ഭൂപ്രകൃതിക്കിണങ്ങിയ നഗരാസൂത്രണം അനിവാര്യം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി
പത്തനംതിട്ടയുടെ സവിശേഷമായ ഭൂപ്രകൃതിക്ക് അനുയോജ്യമായ നഗരാസൂത്രണം ജില്ലയിൽ അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി. ലോക നഗരാസൂത്രണ ദിനത്തിന്റെ ഭാഗമായി പത്തനംതിട്ട നഗരാസൂത്രണ വിഭാഗത്തിന്റെ
പത്തനംതിട്ട :പത്തനംതിട്ടയുടെ സവിശേഷമായ ഭൂപ്രകൃതിക്ക് അനുയോജ്യമായ നഗരാസൂത്രണം ജില്ലയിൽ അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി. ലോക നഗരാസൂത്രണ ദിനത്തിന്റെ ഭാഗമായി പത്തനംതിട്ട നഗരാസൂത്രണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിലെ പമ്പാ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ജില്ല രൂപീകൃതമായി 44 വർഷം പിന്നിട്ടിട്ടും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ ഇനിയും മുന്നേറാനുണ്ട്. വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കി വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയാൽ ജില്ലയിലെ നഗരങ്ങളിൽ മികച്ചമാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും. ലഭ്യമായ സ്ഥലങ്ങളിൽ ശരിയായ ആസൂത്രണമില്ലാതെ കെട്ടിടങ്ങളും ശൗചാലയങ്ങളും നിർമിക്കുന്ന രീതിക്ക് മാറ്റം വരണം. റിംഗ് റോഡ് വികസനം പ്രയോജനപ്പെടുത്തിയും വിനോദത്തിനും മാനസിക ഉല്ലാസത്തിനുമുള്ള അനുയോജ്യമായ പാർക്കുകൾ നിർമിച്ചും നഗരത്തിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും പ്രസിഡന്റ് നിർദേശിച്ചു. നഗരാസൂത്രണ പദ്ധതികളും പഠനങ്ങളും കടലാസിൽ മാത്രം ഒതുങ്ങാതെ പ്രവർത്തികമാക്കാൻ കഴിയണമെന്നും അവർ കൂട്ടിച്ചേർത്തു.
നാഗരാസൂത്രണത്തിലും കെട്ടിട നിർമ്മാണത്തിലും സ്ഥലപരാസൂത്രണത്തിന് (Spatial Planning) വളരെ പ്രാധാന്യമുണ്ടെന്ന് ജില്ലാ കളക്ടർ എ നിസാമുദ്ദീൻ പറഞ്ഞു. പരിപാടിയിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. റോഡുകളുടെ ഇരുവശങ്ങളിൽ മാത്രം കെട്ടിടങ്ങൾ നിർമ്മിക്കുന്ന പരമ്പരാഗത രീതിക്ക് പകരം, കൃത്യമായി ഭൂമി തരംതിരിച്ച് വസതികളും കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും നിർമ്മിക്കണം. ഭാവിയിലെ വികസനവും സാധ്യതകളും ആവശ്യതകളും കാലാവസ്ഥാ പ്രതിരോധവും മുന്നിൽകണ്ടാവണം നിർമാണപ്രവർത്തനങ്ങൾ നടപ്പിലാക്കേണ്ടതെന്നും കളക്ടർ കൂട്ടിച്ചേർത്തു.
പ്ലാനിംഗ് വിദഗ്ധൻ ജോർജ് കോശി നഗരാസൂത്രണദിന സന്ദേശം നൽകി. ജില്ലാ ടൗൺ പ്ലാനർ ജി അരുൺ സ്വാഗതം ആശംസിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ ജെ ഷംല ബീഗം, അസിസ്റ്റന്റ് എൻജിനീയർ ജോർജ് എം വർഗീസ്, ഡെപ്യൂട്ടി ടൗൺ പ്ലാനർ നിമ്മി കുര്യൻ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ ദീപാ ചന്ദ്രൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി കെ സയൂജ, സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വി എസ് പ്രീത്, തദ്ദേശ സ്വയംഭരണ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ ബിന്ദു വേലായുധൻ തുടങ്ങിയവർ പങ്കെടുത്തു.ലോക നഗരാസൂത്രണ ദിനത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പോസ്റ്റർ രചനാ മത്സരത്തിലെ വിജയികൾക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ സമ്മാനിച്ചു.