ശബരിമല മണ്ഡല മകരവിളക്ക് : കൺട്രോൾ റൂം ആരംഭിച്ചു
ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന ശബരിമല ഫെസ്റ്റിവൽ കൺട്രോൾ റൂം നന്തൻകോട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ആരംഭിച്ചു. ശ
ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന ശബരിമല ഫെസ്റ്റിവൽ കൺട്രോൾ റൂം നന്തൻകോട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ആരംഭിച്ചു. ശബരിമല തീർഥാടന കാലം സുഗമമവും ഭക്തജന സൗഹൃദപൂർണമാക്കുന്നതിനും വിവിധ സഹായം നൽകുന്നതിനും സംശയനിവാരണത്തിനുമാണ് കൺട്രോൾ റൂം ആരംഭിക്കുന്നതെന്ന് ഉദ്ഘാടനം ചെയ്ത് ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ പറഞ്ഞു. ശബരിമല വെർച്വൽ ക്യൂ ബുക്കിംഗ്, കെഎസ്ആർടിസി ബസ് ബുക്കിംഗ്, ശബരിമലയിലെ വഴിപാടുകളുടെ ബുക്കിംഗ്, അപ്പം, അരവണ, നെയ്യഭിഷേകം എന്നിവയുടെ ടിക്കറ്റുകളും ഇവിടെ ലഭിക്കും. 0471 2720088 ആണ് കൺട്രോൾ റൂം നമ്പർ.
കെഎസ്ആർടിസി സേവനങ്ങളുടെ ഉദ്ഘാടനവും ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്ന് പമ്പയിലേയ്ക്കുള്ള കെഎസ്ആർടിസി ബസിന്റെ ഫൽഗ് ഓഫും ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ നിർവഹിച്ചു. ശബരിമല തീർത്ഥാടനകാലം കെ.എസ്.ആർ.ടി.സി.യെ സംബന്ധിച്ച് വലിയ ഉത്തരവാദിത്തവും പരീക്ഷയുമാണെന്ന് മന്ത്രി പറഞ്ഞു. തീർത്ഥാടന കാലയളവിൽ 461 കെഎസ്ആർടിസി ബസ്സുകൾ സർവീസ് നടത്തും. തീർഥാടകർക്കായി പ്രത്യേക ചാർട്ടേഡ് ബസ് സൗകര്യവും ഏർപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ, തിരുവനന്തപുരം മേയർ വി വി രാജേഷ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളായ കെ രാജു, പി ഡി സന്തോഷ്കുമാർ, കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ, വാർഡ് കൗൺസിലർ കെ ആർ ക്ലീറ്റസ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് സെക്രട്ടറി ബി ദീപ, ചീഫ് എഞ്ചിനീയർ രഞ്ജിത് കെ ശേഖർ, ദേവസ്വം കമ്മീഷണർ ബി സുനിൽകുമാർ എന്നിവർ പങ്കെടുത്തു.