ഭരണനടപടികൾ ലളിതമായ ഭാഷയിൽ ജനങ്ങളിലെത്തണം: ആലപ്പുഴ ജില്ല കളക്ടർ
ദൈനംദിന ഭരണനടപടികൾ സങ്കീർണത ഒഴിവാക്കി ലളിതമായ ഭാഷയിൽ ജനങ്ങളിലെത്തണമെന്ന് ജില്ല കളക്ടർ ഷാജി വി.നായർ പറഞ്ഞു. മലയാള ദിനം ഭരണഭാഷ വാരാഘോഷം ജില്ലാതല ഉദ്ഘാടനം കളക്ട്രേറ്റ് കോൺഫ്രൻസ് ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആലപ്പുഴ :ദൈനംദിന ഭരണനടപടികൾ സങ്കീർണത ഒഴിവാക്കി ലളിതമായ ഭാഷയിൽ ജനങ്ങളിലെത്തണമെന്ന് ജില്ല കളക്ടർ ഷാജി വി.നായർ പറഞ്ഞു. മലയാള ദിനം ഭരണഭാഷ വാരാഘോഷം ജില്ലാതല ഉദ്ഘാടനം കളക്ട്രേറ്റ് കോൺഫ്രൻസ് ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തിന്റെ സാംസ്ക്കാരിക ചരിത്രത്തിൽ അഭിമാനിക്കുമ്പോഴും ഭരണഭാഷയിലെ സങ്കീർണതകൾ പരിഹരിച്ച് കൂടുതൽ ജനകീയമാക്കേണ്ട ബാധ്യത ഉദ്യോഗസ്ഥ സംവിധാനം ഏറ്റെടുക്കണമെന്ന് ജില്ല കളക്ടർ പറഞ്ഞു.
ജില്ലാ ഭരണകേന്ദ്രവും വിവര പൊതുജനസമ്പർക്ക വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽ മലയാള ഭാഷയ്ക്ക് നൽകിയ സംഭാവനകൾക്ക് അധ്യാപകനും, പത്രപ്രവർത്തകനും ഗാന്ധിയനും പ്രഭാഷകനുമായ ചുനക്കര ജനാർദ്ദനൻ നായരെ ജില്ല കളക്ടർ ആദരിച്ചു.ഭരണതലത്തിൽ പൂർണമായ രീതിയിൽ മലയാള ഭാഷ നടപ്പാക്കുന്നതിനായുള്ള പ്രവർത്തനങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥർ അഭിമാനത്തോടെ അണിചേരണമെന്നു ചുനക്കര അഭിപ്രായപ്പെട്ടു.
ഭരണഭാഷ പ്രഭാഷണം നടത്തിയ ആലപ്പുഴ എസ് ഡി കോളേജ് മലയാള വിഭാഗം അധ്യാപകൻ ഡോ. സജിത്ത് ഏവൂരേത്ത് ക്രയവിക്രയ പദങ്ങളിൽ സംസ്കൃത സ്വാധീനം കുറയ്ക്കണമെന്നും ശുദ്ധ മലയാളം പ്രോത്സാഹിപ്പിക്കണമെന്നും പറഞ്ഞു. മലയാള ഭാഷ കൂടുതൽ ജനകീയമാക്കുന്നതിൽ മലയാള സിനിമാഗാനശാഖയുടെ സംഭാവന വലുതാണെന്ന് അദ്ദേഹം പറഞ്ഞു. എ ഡി എം സി പ്രേംജി അധ്യക്ഷനായി. ജില്ലാ കളക്ടർ ഭരണഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.അധ്യാപകനും മുൻ ഡിടിപിസി സെക്രട്ടറിയുമായ സി പ്രദീപ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ എസ് സുമേഷ്, അസിസ്റ്റന്റ് എഡിറ്റർ എം. അമിയ എന്നിവർ സംസാരിച്ചു. ചടങ്ങിൽ റവന്യു ജീവനക്കാരി എ എസ് ഇന്ദുലേഖ വള്ളത്തോൾ രചിച്ച 'എന്റെ ഭാഷ' എന്ന കവിത ആലപിച്ചു.