പ്രായമായവരുടെ അനുഭവസമ്പത്ത് ഉപയോഗപ്പെടുത്തണം : മന്ത്രി എം ലിജു
വാർദ്ധക്യം ഒരു സങ്കല്പമാണെന്നും പ്രായമായവരുടെ നാട്ടറിവ് , തൊഴിൽ രംഗത്ത് ലഭിക്കുന്ന അനുഭവം എന്നിവ പുതിയ തലമുറയ്ക്ക് പ്രയോജനപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ ഉണ്ടാകണമെന്ന് എക്സൈസ് സഹകരണ വകുപ്പ് മന്ത്രി എം ലിജു പറഞ്ഞു.
ആലപ്പുഴ : വാർദ്ധക്യം ഒരു സങ്കല്പമാണെന്നും പ്രായമായവരുടെ നാട്ടറിവ് , തൊഴിൽ രംഗത്ത് ലഭിക്കുന്ന അനുഭവം എന്നിവ പുതിയ തലമുറയ്ക്ക് പ്രയോജനപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ ഉണ്ടാകണമെന്ന് എക്സൈസ് സഹകരണ വകുപ്പ് മന്ത്രി എം ലിജു പറഞ്ഞു.
അന്താരാഷ്ട്ര വയോജന ദിനാചരണം ജില്ലാതല പരിപാടി "ഉണർവ് " കണ്ണമംഗലം ഗവൺമെൻറ് യുപി സ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ശരീരം പ്രായമാകുമ്പോഴും മനസ്സ് പ്രായമാകുന്നില്ല എന്നറിയണം. വയോജനങ്ങൾക്ക് ഗുണം ചെയ്യുന്ന സർക്കാർ പദ്ധതിയാണ് ഉണർവ്.പ്രായമായവർക്ക് നല്ല ചികിത്സ, നല്ല പരിചരണം എന്നിവ ഉറപ്പാക്കേണ്ടതുണ്ട്. ഉണർവിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസിൻറെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്, അനുഭവം പങ്കുവെക്കൽ തുടങ്ങിയവ വലിയൊരു വിഭാഗം ജനങ്ങൾക്ക് ഗുണം ചെയ്യുന്നതാണെന്ന് മന്ത്രി പറഞ്ഞു. സിൽവർ എക്കണോമിയുടെ സാധ്യതകളെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു.
ചെട്ടികുളങ്ങര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി മുതിർന്ന പൗരന്മാരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.മധുസൂദനൻ അധ്യക്ഷനായിരുന്നു. "മനോഹരമായി വയസാകാം.." പോസ്റ്ററിന്റെ പ്രകാശനം ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ ഗീതാ ലക്ഷ്മി നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ പി വി വിദ്യ ആരോഗ്യ സന്ദേശം നൽകി.
ജില്ലാ പഞ്ചായത്ത് അംഗം ബിനി ജയിൻ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സിന്ധു ദിവാകരൻ, ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജി. പുഷ്പരാജൻ, ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ എസ്.സാജന , ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ഐ അമ്പിളി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ കെ ജി അച്ചൻ കുഞ്ഞ് , മാവേലിക്കര ബ്ലോക്ക് പഞ്ചായത്തംഗം മീരാ വിനോദ്, പി ദിവ്യ ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എ.എൽ. ചന്ദ്രലേഖ , മഞ്ജു അനിൽ, ലാജി ജോൺ ,കെ.അനീഷ് , ചെട്ടികുളങ്ങര കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ എൻ. നവനീത,ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ കെ.അനൂപ് , ജില്ലാ ലാബ് ഓഫീസർ എ ജയ , ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്.ജയശ്രീ , ഡെപ്യൂട്ടിജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ ഡോ ഐ ചിത്ര തുടങ്ങിയവർ സംസാരിച്ചു . 91 വയസ്സുള്ള പത്മാക്ഷിയെയും 88 വയസ്സുള്ള കാർത്തികേയനേയും പൊന്നാട അണിയിച്ച് ആദരിച്ചു. ആഞ്ഞിലിപ്ര യു പി സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ലഹരി വിരുദ്ധ സന്ദേശങ്ങളുടെ ദൃശ്യാവിഷ്കാരം ശ്രദ്ധേയമായിരുന്നു. ദിനാചരണത്തിന്റെ ഭാഗമായി വയോജനങ്ങൾക്കായി ജീവിതശൈലി രോഗനിർണയ ക്യാമ്പ്, മ്യൂസിക്കൽ ചെയർ, അനുഭവങ്ങൾ പങ്കിടൽ, കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവ സംഘടിപ്പിച്ചിരുന്നു