യുവജനങ്ങൾ രാജ്യത്തിന്റെ ശക്തിസ്രോതസ്: തോമസ് ചാഴികാടൻ എം.പി

 

കോട്ടയം: രാജ്യത്തിന്റെ ശക്തിസ്രോതസ് യുവജനങ്ങളാണെന്നു തോമസ് ചാഴികാടൻ എം.പി. പാലാ സെന്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജിയിൽ ആരോഗ്യവകുപ്പ് സംഘടിപ്പിച്ച ദേശീയ യുവജനദിനാഘോഷം  ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു എം.പി.യുവജനങ്ങളുടെ വികസനത്തിലൂടെ മാത്രമേ രാജ്യത്തിനു ഭാവിയുണ്ടാകൂവെന്നും ഇതിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഹിക്കുന്ന പങ്ക് വലുതാണെന്നും എം.പി. പറഞ്ഞു.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന സെമിനാറിൽ പാലാ രൂപതാ വികാരി ജനറലും കോളജ് ചെയർമാനുമായ ഫാ. ജോസഫ് മലേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചാത്തംഗങ്ങളായ നിർമ്മല ജിമ്മി, രാജേഷ് വാളിപ്ലാക്കിൽ എന്നിവർ മുഖ്യാതിഥികളായിരുന്നു. പ്രിൻസിപ്പൽ ഡോ. ഷെറി കുര്യൻ സന്ദേശം നൽകി. ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോമി ജോൺ, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ റ്റിൽവിൻ സാബു എന്നിവർ പ്രസംഗിച്ചു.  

ദിനാചരണത്തോടനുബന്ധിച്ച് കോളജിൽ നടന്ന രക്തദാന ക്യാമ്പിൽ 50 വിദ്യാർഥികൾ രക്തം ദാനം ചെയ്തു. ഗവർണർ 118-മത് തവണ രക്തം ദാനം ചെയ്ത് ഷിബു തെക്കേമറ്റം രക്തദാനക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.ജില്ലയിൽ 20 കോളജുകളിൽ എൻ.എസ്.എസ്. യൂണിറ്റുകളുടെയും ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും നേതൃത്വത്തിൽ ലഹരിക്കെതിരേ ബോധവത്കരണം നടന്നു.