകര്‍ എന്നിവര്‍ പങ്കെടുത്തു.