സി.ബി.എല്ലിലൂടെ കായംകുളത്തെ ലോക ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്താൻ സാധിക്കണം: എക്സൈസ് വകുപ്പ് മന്ത്രി എം ലിജു
ലോക ടൂറിസം ഭൂപടത്തിൽ കായംകുളത്തെ അടയാളപ്പെടുത്തും വിധം ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി മത്സരങ്ങൾ വിപുലമായി സംഘടിപ്പിക്കണമെന്ന് എക്സൈസ് സഹകരണ വകുപ്പ് മന്ത്രി എം ലിജു പറഞ്ഞു
ആലപ്പുഴ : ലോക ടൂറിസം ഭൂപടത്തിൽ കായംകുളത്തെ അടയാളപ്പെടുത്തും വിധം ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി മത്സരങ്ങൾ വിപുലമായി സംഘടിപ്പിക്കണമെന്ന് എക്സൈസ് സഹകരണ വകുപ്പ് മന്ത്രി എം ലിജു പറഞ്ഞു. കായംകുളത്ത് നവംബർ 14ന് സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ സെമിഫൈനൽ മത്സരങ്ങൾക്കായി രൂപീകരിച്ച സംഘാടക സമിതിയുടെ യോഗത്തിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മന്ത്രി.
വള്ളംകളി സുഗമമായി നടത്താൻ കായംകുളം കായലിന്റെ ആഴം വർദ്ധിപ്പിക്കും. കാണികൾക്കായി സ്ഥലസൗകര്യം ഒരുക്കണം. വള്ളംകളിയുമായി ബന്ധപ്പെട്ട വിവിധ ആഘോഷ പരിപാടികൾ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭ പ്രദേശങ്ങളിലും നടത്തണം. സംഘാടകസമിതിയുടെ ചെയർമാൻ ജില്ലയുടെ ചുമതലയുള്ള മന്ത്രിയും കൺവീനർ ജില്ലാ കളക്ടറുമാണ്.
സെമി ഫൈനൽ ദിനത്തിന് രണ്ടു ദിവസം മുന്നോടിയായി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കണം. ഓരോ പ്രദേശത്തിന്റെയും തനതായ കലാരൂപങ്ങളും സാംസ്കാരിക പാരമ്പര്യവും അടയാളപ്പെടുത്തുന്ന പരിപാടികളാണ് സംഘടിപ്പിക്കേണ്ടത്. കായംകുളത്തിന്റെ വ്യാപാര വ്യവസായ ടൂറിസം സാധ്യതകൾ വള്ളംകളിയുടെ വിപുലീകരിക്കപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കായംകുളം മുൻസിപ്പൽ ചെയർമാൻ ശരത് ലാൽ ബല്ലാരി, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ റ്റി എസ് താഹ, മുൻ എംഎൽഎ സി കെ സദാശിവൻ, ആർ.കെ.കുറുപ്പ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.