പത്തനംതിട്ട ജില്ലയിൽ ടിപ്പർ ലോറികൾക്ക് കർശന നിയന്ത്രണം; നിയമലംഘിച്ചാൽ കടുത്ത നടപടി

ജില്ലയിൽ ടിപ്പർ ലോറികളുടെ സർവീസുകളുമായി ബന്ധപ്പെട്ട് കർശന നിയന്ത്രണങ്ങളും പരിശോധനയും ഏർപ്പെടുത്തിയതായി പത്തനംതിട്ട ആർ.ടി.ഒ സി. ശ്യാം അറിയിച്ചു.

 

പത്തനംതിട്ട :  ജില്ലയിൽ ടിപ്പർ ലോറികളുടെ സർവീസുകളുമായി ബന്ധപ്പെട്ട് കർശന നിയന്ത്രണങ്ങളും പരിശോധനയും ഏർപ്പെടുത്തിയതായി പത്തനംതിട്ട ആർ.ടി.ഒ സി. ശ്യാം അറിയിച്ചു. പൊതുജനങ്ങളുടെയും വിദ്യാർഥികളുടെയും സുരക്ഷ മുൻനിർത്തി മോട്ടോർ വാഹന വകുപ്പ് പരിശോധന ശക്തമാക്കും.

ടിപ്പർ ലോറികൾക്ക് രാവിലെ 8.30 മുതൽ 10 വരെയും വൈകിട്ട് മൂന്ന് മുതൽ 4:30 വരെയും കർശന സർവീസ് വിലക്ക് ഉണ്ടാകും. ഈ സമയങ്ങളിൽ ടിപ്പർ ലോറികൾ റോഡിലിറക്കരുത്. മണൽ, മണ്ണ്, മെറ്റൽ തുടങ്ങിയ നിർമാണ സാമഗ്രികൾ കൊണ്ടുപോകുന്ന വാഹനങ്ങൾ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ (പൊടി പറക്കാതെയോ താഴേക്ക് വീഴാതെയോ) നിർബന്ധമായും പൂർണമായി മൂടിക്കെട്ടി മാത്രമേ സർവീസ് നടത്താവൂ. അമിതവേഗത, അമിതഭാരം എന്നിവ അനുവദിക്കില്ല. 

വാഹനങ്ങളിലെ സ്പീഡ് ഗവേണർ വേർപെടുത്തുകയോ കേടുപാടുകൾ വരുത്തുകയോ ചെയ്യരുത്. ഡ്രൈവർമാർ മദ്യപിച്ചോ മറ്റ് ലഹരിപദാർത്ഥങ്ങൾ ഉപയോഗിച്ചോ വാഹനങ്ങൾ ഓടിക്കരുത്. ടിപ്പർ ലോറി ജീവനക്കാർ ജോലി സമയത്ത് കൃത്യമായി നിശ്ചിത യൂണിഫോം ധരിക്കണം. നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെയും ജീവനക്കാർക്കെതിരെയും കർശന ശിക്ഷാനടപടി സ്വീകരിക്കും. നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് റദ്ദാക്കുന്നതിനും ഡ്രൈവർമാരുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനും പുറമെ കനത്ത പിഴയും നിയമനടപടികളും നേരിടേണ്ടിവരും. ജില്ലയിലുടനീളം മോട്ടോർ വാഹന വകുപ്പിന്റെ കർശനമായ സ്‌പെഷ്യൽ ഡ്രൈവും പരിശോധനയും ഉണ്ടാകുമെന്ന് ആർ.ടി.ഒ അറിയിച്ചു.