ദേശീയപാത നിർമ്മാണം: കായംകുളത്ത് ഉയരപ്പാതയും ഏഴിടങ്ങളിൽ അടിപ്പാതയും നിർമ്മിക്കണം: കെ സി വേണുഗോപാൽ എംപി

 

ആലപ്പുഴ : ദേശീയപാതയിൽ കായംകുളത്ത് ഉയരപ്പാതയും പുത്തൻചന്ത, പൊന്നാംവെളി, കലവൂർ, ചേർത്തല റെയിൽവേ സ്റ്റേഷൻ, പായൽകുളങ്ങര, അരൂർ മെഴ്സി ജങ്ഷൻ, ഓച്ചിറ എന്നിവിടങ്ങളിൽ മുൻഗണന അനുസരിച്ച് അടിപ്പാതയും നിർമ്മിക്കാൻ ദേശീയപാത അതോറിറ്റി അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ സി വേണുഗോപാൽ എം പി ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടു. ദേശീയ പാതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ എംപിയുടെ നേതൃത്വത്തിൽ ദേശീയപാത അതോറിറ്റി അധികൃതരെയും ജില്ലയിലെ എംഎൽഎമാരെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി ആലപ്പുഴ ഗസ്റ്റ് ഹൌസിൽ വിളിച്ചു ചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു എംപി. യോഗത്തിൽ ജില്ലയുടെ ചുമതലയുള്ള എക്സൈസ്, സഹകരണവകുപ്പ് എം ലിജു സന്നിഹിതനായിരുന്നു. 

ചേർത്തല 11ാം മൈലിൽ നിർമ്മാണം കഴിഞ്ഞ പാതയിൽ ഗർത്തം രൂപപ്പെട്ടത് പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ദേശീയപാത നിർമ്മാണം നടക്കുന്ന എല്ലായിടത്തും സുരക്ഷാ ഓഡിറ്റ് നടത്തണം. ദേശീയപാതയിലൂടെയും സർവീസ് റോഡുകളിലൂടെയും സഞ്ചരിക്കുന്ന ജനങ്ങൾ ഭീതിയിലാണ്. ജനങ്ങളുടെ ഭയം ഒഴിവാക്കാൻ അടിയന്തരമായി സുരക്ഷാ ഓഡിറ്റ് വേണമെന്നും വിഷയം ദേശീയപാത അതോറിറ്റി ചെയർമാന്റെ ശ്രദ്ധയിൽപ്പെടുത്തിയതായും എംപി പറഞ്ഞു. 

ദേശീയപാതയിലുടനീളം കൃത്യമായ ഡ്രെയിനേജ് ഉറപ്പുവരുത്തുകയും വെള്ളക്കെട്ട് ശാശ്വതമായി പരിഹരിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കുകയും വേണം. അധിക അടിപ്പാതകൾ, ഫുട് ഓവർ ബ്രിഡ്ജുകൾ എന്നിവക്ക് വേണ്ടിയുള്ള ആവശ്യങ്ങളിൽ സംസ്ഥാന സർക്കാരിന്റെ ശുപാർശക്കനുസരിച്ച് തീരുമാനമെടുത്ത് അടിയന്തരമായി നടപ്പാക്കണമെന്ന് എംപി അധികൃതരോട് പറഞ്ഞു. താൽക്കാലികവും സ്ഥിരവുമായ എല്ലാ സർവീസ് റോഡുകളുടെയും അറ്റകുറ്റപ്പണി അടിയന്തരമായി നടത്തി സുഗമ സഞ്ചാരം ഉറപ്പുവരുത്തണം. ശാസ്ത്രീയമായ പഠനം നടത്തി ആവശ്യമായിടങ്ങളിൽ ഹമ്പുകളും സീബ്രാ ക്രോസിങ്ങുകളും സ്ഥാപിക്കണം. 

വാട്ടർ അതോറിറ്റി, കെ എസ് ഇ ബി തുടങ്ങിയ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ജില്ലാതലത്തിൽ യോഗം ചേർന്ന് പരിഹരിക്കണമെന്നും എംപി പറഞ്ഞു. ഫുട് ഓവർ ബ്രിഡ്ജ് ആവശ്യമായ സ്ഥലത്തൊക്കെ നിർമ്മിക്കാൻ തയ്യാറാണെന്നും തദ്ദേശസ്ഥാപനങ്ങൾ അറ്റകുറ്റപ്പണി ഏറ്റെടുക്കുകയാണെങ്കിൽ ലിഫ്റ്റ് അടക്കമുള്ള സംവിധാനങ്ങൾ ഫുട് ഓവർബ്രിഡ്ജിൽ ഏർപ്പെടുത്താമെന്നും ദേശീയ പാത അതോറിറ്റി അറിയിച്ചതായി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അദീല അബ്ദുല്ല യോഗത്തെ അറിയിച്ചു. 6.7 മീറ്ററിൽ ആവശ്യമുള്ളയിടങ്ങളിൽ സർവീസ് റോഡ് ഗുണനിലവാരത്തോടെ നിർമ്മിക്കാമെന്നും അതോറിറ്റി അറിയിച്ചതായി അവർ പറഞ്ഞു. അമ്പലപ്പുഴ എസ് എൻ കവലയിലെ പ്രശ്നം പരിഹരിക്കുന്നത് 140 മീറ്ററിൽ സ്പാനുകൾ സ്ഥാപിക്കുമെന്ന് ദേശീയപാത അധികൃതർ അറിയിച്ചു. നിർമ്മാണം നടക്കുന്ന ദേശീയപാതയിലെ വെളിച്ചക്കുറവ്, സൈൻ ബോർഡുകൾ ആവശ്യത്തിനില്ലാത്തത് എന്നിവ അടിയന്തരമായി പരിഹരിക്കുമെന്നും അധികൃതർ പറഞ്ഞു. 

ഡെ. സ്പീക്കർ ഷാനിമോൾ ഉസ്മാൻ, എംഎൽഎമാരായ ജി സുധാകരൻ, എ ഡി തോമസ്, സി ആർ മഹേഷ് എന്നിവർ അതത് മണ്ഡലങ്ങളിലെ ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവതരിപ്പിച്ചു. യോഗത്തിൽ ജില്ലാ കളക്ടർ ഷാജി വി നായർ, ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ്, ദേശീയ പാത അതോറിറ്റി അംഗം വെങ്കിട്ട രമണൻ, ദേശീയ പാത റീജിയണൽ ഓഫീസർ കേണൽ ജാൻവാസ്, ഡെ. കളക്ടർ(എൽഎ എൻഎച്ച്) ദീലീപ്, പ്രൊജക്ട് മാനേജർമാരായ പി ഡി പ്രദീപ്, ബിപിൻ, തദ്ദേശസ്ഥാപന സെക്രട്ടറിമാർ, കെഎസ്ഇബി, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ, നിർമ്മാണ കമ്പനി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.