ശബരിമല തീർത്ഥാടനകാലം:ഭക്ഷണം കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാർക്കും ഹെൽത്ത് കാർഡ് നിർബന്ധം
മണ്ഡലമകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് ശബരിമലയിലെത്തുന്ന തീർത്ഥാടകരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി ആരോഗ്യശുചിത്വ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും നേതൃത്വത്തിൽ ഹോട്ടൽ ഉടമകൾക്കും കച്ചവട സ്ഥാപന ഉടമകൾക്കുമായി
പത്തനംതിട്ട : മണ്ഡലമകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് ശബരിമലയിലെത്തുന്ന തീർത്ഥാടകരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി ആരോഗ്യശുചിത്വ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും നേതൃത്വത്തിൽ ഹോട്ടൽ ഉടമകൾക്കും കച്ചവട സ്ഥാപന ഉടമകൾക്കുമായി ബോധവൽക്കരണ ക്ലാസും പരിശീലന പരിപാടിയും സംഘടിപ്പിച്ചു. പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജെ മണികണ്ഠൻ വിഷയാവതരണം നടത്തി. ഭക്ഷണം തയ്യാറാക്കുന്നതിലും വിതരണം ചെയ്യുന്നതിലും ശുചിത്വ മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം വിശദീകരിച്ചു.
തീർത്ഥാടന പാതയിലെ ഭക്ഷണശാലകൾ, ഹോട്ടലുകൾ, വ്യാപാരസ്ഥാപനങ്ങൾ, കുടിവെള്ള വിതരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ആരോഗ്യശുചിത്വ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിന് ആവശ്യമായ ബോധവൽക്കരണവും പരിശോധനകളും നടത്തും. ഭക്ഷണം പാകം ചെയ്യുന്നവരും വിതരണം ചെയ്യുന്നവരും കൈകാര്യം ചെയ്യുന്നവരും വ്യക്തിശുചിത്വം കർശനമായി പാലിക്കണം. ഭക്ഷണം കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാർക്കും ഹെൽത്ത് കാർഡ് നിർബന്ധമായും ഉണ്ടായിരിക്കണം. പാചകത്തിലും ഭക്ഷ്യവിതരണത്തിലും ഏർപ്പെടുന്നവർ വൃത്തിയുള്ള വസ്ത്രം ധരിക്കുന്നതിനൊപ്പം തലമുടി ഭക്ഷണത്തിൽ വീഴുന്നത് ഒഴിവാക്കാൻ ക്യാപ് നിർബന്ധമായും ഉപയോഗിക്കണം. ഭക്ഷണം കൈകാര്യം ചെയ്യുന്നവർ കൈകൾ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകുകയും ആവശ്യമായ ഘട്ടങ്ങളിൽ വൃത്തിയുള്ള ഡിസ്പോസിബിൾ ഗ്ലൗസുകൾ ധരിക്കുകയും വേണം. ഭക്ഷണം വിളമ്പുന്നതിനും നേരിട്ട് കൈകൊണ്ട് സ്പർശിക്കാതെ അനുയോജ്യമായ ഉപകരണങ്ങൾ ഉപയോഗിക്കണം. പാചകപ്പുരകളും ഭക്ഷണം തയ്യാറാക്കുന്ന സ്ഥലങ്ങളും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. തറയിൽ വെള്ളവും മലിനജലവും കെട്ടിനിൽക്കാൻ അനുവദിക്കരുത്.
ഭക്ഷണാവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും നിക്ഷേപിക്കുന്നതിന് അടപ്പുള്ള വേസ്റ്റ് ബിന്നുകൾ നിർബന്ധമായും ഉപയോഗിക്കുകയും അവ നിറയുന്നതിന് മുമ്പ് കൃത്യമായി നീക്കം ചെയ്ത് ശാസ്ത്രീയമായി സംസ്കരിക്കുകയും വേണം. പാചകത്തിനായി ഉപയോഗിക്കുന്ന പച്ചക്കറികൾ ശുദ്ധജലത്തിൽ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം മാത്രം ഉപയോഗിക്കണം. അഴുകിയതും കേടുപാടുകൾ സംഭവിച്ചതുമായ പച്ചക്കറികളും പഴവർഗങ്ങളും ഭക്ഷ്യവസ്തുക്കളും യാതൊരു കാരണവശാലും പാചകത്തിന് ഉപയോഗിക്കരുത്. കേടായവ ഉടൻ നീക്കം ചെയ്യുകയും നല്ല പച്ചക്കറികൾ കേടുകൂടാതെ ശുചിത്വമുള്ള സാഹചര്യത്തിൽ സൂക്ഷിക്കുകയും വേണം. ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും പാചകത്തിന് ഉപയോഗിക്കരുത്. ആവശ്യമായ പച്ചക്കറികൾ മാത്രം തൊലി നീക്കം ചെയ്തു വൃത്തിയാക്കി പാചകത്തിനായി തയ്യാറാക്കണം. പാകം ചെയ്തതും ചെയ്യാത്തതുമായ ഭക്ഷണസാധനങ്ങൾ തുറന്നുവെക്കാൻ പാടില്ല. ഈച്ചകൾ, മറ്റ് പ്രാണികൾ, പൊടി എന്നിവ കടക്കാത്തവിധം ഭക്ഷണപദാർഥങ്ങൾ എപ്പോഴും അടച്ചുവെക്കുകയും ശരിയായ രീതിയിൽ സംഭരിക്കുകയും വേണം.
തീർത്ഥാടനകാലത്ത് വിവിധ സംസ്ഥാനങ്ങളിൽനിന്ന് ലക്ഷക്കണക്കിന് ആളുകൾ എത്തുന്ന സാഹചര്യത്തിൽ പകർച്ച വ്യാധികൾ, വയറിളക്കരോഗങ്ങൾ ഉൾപ്പെടെയുള്ള ജലജന്യഭക്ഷ്യജന്യ രോഗങ്ങളും മറ്റ് പകർച്ചവ്യാധികളും വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണം. ശുദ്ധമായ കുടിവെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കുക, കുടിവെള്ള സംഭരണികൾ കൃത്യമായ ഇടവേളകളിൽ ശുചീകരിച്ച് അണുവിമുക്തമാക്കുക, ഭക്ഷണം തയ്യാറാക്കുന്നതിനും സൂക്ഷിക്കുന്നതിനും സുരക്ഷിതമായ സാഹചര്യം ഒരുക്കുക എന്നിവയ്ക്ക് പ്രത്യേക ശ്രദ്ധ നൽകണം. ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന തൊഴിലാളികൾ ഉൾപ്പെടെ ഭക്ഷണം തയ്യാറാക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഏർപ്പെട്ടിരിക്കുന്ന മുഴുവൻ ജീവനക്കാരുടെയും ആരോഗ്യസ്ഥിതി, ഹെൽത്ത് കാർഡ്, വ്യക്തിശുചിത്വം എന്നിവ ഉറപ്പാക്കണം. രോഗലക്ഷണങ്ങളുള്ളവർ ഭക്ഷണം കൈകാര്യം ചെയ്യുന്ന ജോലികളിൽ ഏർപ്പെടരുത്. ഹോട്ടലുടമകളും വ്യാപാരികളും ജീവനക്കാരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിച്ച് തീർത്ഥാടകർക്ക് സുരക്ഷിതമായ ഭക്ഷണവും ശുചിത്വപൂർണമായ അന്തരീക്ഷവും ഉറപ്പാക്കാൻ സഹകരിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ യോഗത്തിൽ നിർദേശിച്ചു.
തീർത്ഥാടനകാലത്ത് പാലിക്കേണ്ട ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ, വ്യക്തിശുചിത്വം, പരിസരശുചിത്വം, മാലിന്യസംസ്കരണം, സുരക്ഷിതമായ കുടിവെള്ള വിതരണം, പകർച്ചവ്യാധി പ്രതിരോധം തുടങ്ങിയ വിഷയങ്ങളെ പറ്റി ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജിനു ജി തോമസ് യോഗത്തിൽ വിശദീകരിച്ചു. പൊതുസ്ഥലങ്ങളിൽ പുകയില നിരോധനം പാലിക്കുന്നതിനും നിയമലംഘനങ്ങൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും വ്യാപാരികൾ പ്രത്യേകം ശ്രദ്ധിക്കണം. പുകയില ഉൽപ്പന്നങ്ങളുടെ പരസ്യം, പ്രദർശനം, വിൽപ്പന എന്നിവയുമായി ബന്ധപ്പെട്ട നിയമവ്യവസ്ഥകളെക്കുറിച്ചും ബോധവൽക്കരണം നൽകി. തീർത്ഥാടനകാലത്ത് പകർച്ചവ്യാധി സാധ്യതകൾ നിരീക്ഷിക്കുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനും ആരോഗ്യവകുപ്പ് പ്രത്യേക ശ്രദ്ധ നൽകും. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കൃത്യമായി പാലിച്ച് തീർത്ഥാടകർക്ക് സുരക്ഷിതമായ ഭക്ഷണവും ശുദ്ധമായ കുടിവെള്ളവും ശുചിത്വപൂർണമായ അന്തരീക്ഷവും ഉറപ്പാക്കാൻ എല്ലാ സ്ഥാപനങ്ങളും സഹകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
റിട്ടയേർഡ് ഹെൽത്ത് സൂപ്പർവൈസർ വി. റ്റി ജീമോൻ ബോധവൽക്കരണ ക്ലാസ് നയിച്ചു. പരിപാടിയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പത്തനംതിട്ട അസിസ്റ്റന്റ് കമ്മീഷണർ സുജിത് പെരേര, ജില്ലാ ആർ. സി.എച്ച് ഓഫീസർ ഡോ. കെ. കെ ശ്യാംകുമാർ, നിലക്കൽ പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സജിൻ കെ റെജി, ജില്ലാ ഡെപ്യൂട്ടി എജ്യൂക്കേഷൻ ആന്റ് മീഡിയ ഓഫീസർമാരായ ആർ. ദീപ, എം. പി. ബിജുകുമാർ, ടെക്നിക്കൽ അസിസ്റ്റന്റ്മാരായ സി.പി ആശ, ആർ സജിത്ത്, ഹെൽത്ത് സൂപ്പർ വൈസർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.