മഴ : പത്തനംതിട്ട ജില്ല കലക്ടർ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു

ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ കലക്ടർ എ നിസാമുദ്ദീൻ സന്ദർശിച്ചു. ക്യാമ്പുകളിലെ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി ജനങ്ങളുടെ ആവശ്യങ്ങൾ കേട്ടു. ദുരിന്തബാധിതരായ കുടുംബങ്ങൾക്ക് വേണ്ട എല്ലാ സഹായവും സർക്കാർ ഉറപ്പാക്കിയതായി അദ്ദേഹം അറിയിച്ചു.

 

പത്തനംതിട്ട :  ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ കലക്ടർ എ നിസാമുദ്ദീൻ സന്ദർശിച്ചു. ക്യാമ്പുകളിലെ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി ജനങ്ങളുടെ ആവശ്യങ്ങൾ കേട്ടു. ദുരിന്തബാധിതരായ കുടുംബങ്ങൾക്ക് വേണ്ട എല്ലാ സഹായവും സർക്കാർ ഉറപ്പാക്കിയതായി അദ്ദേഹം അറിയിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും ജില്ല ഭരണകൂടം മുൻഗണന നൽകുന്നു. ദുരിതാശ്വാസ പ്രവർത്തനത്തിൽ കൃത്യമായ ഏകോപനത്തോടെയാണ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത്. ക്യാമ്പുകളിൽ കഴിയുന്നവർക്ക് അവശ്യവസ്തുക്കൾ എത്തുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പാക്കി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ക്യാമ്പുകളിൽ മെഡിക്കൽ പരിശോധനയുണ്ട്. ആറന്മുള ജി വി എച്ച് എസ് എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശനത്തിനിടെ അവധി അപേക്ഷയുമായി എത്തിയ കുട്ടികളോട് എല്ലാവരുടേയും ആവശ്യം പരിഗണിക്കുമെന്ന് ജില്ല കലക്ടർ പുഞ്ചിരിയോടെ മറുപടി നൽകി.

ഓഗസ്റ്റ് അഞ്ച് വൈകിട്ട് അഞ്ചുവരെയുള്ള കണക്കുപ്രകാരം ജില്ലയിൽ 158 ദുരിതാശ്വാസ ക്യാമ്പുകളിലായി 3313 കുടുംബങ്ങളിലെ 10683 പേരുണ്ട്. ഏറ്റവും കൂടുതൽ ക്യാമ്പുകൾ തിരുവല്ല താലൂക്കിലാണ്, 101 എണ്ണം. കോഴഞ്ചേരി 24, കോന്നി നാല്, അടൂർ ആറ്, റാന്നി ഒമ്പത്, മല്ലപ്പള്ളി 14 എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിലെ ക്യാമ്പുകൾ. മഴക്കെടുതിയിൽ അടൂർ, റാന്നി താലൂക്കുകളിൽ ഓരോ വീട് പൂർണമായും തകർന്നു. ഭാഗികമായി തകർന്ന വീടുകളുടെ എണ്ണം കോഴഞ്ചേരി ഒമ്പത്, കോന്നി 17, മല്ലപ്പള്ളി മൂന്ന്, അടൂർ നാല്, റാന്നി 23 എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.