ലഹരി മാഫിയയുടെ വേരറുക്കാൻ നാട് അണിനിരന്നു: ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

യുവജനതയെ നശിപ്പിക്കുന്ന ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാനിലൂടെ നാട് അണിനിരക്കുകയാണെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച തൂഫാൻ 2.0 തദേശം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

 

ആലപ്പുഴ : യുവജനതയെ നശിപ്പിക്കുന്ന ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാനിലൂടെ നാട് അണിനിരക്കുകയാണെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച തൂഫാൻ 2.0 തദേശം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിവിധ ലഹരി കേസുകളിലായി 10070 പേരെ അറസ്റ്റ് ചെയ്തു. 13964 ലഹരി കേസുകൾ രജിസ്റ്റർ  ചെയ്തു. ഇതുവരെ 2584.35 ഗ്രാം എം ഡി എം എയും 2515.30 കിലോ കഞ്ചാവും പോലീസും എക്സൈസ് വകുപ്പും ചേർന്ന് പിടിച്ചെടുത്തു.

 14000 ത്തോളം പേരെ മദ്യപിച്ചു വാഹനമോടിച്ചതിന് ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിചേർത്തു. എൻഡിപിഎസ് ആക്ട്പ്രകാരം 38 കേസുകൾ രജിസ്റ്റർ ചെയ്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി 157 ബോധവൽക്കരണ ക്യാമ്പുകൾ നടത്തി. സംസ്ഥാനത്തെ മുഴുവൻ ജനങ്ങളും രാഷ്ട്രീയകക്ഷി ഭേദമന്യേ സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നു. ഓപ്പറേഷൻ തൂഫാന്റെ ഏറ്റവും മികച്ച പോരാളികൾ സംസ്ഥാനത്തെ അമ്മമാരാണ്. നിരന്തര നിരീക്ഷണവും ചിട്ടയായ പ്രവർത്തനവും മൂലം ലഹരി  മാഫിയയുടെ വേരറുക്കാനായി. മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെടുന്ന പോലീസുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും; അത്തരക്കാർ സർവീസിൽ ഉണ്ടാകില്ല. മൂന്ന് ഭാഗങ്ങളായി നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാന്റെ ആദ്യഭാഗമായ തൂഫാൻ സ്ട്രൈക്കിൽ പോലീസ്,  എക്സൈസ്, മറ്റു വകുപ്പുകളുടെ സഹകരണത്തോടെ ലഹരി വ്യാപനം തടയുന്നു. മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധം തീർക്കുന്ന തൂഫാൻ വാരിയർ ആണ് രണ്ടാം ഭാഗം. ഇതുവരെ സംസ്ഥാനത്തെ 50 ലക്ഷം ജനങ്ങൾ തൂഫാൻ വാരിയർ ആയി.  ലഹരിക്ക് അടിമപ്പെട്ടവരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാൻ വേണ്ടുന്ന പ്രവർത്തനങ്ങളാണ് മൂന്നാം ഭാഗമായ തൂഫാൻ കെയറിലൂടെ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 48 സർക്കാർ ആശുപത്രികളിൽ ലഹരി വിമുക്തിക്കായി സംവിധാനങ്ങൾ ഒരുക്കി. കേരളത്തിന് പുറത്തേക്കും ഓപ്പറേഷൻ തൂഫാൻ വ്യാപിക്കുകയാണ്. അതിർത്തി പ്രദേശങ്ങളിലെ ലഹരി വ്യാപനം തടയാൻ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്, കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

 പരിപാടിക്ക് മുന്നോടിയായി ഹരിപ്പാട് ഗാന്ധി സ്ക്വയറിൽ നിന്ന് പരിപാടിയുടെ വേദിയായ ഹരിപ്പാട് ക്ഷേത്ര ഓഡിറ്റോറിയം വരെ ജനകീയ യാത്ര സംഘടിപ്പിച്ചു. ഹരിപ്പാട് പോലീസ് സർക്കിൾ ഇൻസ്പെക്ടർ ബി വിനോദ് കുമാർ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. മേഖലയിലെ വിവിധ ക്ലബ്ബുകൾ, വിദ്യാർത്ഥികൾ എൻ സി സി കേഡറ്റുകൾ തുടങ്ങിയവർ ജനകീയ യാത്രയിൽ അണിചേർന്നു.
ഹരിപ്പാട് നഗരസഭ ചെയർപേഴ്സൺ വൃന്ദ എസ് കുമാർ അധ്യക്ഷയായി. വൈസ് ചെയർപേഴ്സൺ എം ബി അനിൽമിത്ര സ്വാഗതം ആശംസിച്ചു . മുഖ്യാതിഥിയായ ജില്ലാ കളക്ടർ ഷാജി വി നായർ തൂഫാൻ പ്രതിജ്ഞ ചൊല്ലി. ജില്ലാ പോലീസ് സൂപ്രണ്ട് ജെ കെ വിഷ്ണു പ്രദീപ് തൂഫാൻ  ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്തു. തൂഫാൻ ബാഡ്ജ് വിതരണം  ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഷാജഹാൻ നിർവഹിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ മിനി സാറാമ്മ, ഷിബു പഞ്ചവടി, വിജയമ്മ പുന്നൂർമഠം, സജീഷ് പാലത്തുംപാടൻ, സി രാജലക്ഷ്മി
നഗരസഭാംഗങ്ങൾ, നഗരസഭാ പ്ലാനിംഗ് ബോർഡ് ചെയർപേഴ്സൺ ശ്രീകാന്ത് പി കൃഷ്ണൻ, ടി ഡി ബി ഡെപ്യൂട്ടി കമ്മീഷണർ ജയറാം പരമേശ്വരൻ, കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ സിന്ധു ആർ നായർ,  ഹരിപ്പാട് നഗരസഭാ സെക്രട്ടറി ബി ഷമീർ മുഹമ്മദ് തുടങ്ങിയവർ  പങ്കെടുത്തു.