എൻ എച്-66 മലയാളികൾക്കുള്ള പുതുവത്സര സമ്മാനമാകും : പി എ മുഹമ്മദ് റിയാസ്

ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായി നടത്തുന്ന കനാൽ കര വികസന നിർമ്മാണ പ്രവൃത്തികളുടെയും പുതുക്കി പണിത മുപ്പാലത്തിന്റെയും ഉദ്ഘാടനം ടൂറിസം-പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു.

 

ആലപ്പുഴ: ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായി നടത്തുന്ന കനാൽ കര വികസന നിർമ്മാണ പ്രവൃത്തികളുടെയും പുതുക്കി പണിത മുപ്പാലത്തിന്റെയും ഉദ്ഘാടനം ടൂറിസം-പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ആലപ്പുഴ ജില്ലയിലെ ടൂറിസം നിർമ്മാണപ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് മന്ത്രിയുടെ ഓഫീസിൽ സ്ഥിരം അവലോകന സംവിധാനം ഏർപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത വർഷത്തെ പുതുവത്സര സമ്മാനമായി ദേശീയപാത 66 മലയാളികൾക്ക് സമർപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഇച്ഛാ ശക്തിയുടെ പ്രതീകമാണ് ദേശീയപാതാ വികസനം. മുമ്പെങ്ങുമില്ലാത്ത വിധം വേഗത്തിലാണ് കേരളത്തിൽ റോഡ്, പാലം, സർക്കാർ കെട്ടിടങ്ങൾ എന്നിവയുടെ പണി നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ടൂറിസം രംഗത്ത് ആലപ്പുഴ ജില്ലയിൽ അഭൂതപൂർവമായ വളർച്ചയാണ് കൈവന്നിരിക്കുന്നത്. സഞ്ചാരികളുടെ വരവിൽ 2025 സർവകാല റെക്കോർഡ് ഭേദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴ ജില്ലയിൽ വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ 95 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 93.17 കോടി രൂപയുടെ ടൂറിസം വികസന പദ്ധതികൾക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. ഇത് സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് രണ്ടാഴ്ച തോറും അവലോകന യോഗങ്ങൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴ എംഎൽഎ പി പി ചിത്തരഞ്ജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അമ്പലപ്പുഴ എംഎൽഎ എച് സലാം, ആലപ്പുഴ നഗരസഭാ അധ്യക്ഷ കെ കെ ജയമ്മ, ജില്ലാകളക്ടർ അലക്സ് വ‍ർഗീസ്, മുസിരിസ് പ്രൊജക്റ്റ് ലിമിറ്റഡ് എംഡി ഷാരോൺ വീട്ടിൽ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു.

ആലപ്പുഴ തുറമുഖത്തെ ലോകോത്തര വ്യാപാര കേന്ദ്ര ഭൂപടത്തിൽ അടയാളപ്പെടുത്തിയതിൽ കനാലുകൾ സുപ്രധാന പങ്കുവഹിച്ചിരുന്നു. തുറമുഖത്തെ ഉൾനാടൻ പ്രദേശങ്ങളുമായി ബന്ധപ്പെടുത്തി നിലനിന്നിരുന്ന വാണിജ്യകനാലും വാടക്കനാലും സംരക്ഷിക്കുന്നതിന്റെ ഭാഗമായി 22.59 കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള കനാൽ കരയുടെ വികസന പദ്ധതിയാണ് ആരംഭിക്കുന്നത്. പൊതു ഇടങ്ങളിൽ ഉൾപ്പെട്ട കനാൽ കരയുടെ വികസനവും കടൽപ്പാലത്തിന്റെ നിർമ്മാണവുമാണ് ആരംഭിക്കുന്നത് .

കൊത്തുവാൾ ചാവടി പാലം മുതൽ മുപ്പാലം ലിങ്ക് കനാൽ വഴി വാട കനാലിൽ ബാപ്പു വൈദ്യർ വരെ നാല് കിലോമീറ്റർ വരുന്ന ഇരു കനാൽ കരകളിൽ സൈക്കിൾ ട്രാക്ക്, നടപ്പാത, സ്ട്രീറ്റ് ലൈറ്റുകൾ, ലാൻഡ് സ്‌കേപ്പ് , ബോട്ട് ജെട്ടികൾ എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വികസനപ്രവർത്തനങ്ങൾക്കാണ് പദ്ധതിയിലൂടെ തുടക്കമാകുന്നത്.

വികാസപരിണാമത്തിൽ ആലപ്പുഴ തുറമുഖത്തിനു വന്നു നഷ്ടം വന്ന പ്രതാപം വീണ്ടെടുക്കുന്നതിനായാണ് ടൂറിസം വകുപ്പിന്റെ ഭാഗമായി മുസിരിസ് പ്രോജക്ട്‌സ് ലിമിറ്റഡിന്റെ മേൽ നോട്ടത്തിൽ നടപ്പിലാക്കുന്ന ആലപ്പുഴ പൈതൃക പദ്ധതി. നഗരത്തിലെ വിവിധ പൈതൃക-വ്യാവസായിക ഘടനകൾ സംരക്ഷിച്ചും ചിലത് മ്യൂസിയങ്ങളായും മറ്റ് പൊതു ഇടങ്ങളായും മാറ്റിയുമാണ് ആലപ്പുഴ പൈതൃക പദ്ധതി നടപ്പിലാക്കി വരുന്നത് . മുസിരിസ് പൈതൃക പദ്ധതിയെ 2018 സ്‌പൈസ് റൂട്ട് ഹെറിറ്റേജ് പ്രൊജക്റ്റ് എന്ന് പുനനാമകരണം ചെയ്തുകൊണ്ടാണ് ആലപ്പുഴ പൈതൃക പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

ആലപ്പുഴ പട്ടണത്തിലെ പുരാതന കെട്ടിടങ്ങൾ നവീകരിച്ച് യാൺ മ്യൂസിയം, കയർ ഹിസ്റ്ററി മ്യൂസിയം, ലേബർ മൂവ്മെന്റ് മ്യൂസിയം, ലിവിംഗ് കയർ മ്യൂസിയം, പോർട്ട് മ്യൂസിയം, ഗാന്ധി മ്യൂസിയം തുടങ്ങിയവ സ്ഥാപിക്കാൻ പദ്ധതി ലക്ഷ്യമിടുന്നു. നാല് മ്യൂസിയങ്ങളുൾപ്പെടെ ഒമ്പത് മേഖലകളിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. മൂന്ന് സ്മാരകങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഇതിനോടകം പൂർത്തീകരിച്ചു.