മൃഗചികിത്സാ സംവിധാനങ്ങള്‍ വീട്ടുപടിക്കല്‍; മൊബൈല്‍ വെറ്ററിനറി യൂണിറ്റ് തിരൂരില്‍ സേവനമാരംഭിച്ചു

 

മലപ്പുറം :  മൃഗചികിത്സാ സംവിധാനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന മൊബൈല്‍ വെറ്ററിനറി ക്ലിനിക്കിന്റെ തിരൂര്‍ ബ്ലോക്ക്തല ഉദ്ഘാടനം കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ നിര്‍വഹിച്ചു. തിരൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീന്‍ അധ്യക്ഷനായി. മൃഗസംരക്ഷണ വകുപ്പ് മലപ്പുറം ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ. ജോയ് ജോര്‍ജ് പദ്ധതി വിശദീകരണം നടത്തി. പരിപാടിയോടനുബന്ധിച്ച് കന്നുകാലികളിലെ സാംക്രമിക രോഗങ്ങളെ കുറിച്ച് വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ.വി പ്രഭാകരന്‍ കര്‍ഷകര്‍ക്ക് ക്ലാസ് എടുത്തു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന ലൈവ്‌സ്റ്റോക്ക് ഹെല്‍ത്ത് ആന്റ് ഡിസീസ് കണ്‍ട്രോള്‍ എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ കീഴില്‍ മൃഗസംരക്ഷണ വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ ആരംഭിച്ചിട്ടിള്ളത്. തിരൂര്‍, നിലമ്പൂര്‍ ബ്ലോക്കുകളിലേക്കായി രണ്ട് വാഹനങ്ങളാണ് നിലവില്‍ ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ളത്. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് 1962 എന്ന ടോള്‍ ഫ്രീ നമ്പറില്‍ സേവനത്തിനായി ബന്ധപ്പെടാം. ഓരോ വാഹനത്തിലും ഒരു വെറ്ററിനറി സര്‍ജന്‍, ഒരു പാരാവെറ്റ്, ഒരു ഡ്രൈവര്‍ കം അറ്റന്റന്‍ഡ് എന്നിങ്ങനെ മൂന്ന് പേരാണുള്ളത്. തുടക്കത്തില്‍ ഉച്ചയ്ക്ക് ഒന്ന് മുതല്‍ എട്ടുവരെയാണ് സേവനം.

ക്ഷീര കര്‍ഷകര്‍ക്ക് വാതില്‍പ്പടി സേവനം ലഭിക്കുന്നതിന് ഫീസ് നിരക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. കന്നുകാലികള്‍, പൗള്‍ട്രി മുതലായവയ്ക്ക് 450 രൂപയാണ് നിരക്ക്. കൃത്രിമ ബീജദാനത്തിന് 50 രൂപ അധികം നല്‍കണം. അരുമ മൃഗങ്ങള്‍ക്ക് 950 രൂപ, ഒരേ വീട്ടിലെ കന്നുകാലികള്‍, പൗള്‍ട്രി, അരുമ മൃഗങ്ങള്‍ എന്നിവയ്ക്ക് ഒന്നിച്ചുള്ള ചികിത്സയ്ക്ക് 950 രൂപ എന്നിങ്ങനെയുമാണ് നിരക്ക്.

പരിപാടിയില്‍ തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത പുളിക്കല്‍, നഗരസഭാ കൗണ്‍സിലര്‍മാരായ വി. നന്ദന്‍, പി. ഷാനവാസ്, തിരൂര്‍ സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ. പി ഉഷ, ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു.