രാഷ്ട്രീയ ഏകതാ ദിവസ് മോട്ടോർ സൈക്കിൾ റാലിക്ക് അടൂരിൽ സ്വീകരണം
രാഷ്ട്രീയ ഏകതാ ദിവസിനോടനുബന്ധിച്ച് കേരള പൊലീസിന്റെ ആഭിമുഖ്യത്തിൽ 'ലഹരിക്കെതിരെ പോരാടാം' എന്ന മുദ്രാവാക്യം ഉയർത്തിയുള്ള നാഷണൽ മോട്ടോർ സൈക്കിൾ റാലിയ്ക്ക് അടൂർ കെ.എ.പി മൂന്നാം ബറ്റാലിയനിൽ സ്വീകരണം നൽകി. മോട്ടോർ സൈക്കിൾ റാലിയുടെ തുടർയാത്ര അടൂർ നഗരസഭ ചെയർപേഴ്സൺ റീന സാമുവൽ ഫ്ളാഗ് ഓഫ് ചെയ്തു.
പത്തനംതിട്ട : രാഷ്ട്രീയ ഏകതാ ദിവസിനോടനുബന്ധിച്ച് കേരള പൊലീസിന്റെ ആഭിമുഖ്യത്തിൽ 'ലഹരിക്കെതിരെ പോരാടാം' എന്ന മുദ്രാവാക്യം ഉയർത്തിയുള്ള നാഷണൽ മോട്ടോർ സൈക്കിൾ റാലിയ്ക്ക് അടൂർ കെ.എ.പി മൂന്നാം ബറ്റാലിയനിൽ സ്വീകരണം നൽകി. മോട്ടോർ സൈക്കിൾ റാലിയുടെ തുടർയാത്ര അടൂർ നഗരസഭ ചെയർപേഴ്സൺ റീന സാമുവൽ ഫ്ളാഗ് ഓഫ് ചെയ്തു.
ലഹരിക്കെതിരായ ജനകീയ പ്രതിരോധത്തിന്റെ ഭാഗമായുള്ള റാലി തിരുവനന്തപുരം പൊലീസ് ട്രെയിനിംഗ് കോളജിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഫ്ളാഗ് ഓഫ് ചെയ്തിരുന്നു. തുടർന്ന് എം.സി റോഡ് വഴി യാത്ര ചെയ്താണ് അടൂരിൽ എത്തിയത്. അടൂർ കെ.എ.പി മൂന്നാം ബറ്റാലിയൻ ക്യാമ്പിൽ നടന്ന ചടങ്ങിൽ ഏറത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ തരകൻ, വാർഡ് അംഗം സൂസൻ ശശികുമാർ, കെ.എ.പി മൂന്നാം ബറ്റാലിയൻ കമാൻഡന്റ് മനോജ് കെ. നായർ, ഡെപ്യൂട്ടി കമാൻഡന്റ് സജീന്ദ്രൻ പിള്ള, അസിസ്റ്റന്റ് കമാൻഡന്റ്മാരായ കെ വിനോദ്, സ്റ്റാർമോൻ ആർ പിള്ള, പോലീസ് ഉദ്യോഗസ്ഥർ, സേനാംഗങ്ങൾ, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്സ് തുടങ്ങിയവർ പങ്കെടുത്തു.
യാത്രാമധ്യേ പ്രാദേശിക പോലീസിന്റെ സഹകരണത്തോടെ കോളജ്-യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ, എൻ.സി.സി, എൻ.എസ്.എസ് കേഡറ്റുകൾ, യുവാക്കൾ, പൊതുജനങ്ങൾ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് ശക്തമായ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. റാലി കൊച്ചിയിൽ എത്തുമ്പോൾ ലക്ഷദ്വീപ് പോലീസ് സംഘം ഒപ്പം ചേരും. തുടർന്ന് തൃശൂർ, കണ്ണൂർ വഴി കർണ്ണാടകത്തിലേക്ക് പ്രവേശിക്കും. ഉഡുപ്പി വഴി ഗോകർണ്ണയിലെത്തുമ്പോൾ കർണ്ണാടക പോലീസും പനാജിയിൽ നിന്ന് രത്നഗിരിയിലേക്കുള്ള യാത്രയിൽ ഗോവ പോലീസും തുടർന്ന് മഹദ്, മുംബൈ വഴി മഹാരാഷ്ട്ര പോലീസും റാലിയുടെ ഭാഗമാകും. ദാമൻ ദിയു പോലീസും ഒപ്പം ചേർന്ന് ഗുജറാത്തിലെ ബറൂച്ച് വഴി ഒക്ടോബർ 26 ന് റാലി ഗുജറാത്തിലെ ഏകത നഗറിൽ എത്തിച്ചേരും.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എല്ലാ റാലി ടീമുകളും ഒക്ടോബർ 26, 27 തീയതികളിലായി ഏകതാ നഗറിൽ സംഗമിക്കും. തുടർന്ന് ഒക്ടോബർ 31 ന് നടക്കുന്ന ദേശീയ ഏകതാ ദിന പരേഡിലെ പ്രത്യേക 'റൈഡ് പാസ്റ്റിൽ' എല്ലാ റൈഡർമാരും അണിനിരക്കും. സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സി.ആർ.പി.എഫ്) നാണ് ഈ ബൃഹത്തായ ദേശീയ പരിപാടിയുടെ ഏകോപന ചുമതല.