ശബരിമല തീർത്ഥാടനം: അയ്യപ്പഭക്തരുടെ ആരോഗ്യസുരക്ഷയ്ക്ക് വിപുലമായ ക്രമീകരണങ്ങൾ ,22 അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങൾ സജ്ജം
മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന് വിപുലമായ ചികിത്സാ സംവിധാനങ്ങൾ ഒരുക്കി സംസ്ഥാന ആരോഗ്യവകുപ്പ്. ശബരിമലയിലേക്കുള്ള പ്രധാന തീർത്ഥാടന പാതകളിലും ഇടത്താവളങ്ങളിലും ആശുപത്രികളിലും 24 മണിക്കൂറും ആരോഗ്യസേവനങ്ങൾ
പത്തനംതിട്ട : മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന് വിപുലമായ ചികിത്സാ സംവിധാനങ്ങൾ ഒരുക്കി സംസ്ഥാന ആരോഗ്യവകുപ്പ്. ശബരിമലയിലേക്കുള്ള പ്രധാന തീർത്ഥാടന പാതകളിലും ഇടത്താവളങ്ങളിലും ആശുപത്രികളിലും 24 മണിക്കൂറും ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ പ്രധാന ആശുപത്രികളിലും തീർത്ഥാടന കേന്ദ്രങ്ങളിലും പ്രത്യേക ചികിത്സാ സൗകര്യങ്ങൾ സജ്ജമാക്കി.
നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ പ്രധാന ആശുപത്രികൾക്ക് പുറമേ നീലിമല, അപ്പാച്ചിമേട്, ചരൽമേട്, കരിമല തുടങ്ങിയ തീർത്ഥാടന പാതകളിലും ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രധാന ആശുപത്രികളിൽ അടിയന്തര ചികിത്സയ്ക്കും വിദഗ്ധ ചികിത്സയ്ക്കും ആവശ്യമായ ക്രമീകരണങ്ങൾ സജ്ജമാക്കി.
തീർത്ഥാടന പാതകളിൽ സ്ഥാപിച്ചിട്ടുള്ള 22 അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങൾ 24 മണിക്കൂറും പ്രവർത്തനസജ്ജമാണ്. പരിശീലനം ലഭിച്ച ആരോഗ്യപ്രവർത്തകരുടെ സേവനത്തോടൊപ്പം പ്രാഥമിക ചികിത്സ, അടിസ്ഥാന ജീവൻരക്ഷാ സഹായം, ഓക്സിജൻ നില, രക്തസമ്മർദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ പരിശോധിക്കുന്നതിനുള്ള സൗകര്യവും ഇവിടെ ലഭ്യമാകും.
അടിയന്തര സാഹചര്യങ്ങളിൽ സമയബന്ധിതമായി ചികിത്സ ഉറപ്പാക്കുന്നതിനായി സാധാരണ ആംബുലൻസുകൾ, 108 ആംബുലൻസ് സേവനം, ദുർഘടമായ പാതകളിലൂടെ സഞ്ചരിക്കാൻ കഴിയുന്ന ഓഫ്റോഡ് ആംബുലൻസുകൾ, അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് ആംബുലൻസുകൾ, മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ എന്നിവയും വിന്യസിച്ചിട്ടുണ്ട്.
പ്രധാന കേന്ദ്രങ്ങളിൽ വിപുലമായ ചികിത്സാ സൗകര്യങ്ങൾ
നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ജനുവരി 21 വരെ പ്രവർത്തിക്കുന്ന ആശുപത്രികളിലായി 63 കിടക്കകളും 14 ഐ.സി.യു. കിടക്കകളും സജ്ജീകരിച്ചിട്ടുണ്ട്. ഓപ്പറേഷൻ തീയേറ്റർ, ലബോറട്ടറി, വെന്റിലേറ്റർ തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ജനുവരി 21 വരെ നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന കാർഡിയോളജി കേന്ദ്രങ്ങളിൽ ഹൃദയസംബന്ധമായ അടിയന്തര ചികിത്സയ്ക്കുള്ള സൗകര്യങ്ങളും വെന്റിലേറ്ററുകളും സജ്ജമാക്കിയിട്ടുണ്ട്.
കോന്നി മെഡിക്കൽ കോളജിൽ 30 ഓക്സിജൻ കിടക്കകളുള്ള പ്രത്യേക ശബരിമല വാർഡും ഐ.സി.യു., വെന്റിലേറ്റർ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമേ പത്തനംതിട്ട ജനറൽ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, അടൂർ ജനറൽ ആശുപത്രി, റാന്നി, തിരുവല്ല താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലും തീർത്ഥാടകർക്കുള്ള വിദഗ്ധ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
പാമ്പുകടിയേറ്റുള്ള ചികിത്സയ്ക്കായി ആന്റിവെനം, പേവിഷബാധയ്ക്കെതിരായ പ്രതിരോധ-ചികിത്സാ സൗകര്യങ്ങൾ എന്നിവയും വിവിധ ആരോഗ്യകേന്ദ്രങ്ങളിൽ ക്രമീകരിച്ചിട്ടുണ്ട്.
അഞ്ച് ജില്ലകളിലും പ്രത്യേക ആരോഗ്യസേവനങ്ങൾ
ഇടുക്കി ജില്ലയിൽ വണ്ടിപ്പെരിയാർ, പീരുമേട്, കുമളി, പുല്ലുമേട്, മുക്കുഴി, പാഞ്ചാലിമേട്, പരുന്തുംപാറ തുടങ്ങിയ പ്രദേശങ്ങളിലും മെഡിക്കൽ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. പുല്ലുമേട്ടിൽ പകൽസമയത്ത് ആംബുലൻസ് ഉൾപ്പെടെയുള്ള മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കും. തിരക്കേറിയ ദിവസങ്ങളിൽ സ്പെഷ്യലിസ്റ്റുകൾ ഉൾപ്പെടുന്ന മെഡിക്കൽ സംഘത്തെയും നിയോഗിക്കും.
കൊല്ലം ജില്ലയിലെ പുനലൂർ താലൂക്ക് ആശുപത്രിയിൽ തീർത്ഥാടകർക്കായി പ്രത്യേക ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട.് കോട്ടയം മെഡിക്കൽ കോളജ് ടെർഷ്യറി കെയർ കേന്ദ്രമായി പ്രവർത്തിക്കും. ആൻജിയോപ്ലാസ്റ്റി ഉൾപ്പെടെയുള്ള വിദഗ്ധ ചികിത്സകൾ ഇവിടെ സൗജന്യമായി ലഭ്യമാക്കും. എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിലും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും 24 മണിക്കൂർ സേവനവും ഐ.സി.യു, കാർഡിയാക് കെയർ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. എരുമേലിയിലും കാളകെട്ടിയിലും താൽക്കാലിക ഡിസ്പെൻസറികളും മെഡിക്കൽ സംഘങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിലും ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലും മെഡിക്കൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ വഴിയും മറ്റു യാത്രാമാർഗങ്ങളിലൂടെയും എത്തുന്ന തീർത്ഥാടകർക്ക് ആവശ്യമായ വൈദ്യസഹായം ഇതിലൂടെ ലഭ്യമാക്കും.
ഭക്ഷ്യസുരക്ഷയ്ക്കും പകർച്ചവ്യാധി പ്രതിരോധത്തിനും പ്രത്യേക ശ്രദ്ധ
തീർത്ഥാടനകാലത്ത് ഭക്ഷ്യസുരക്ഷ, ശുദ്ധമായ കുടിവെള്ളം, പരിസരശുചിത്വം, പകർച്ചവ്യാധി പ്രതിരോധം തുടങ്ങിയ പൊതുജനാരോഗ്യ പ്രവർത്തനങ്ങളും ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനത്തോടെ നടപ്പാക്കും. തീർത്ഥാടന കേന്ദ്രങ്ങളിലെ ശുചിത്വവും സുരക്ഷിതമായ ഭക്ഷണവിതരണവും ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
തീർത്ഥാടകർ ആരോഗ്യനിർദേശങ്ങൾ പാലിക്കണം
തീർത്ഥാടനം സുരക്ഷിതവും ആരോഗ്യകരവുമാക്കുന്നതിന് ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങളുള്ളവർ ഡോക്ടറുടെ നിർദേശപ്രകാരമുള്ള മരുന്നുകൾ വ്രതകാലത്തും മുടക്കാതെ കഴിക്കണം. ആവശ്യമായ മരുന്നുകൾ കൈവശം കരുതുകയും വേണം. പമ്പയിൽനിന്ന് സന്നിധാനത്തേക്കുള്ള മലകയറ്റം സ്വന്തം ശാരീരികശേഷിക്കനുസരിച്ച് സാവധാനത്തിലാക്കുകയും ഇടയ്ക്കിടെ വിശ്രമിക്കുകയും വേണം.
നെഞ്ചുവേദന, ശ്വാസതടസ്സം, അമിതമായ ക്ഷീണം, തലകറക്കം, തളർച്ച തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ മലകയറ്റം ഉടൻ നിർത്തി അടുത്തുള്ള അടിയന്തര വൈദ്യസഹായ കേന്ദ്രത്തിലെ സേവനം തേടണം. ഇത്തരം ലക്ഷണങ്ങൾ അവഗണിച്ച് യാത്ര തുടരുന്നത് അപകടസാധ്യത വർധിപ്പിക്കും.
തിളപ്പിച്ചാറിയതോ സുരക്ഷിതമാണെന്ന് ഉറപ്പാക്കിയതോ ആയ കുടിവെള്ളം മാത്രം ഉപയോഗിക്കുക. ശുചിത്വമുള്ള ഭക്ഷണം കഴിക്കുകയും നിർജലീകരണം ഒഴിവാക്കാൻ ആവശ്യത്തിന് വെള്ളം കുടിക്കുകയും വേണം. കൈകളുടെ ശുചിത്വം പാലിക്കുക, മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക, പ്ലാസ്റ്റിക് ഉപയോഗം പരമാവധി ഒഴിവാക്കുക എന്നിവയും പ്രധാനമാണ്. പനി, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉണ്ടായാൽ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഉടൻ വൈദ്യസഹായം തേടണം.
അടിയന്തര വൈദ്യസഹായത്തിനായി 108 എന്ന നമ്പറിലും ശബരിമല ആരോഗ്യസേവനങ്ങളുടെ ഹെൽപ്ലൈൻ നമ്പറായ 04735 203232 ലും ബന്ധപ്പെടാം.
ശബരിമല തീർത്ഥാടനത്തിന്റെ ആരംഭം മുതൽ ദർശനം കഴിഞ്ഞ് ഭക്തർ സുരക്ഷിതമായി മടങ്ങുന്നതുവരെ ആവശ്യമായ ആരോഗ്യപരിരക്ഷയും സമയബന്ധിതമായ അടിയന്തര ചികിത്സയും ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.