കുടുംബശ്രീ യൂണിറ്റുകൾക്ക് എഐ പരിശീലനം ഉറപ്പാക്കണം: മന്ത്രി എം. ലിജു
സംസ്ഥാനത്തെ എല്ലാ കുടുംബശ്രീ യൂണിറ്റുകൾക്കും നിർമ്മിതബുദ്ധിയിൽ (എഐ) പരിശീലനം ഉറപ്പാക്കണമെന്നും ആവശ്യമായ നൈപുണ്യ പരിശീലനം നൽകണമെന്നും എക്സൈസ്-സഹകരണ വകുപ്പ് മന്ത്രി എം. ലിജു പറഞ്ഞു.
ആലപ്പുഴ : സംസ്ഥാനത്തെ എല്ലാ കുടുംബശ്രീ യൂണിറ്റുകൾക്കും നിർമ്മിതബുദ്ധിയിൽ (എഐ) പരിശീലനം ഉറപ്പാക്കണമെന്നും ആവശ്യമായ നൈപുണ്യ പരിശീലനം നൽകണമെന്നും എക്സൈസ്-സഹകരണ വകുപ്പ് മന്ത്രി എം. ലിജു പറഞ്ഞു.തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുടെയും കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺമാരുടെയും ഏകദിന ശില്പശാലയും ആലപ്പുഴ ജില്ലയിലെ കുടുംബശ്രീ സിഡിഎസ്സുകളുടെ സമ്പൂർണ്ണ ഐഎസ്ഒ പ്രഖ്യാപനവും ആലപ്പുഴ ഹവേലി റിസോർട്ടിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഐ പരിശീലനം നൽകേണ്ട ആവശ്യകത തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും കുടുംബശ്രീ പരമ്പരാഗതമായ പ്രവർത്തനരീതികൾ മാറ്റി വൈവിധ്യവൽക്കരണത്തിലേക്കും പുതിയ മേഖലകളിലേക്കും ചുവടുവെക്കണമെന്നും അദ്ദേഹം പറഞ്ഞു. കുടുംബശ്രീ പ്രവർത്തകർക്ക് വിദേശ ഭാഷകൾ ഉൾപ്പെടെ പഠിക്കുന്നതിന് പരിശീലനം നൽകണം. ഇത് ആലപ്പുഴ പോലുള്ള വിനോദസഞ്ചാര സാധ്യതയുള്ള മേഖലകളിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കും.നമ്മുടെ നാടിന്റെ പുരോഗതിക്ക് നിർണ്ണായകമായ പങ്കുവഹിച്ച സ്ത്രീ ശാക്തീകരണ പ്രസ്ഥാനമാണ് കുടുംബശ്രീ. ഗ്രാമങ്ങളെ സ്വയംപര്യാപ്തമാക്കാനും സാമൂഹിക സാംസ്കാരിക സാമ്പത്തിക രംഗത്ത് വലിയ കുതിച്ചുചാട്ടം നടത്തുന്നതിനും കുടുംബശ്രീ കാരണമായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ ചടങ്ങിൽ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമായ അഡ്വ. എം. സന്തോഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമായ ടിജിൻ ജോസഫ്, നഗരസഭാ അധ്യക്ഷ മോളി ജേക്കബ്, കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ എസ്. രഞ്ജിത്ത്, നഗരസഭാംഗം ഷേർളി ആന്റണി, ആലപ്പുഴ നോർത്ത് സിഡിഎസ് ചെയർപേഴ്സൺ ഹെലൻ ഫെർണാണ്ടസ്, ആലപ്പുഴ സൗത്ത് സിഡിഎസ് ചെയർപേഴ്സൺ ഷീലാ മോഹൻ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോഓർഡിനേറ്റർ അനന്താ രാജൻ തുടങ്ങിയവർ സംസാരിച്ചു.ജില്ലയിലെ 72 ഗ്രാമപഞ്ചായത്ത് സിഡിഎസ്സുകളുടെയും എട്ട് നഗരസഭാ സിഡിഎസ്സുകളുടെയും സമ്പൂർണ്ണ ഐഎസ്ഒ പ്രഖ്യാപനമാണ് ചടങ്ങിൽ നടന്നത്.