ചൂട്ടാട് കടലിൽ കുളികാനിറങ്ങിയ ശബരിമല തീർത്ഥാടകൻ മുങ്ങിമരിച്ചു

 


കണ്ണൂർ: പുതിയങ്ങാടി ചൂട്ടാട് കടലിൽ കുളിക്കാനിറങ്ങിയ യുവാവ് തിരയിൽപ്പെട്ട് മരിച്ചു. കർണ്ണാടക മടിക്കേരി സ്വദേശി ശശാങ്ക് ഗൗഡ (23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ചിന്തൻ (27)നെ മത്സ്യ തൊഴിലാളികൾ ചേർന്ന് രക്ഷപ്പെടുത്തി. ശനിയാഴ്ച്ച രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. ശബരിമല ദർശനം കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചു പോകുന്നതിനിടെ അയ്യപ്പ തീർത്ഥാടകസംലത്തിൽ ഇവർ കടൽ തീരം കണ്ടപ്പോൾ കുളിക്കാനിറങ്ങിയതായിരുന്നു. കടലിലെക്ക് ഇറങ്ങിയ ശശാങ്ക് തിരയിൽപ്പെട്ട് ഒലിച്ചു പോവുകയായിരുന്നു. 

ശശാങ്ക് തിരയിൽപ്പെട്ടു മുങ്ങിതാഴുന്നതു കണ്ടപ്പോൾ കൂടെയുണ്ടായിരുന്നവർ ബഹളമുണ്ടാക്കുകയും കരച്ചിൽ കേട്ടെത്തിയ മത്സ്യ തൊഴിലാളികൾ തോണിയെടുത്ത് കടലിൽ തെരച്ചിൽ നടത്തുകയുമായിരുന്നു. ശശാങ്കിനെ കടലിൽ നിന്നും പുറത്തെടുത്ത് പരിയാരത്തെ കണ്ണൂർ ഗവ.. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറി യിൽ സുക്ഷിച്ചിട്ടുണ്ട്. പഴയങ്ങാടി പൊലീസ് ഇൻക്വസ്റ്റ് നടത്തി. 

മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും. കഴിഞ്ഞ ദിവസം തലശേരി - കണ്ണൂർ റോഡിലെ തോട്ടട നടാൽ റെയിൽവേ ഗേറ്റിന് സമീപം ചായ കുടിക്കാനിറങ്ങിയപ്പോൾ കർണ്ണാടക സ്വദേശിയായ ശബരിമല തീർത്ഥാടകൻ ട്രെയിൻ തട്ടി മരിച്ചിരുന്നു. ഇതിനു ശേഷമാണ് മറ്റൊരു ദുരന്തം കൂടിയുണ്ടായത്.