തീർത്ഥാടനകാലത്ത് വിപുലമായ മുന്നൊരുക്കങ്ങളും വികസന-ശുചീകരണ പ്രവർത്തനങ്ങളുമായി റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത്

ശബരിമല തീർത്ഥാടകർക്കും പ്രദേശവാസികൾക്കും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും തീർത്ഥാടനകാലം സുഗമവും സുരക്ഷിതവുമാക്കുന്നതിനുമായി റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടപ്പാക്കി.

 

പത്തനംതിട്ട : ശബരിമല തീർത്ഥാടകർക്കും പ്രദേശവാസികൾക്കും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും തീർത്ഥാടനകാലം സുഗമവും സുരക്ഷിതവുമാക്കുന്നതിനുമായി റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടപ്പാക്കി. തീർത്ഥാടനകാലം ആരംഭിക്കുന്നതിന് മുന്നോടിയായി പഞ്ചായത്ത് പരിധിയിലെ പ്രധാന റോഡുകൾ, പൊതുസ്ഥലങ്ങൾ, തീർത്ഥാടകർ കൂടുതലായി എത്തിച്ചേരുന്ന മേഖലകൾ എന്നിവിടങ്ങളിൽ ഗ്രാമപഞ്ചായത്തിന്റെയും ശുചിത്വ മിഷന്റേയും നേതൃത്വത്തിൽ നിർമ്മലം - ശബരിമല മെഗാ ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. 

മാലിന്യനിർമാർജനത്തിന് പ്രത്യേക പ്രാധാന്യം നൽകി 34 താൽകാലിക ശുചീകരണ തൊഴിലാളികളെ നിയമിക്കുകയും ഹരിതകർമ്മസേനയെ വിന്യസിച്ച് ശുചിത്വ പ്രവർത്തനങ്ങൾ ശക്തമാക്കുകയും ചെയ്തു. തീർത്ഥാടകർക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിന് പൊതുസ്ഥലങ്ങളിൽ വാട്ടർ എ.ടി.എം, പൊതുശൗചാലയങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കി. പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിനും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനും ബോധവൽക്കരണവും പരിശോധനകളും നടത്തി.  ബോട്ടിൽ ബൂത്തുകളും ബിന്നുകളും സ്ഥാപിച്ചു. 

തീർത്ഥാടനവുമായി ബന്ധപ്പെട്ട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണികൾ, തെരുവു വിളക്കുകൾ സ്ഥാപിക്കൽ എന്നിവ നടത്തി. ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള ആറ് കടവുകൾ വൃത്തിയാക്കി 13 ലൈഫ് ഗാർഡുമാരെ നിയമിച്ചു. ആരോഗ്യവകുപ്പ്, പോലീസ്, മറ്റ് സർക്കാർ വകുപ്പുകൾ, ദേവസ്വം ബോർഡ് എന്നിവയുമായി ഏകോപനം നടത്തിയും പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ശബരിമല തീർത്ഥാടനത്തിന്റെ പ്രധാന ഇടത്താവളങ്ങളിലൊന്നായ പെരുനാട് പഞ്ചായത്തിൽ തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുകൾ ഉണ്ടാകാത്തവിധം ആവശ്യമായ ക്രമീകരണങ്ങൾ ഉറപ്പാക്കുന്നതിനാണ് പഞ്ചായത്ത് മുൻഗണന നൽകുന്നത്.