ഏഴംകുളത്ത് യുഡിഎഫ് സ്ഥാനാർഥിയുടെ പത്രിക തള്ളി

ഏഴംകുളം ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയുടെ പത്രിക സൂഷ്മ പരിശോധനയിൽ തള്ളി. മൂന്നാം വാർഡ് യുഡിഎഫ്  സ്ഥാനാർഥിയായ ഷിനു വിജിയുടെ പത്രികയാണ് വരണാധികാരിയായ താലൂക്ക് സർവേ സൂപ്രണ്ട് തള്ളിയത്.

 


അടൂർ: ഏഴംകുളം ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയുടെ പത്രിക സൂഷ്മ പരിശോധനയിൽ തള്ളി. മൂന്നാം വാർഡ് യുഡിഎഫ്  സ്ഥാനാർഥിയായ ഷിനു വിജിയുടെ പത്രികയാണ് വരണാധികാരിയായ താലൂക്ക് സർവേ സൂപ്രണ്ട് തള്ളിയത്. നാമനിർദേശികപത്രികയിൽ ഷിനുവിനെ നാമനിർദേശം ചെയ്തയാൾ പത്രികയിൽ ഒപ്പിട്ടതിൽ ഉണ്ടായ തെറ്റാണ് പത്രിക തള്ളാൻ കാരണം.

ഒപ്പിട്ടപ്പോഴുള്ള അശ്രദ്ധ മൂലമാണ് ഇങ്ങനെ സംഭവിച്ചത് എന്ന് സ്ഥാനാർഥിയും ഒപ്പമുള്ളവരും വാദിച്ചു. എന്നാൽ ഈ പിഴവ് എതിർ സ്ഥാനാർത്ഥികൾ ചൂണ്ടിക്കാട്ടുകയും പത്രിക തള്ളണമെന്ന് വാദിക്കുകയും ചെയ്തതോടെ വരണാധികാരി പത്രിക തള്ളിയതായി പ്രഖ്യാപിച്ചു. 12 മണിക്ക് മുൻപ് പത്രിക തള്ളിയ ഉത്തരവ് വൈകീട്ട് 5 .30 വരെ കാത്തു നിന്നിട്ടും നൽകിയില്ലയെന്ന് കോൺഗ്രസ് ആരോപിക്കുന്നുണ്ട്. ഉച്ചയ്ക്ക് മുൻപ് ഉത്തരവ് ലഭിച്ചിരുന്നുവെങ്കിൽ തങ്ങൾക്ക് ഹൈക്കോടതിയെ സമീപിക്കാമായിരുന്നുവെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.സംഭവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച കോൺഗ്രസ്  ഹൈക്കോടതിയെ സമീപിക്കും. എൽഡിഎഫ്,യുഡിഎഫ്, എൻഡിഎ എന്നീ മുന്നണികളുടെ മൂന്ന് നാമനിർദ്ദേശ പത്രികയാണ് ലഭിച്ചത്.