ആലപ്പുഴയിൽ മൾട്ടിപ്ലക്സ് തീയേറ്ററുകളിൽ ലഘു പാനീയങ്ങൾക്ക് അമിതവില : പരിശോധനയിൽ ക്രമക്കേട് കണ്ടെത്തി
ആലപ്പുഴ: മൾട്ടി പ്ലസ് തീയേറ്ററുകളിൽ ലഘു പാനീയങ്ങൾക്ക് അമിതവില ഈടാക്കുന്നതായി കണ്ടെത്തി. ജില്ലാ കളക്ടറുടെ സ്‌പെഷ്യൽ സ്‌ക്വാഡ് കൈചൂണ്ടിമുക്കിന് സമീപം പ്രവർത്തിക്കുന്ന പാൻ സിനിമാസ് തീയേറ്ററിനു സമീപത്തായി പ്രവർത്തിക്കുന്ന സർവീസ് റസ്റ്ററന്റുകളിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. സ്ഥാപനത്തിൽ വിൽക്കുന്ന പോപ്പ്കോൺ, ലഘു പാനീയങ്ങൾ എന്നിവയുടെ അളവിലും തൂക്കത്തിലും ക്രമക്കേടുകൾ കണ്ടെത്തി.
വിലവിവര പട്ടികയിലും അളവും തൂക്കവും രേഖപ്പെടുത്തിയിട്ടില്ല. ഭക്ഷ്യ സാധനങ്ങൾ ന്യായമായ വിലക്ക് കൃത്യമായ അളവിലും തൂക്കത്തിലും ഉപഭോക്താക്കൾക്ക് നൽകണമെന്നും വിലവിവര പട്ടികയിൽ അളവും തൂക്കവും കൃത്യമായി രേഖപ്പെടുത്തി പ്രദർശിപ്പിക്കണമെന്നും സ്‌പെഷ്യൽ സ്‌ക്വാഡിന് നേതൃത്വം നൽകിയ ജില്ലാ സപ്ലൈ ഓഫീസർ എം മനോജ് കുമാർ നിർദേശം നൽകി. പരിശോധനയിൽ ലീഗൽ മെട്രോളജി, ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.