മഞ്ഞപ്പിത്തം: ശുചിത്വ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം; ആലപ്പുഴ  ജില്ലാ മെഡിക്കൽ ഓഫീസർ

ജില്ലയിൽ മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും ആഹാരം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളും ശുചിത്വകാര്യങ്ങളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ

 

ആലപ്പുഴ : ജില്ലയിൽ മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും ആഹാരം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളും ശുചിത്വകാര്യങ്ങളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.മഞ്ഞപിത്തം വ്യാപകമായ പ്രദേശങ്ങളിൽ ജില്ലാ ആരോഗ്യ വിഭാഗവും പ്രാദേശിക ആരോഗ്യ പ്രവർത്തകരും ശക്തമായ നടപടികൾ എടുത്തുവരികയാണ്.

രോഗബാധിതരിൽ നിന്നും രോഗം മറ്റുള്ളവരിലേക്ക് അതിവേഗം പകരുമെന്നതിനാൽ രോഗബാധിതരും അവരുമായി  സമ്പർക്കത്തിൽ വരുന്നവരും ശുചിത്വ കാര്യങ്ങളിൽ ശ്രദ്ധിക്കണം.2024 സെപ്റ്റംബർ- ഒക്ടോബർ മാസങ്ങളിലായി ചെങ്ങന്നൂർ ഐ എച്ച്  ആർ ഡി  എഞ്ചിനീയറിങ്ങ് കോളേജിലെ 16 വിദ്യാർഥികളിൽ മഞ്ഞപ്പിത്ത രോഗലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. പാണ്ടനാട്, കുറത്തികാട്, ചുനക്കര ബ്ലോക്ക്കളിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ഏകോപനത്തോടെ രോഗനിരീക്ഷണ നിയന്ത്രണ പ്രതിരോധ പ്രവർത്തനങ്ങൾ പ്രദേശത്ത് തുടർന്നു വരുന്നു. മഞ്ഞപിത്തം പോലെയുള്ള പകർച്ചവ്യാധികൾ തടയാൻ പ്രതിരോധശീലങ്ങൾ പാലിക്കുന്നതിൽ പൊതുജനങ്ങൾ അതീവജാഗ്രത പുലർത്തേണ്ടതുണ്ട്.

നൂറനാട് ഗ്രാമപഞ്ചായത്തിൽ 11 പേരിലാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മഞ്ഞപ്പിത്ത രോഗലക്ഷണങ്ങൾ  കണ്ടെത്തിയത്.  ഈ രണ്ട് പ്രദേശങ്ങളിലും രോഗബാധിതരായ വ്യക്തികളിൽ നിന്നുമാണ് മറ്റുള്ളവരിലേക്ക് രോഗബാധയുണ്ടായതായി രോഗനിരീക്ഷണത്തിൽ   കണ്ടെത്തിയത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സൂപ്പർ ക്ലോറിനേഷനും ബോധവൽക്കരണ പ്രവർത്തനങ്ങളും നടന്നുവരുന്നു. 

രോഗാണു ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ പ്രകടമാകാൻ 15 മുതൽ 50 ദിവസം വരെ എടുക്കാം. ആയതിനാൽ രോഗ ബാധയുണ്ടായ പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ  50 ദിവസത്തേക്ക്  തുടരുന്നതാണ്.
രോഗമുള്ളപ്പോൾ ആഹാര പദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്നതും ആഹാരം പങ്കിടുന്നതിലൂടെയും രോഗബാധിതർ ഉപയോഗിക്കുന്ന ടോയ്‌ലറ്റ്, ബക്കറ്റ്,മഗ്,ആഹാരം കഴിക്കുന്ന പാത്രം പോലെയുള്ളവ   പങ്കിട്ട് ഉപയോഗിക്കുന്നതിലൂടെയും രോഗം മറ്റുള്ളവരിലേക്ക് പകരുന്നു.രോഗചികിത്സയിലിരിക്കുന്നവർ ഡോക്ടറുടെ നിർദ്ദേശാനുസരണം മരുന്നുകൾ കൃത്യമായി കഴിക്കുക. രോഗബാധിതർ ആഹാരം പാചകം ചെയ്യുക, വിളമ്പുക പോലെയുള്ള കാര്യങ്ങളിൽ ഏർപ്പെടാതിരിക്കുകയും വിരുന്ന് സൽക്കാരങ്ങൾ പോലെയുള്ള പൊതുചടങ്ങുകളിൽ പങ്കെടുക്കുന്നത് ഒഴിവാക്കുന്നതും രോഗവ്യാപനം തടയുന്നതിന് സഹായകമാകും.

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.ആർഒ  പ്ലാന്റിലെയോ ഫിൽറ്ററിലെയോ വെള്ളമാണെങ്കിൽ കൂടിയും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.തിളപ്പിച്ച വെള്ളം തണുപ്പിക്കാനായി പച്ചവെള്ളം യാതൊരു കാരണവശാലും ചേർക്കരുത്.കുട്ടികളും മറ്റും പൈപ്പുകളിലെ വെള്ളം തിളപ്പിക്കാതെ കുടിക്കുന്നില്ല എന്ന് രക്ഷകർത്താക്കൾ നിർബന്ധമായും ഉറപ്പാക്കേണ്ടതാണ്.ടോയ്‌ലറ്റ് ഉപയോഗിച്ചതിനു ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക.ഭക്ഷണം കഴിക്കുന്നതിന് മുൻപ് നിർബന്ധമായും സോപ്പുപയോഗിച്ച് കൈകൾ വൃത്തിയാക്കുക.പനി, ശരീര വേദന, ഓക്കാനം, ഛർദി, വിശപ്പില്ലായ്മ എന്നീ ലക്ഷണങ്ങൾ ഉണ്ടായാൽ ചികിത്സ തേടുക. സ്വയം ചികിത്സ പൂർണ്ണമായും ഒഴിവാക്കണമെന്നും  ജില്ലാ മെഡിക്കൽ ഓഫീസർ  അറിയിച്ചു.