ശാസ്ത്രീയ പാഠ്യപദ്ധതി സര്‍ക്കാര്‍ ലക്ഷ്യം:മന്ത്രി വി.ശിവന്‍കുട്ടി

 

കൊല്ലം :  ശാസ്ത്രീയ പാഠ്യപദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. തഴവ ആദിത്യ വിലാസം സര്‍ക്കാര്‍ എല്‍.പി.സ്‌കൂളിലെ ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.   പരീക്ഷകളും സമ്മര്‍ദ്ധങ്ങളും പരമാവധി കുറയ്ക്കുന്ന ശാസ്ത്രീയ പാഠ്യപദ്ധതിയാണ് ആവശ്യം. സ്‌കൂളുകള്‍ അധ്യാപകരുടെ മാത്രം ഉത്തരവാദിത്തം അല്ല. പഞ്ചായത്ത് മുതല്‍ പി.ടി.എ വരെ ഉള്ളവര്‍ക്ക് അതില്‍ ചുമതലകളുണ്ട്.
സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത സ്‌കൂളുകള്‍ ഇപ്പോഴില്ല. സന്തോഷപൂര്‍വമായ പഠനാന്തരീക്ഷം ഒരുക്കാന്‍ അധ്യാപകര്‍ മാറ്റത്തിനൊപ്പം നില്‍ക്കണം. ഭൂരിപക്ഷം അധ്യാപകരും ഇക്കാര്യത്തില്‍ മാതൃകയാണ്. എന്നാല്‍ ചില അധ്യാപകരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന തെറ്റായ പ്രവണതകള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

സി.ആര്‍.മഹേഷ് എം.എല്‍.എ അധ്യക്ഷനായി. എ.എം.ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തി. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രന്‍, തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.സദാശിവന്‍, മുന്‍ എം.എല്‍.എ ആര്‍.രാമചന്ദ്രന്‍,  ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ അനില്‍.എസ്.കല്ലേലിഭാഗം, പി.കെ.ഗോപന്‍, തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.