പമ്പയെ ശുചിയാക്കി വിശുദ്ധിസേന
തീർത്ഥാടകർ ഉപേക്ഷിക്കുന്ന തുണികൾ അടിഞ്ഞുകൂടി പമ്പാ നദി മലിനപ്പെടുന്ന സാഹചര്യത്തിൽ സഹായഹസ്തം നീട്ടി വിശുദ്ധി സേനാംഗങ്ങൾ. തീർത്ഥാടക പ്രവാഹം വർധിച്ചതോടെ പമ്പ ത്രിവേണിയിലും മണപ്പുറത്തും തുണികൾ വലിയതോതിൽ കുമിഞ്ഞുകൂടുന്ന സ്ഥിതിവിശേഷം സംജാതമായിരുന്നു.
പത്തനംതിട്ട : തീർത്ഥാടകർ ഉപേക്ഷിക്കുന്ന തുണികൾ അടിഞ്ഞുകൂടി പമ്പാ നദി മലിനപ്പെടുന്ന സാഹചര്യത്തിൽ സഹായഹസ്തം നീട്ടി വിശുദ്ധി സേനാംഗങ്ങൾ. തീർത്ഥാടക പ്രവാഹം വർധിച്ചതോടെ പമ്പ ത്രിവേണിയിലും മണപ്പുറത്തും തുണികൾ വലിയതോതിൽ കുമിഞ്ഞുകൂടുന്ന സ്ഥിതിവിശേഷം സംജാതമായിരുന്നു.
ശബരിമല എഡിഎം ദിലീപ് കെ കൈനിക്കരയുടെ നിർദ്ദേശാനുസരണം പമ്പ ഡ്യൂട്ടി മജിസ്ട്രേറ്റ് അതുൽ സ്വാമിനാഥ്, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ജോജി ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തികൾ നടത്തിയത്. പമ്പ പ്രദേശത്തെ സാനിറ്റേഷൻ മോണിറ്ററിങ് ഓഫീസർമാർ പ്രവർത്തികൾക്ക് മേൽനോട്ടം വഹിച്ചു.
പത്തനംതിട്ട ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ശബരിമല സാനിറ്റേഷൻ സൊസൈറ്റിയുടെ കീഴിലുള്ള വിശുദ്ധി സേനയിൽ ഇത്തവണ സേവന സന്നദ്ധരായി എത്തിയിരിക്കുന്നത് ആയിരത്തോളം പ്രവർത്തകരാണ്. തുണികൾ പമ്പയിൽ ഉപേക്ഷിക്കുന്നതിനെതിരെ ദേവസ്വം ബോർഡും സർക്കാർ വകുപ്പുകളും നിരന്തരം ബോധവൽക്കരണം നടത്തുന്നുണ്ട്.