തിരുവല്ലയിൽ കാൽനട യാത്രക്കാരിയുടെ ഒന്നര പവൻന്റെ സ്വർണ്ണ മാല പൊട്ടിച്ചു കടന്ന പ്രതിയെ പിന്തുടർന്ന് പിടികൂടി പുളിക്കീഴ് പോലീസ്

കാൽനട യാത്രക്കാരിയായ 83 കാരിയുടെ ഒന്നര പവൻ തൂക്കം വരുന്ന സ്വർണ്ണ മാല പൊട്ടിച്ചു കടന്ന പ്രതിയെ പിന്തുടർന്ന് പിടികൂടി പുളിക്കീഴ് പോലീസ്.  തിരുവല്ല നെടുമ്പ്രം

 

തിരുവല്ല : കാൽനട യാത്രക്കാരിയായ 83 കാരിയുടെ ഒന്നര പവൻ തൂക്കം വരുന്ന സ്വർണ്ണ മാല പൊട്ടിച്ചു കടന്ന പ്രതിയെ പിന്തുടർന്ന് പിടികൂടി പുളിക്കീഴ് പോലീസ്.  തിരുവല്ല നെടുമ്പ്രം പുത്തൻകാവ് മാരേകാട്ട് തെക്കേതിൽ വീട്ടിൽ അഭിഷേക് ഗോപി ( 24 ) പിടിയിലായത്. സ്കൂട്ടറിലെത്തി കടപ്ര വളഞ്ഞവട്ടം ചന്ദ്രപുരത്തിൽ വീട്ടിൽ രാജമ്മയുടെ മാല പൊട്ടിച്ച് കടന്ന കേസിലാണ് അറസ്റ്റ്.

വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിയോടെ ആയിരുന്നു സംഭവം. പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് റോഡിൽ നിന്നും കീച്ചേരി വാൽക്കടവ് റോഡിലേക്ക് നടന്നു പോവുകയായിരുന്ന രാജമ്മയുടെ മാല സ്കൂട്ടറിൽ എതിരെ വന്ന പ്രതി പൊട്ടിച്ചെടുത്ത് കടക്കുകയായിരുന്നു. പിന്നാലെ എത്തിയ ബൈക്ക് യാത്രക്കാർ പ്രതിയെ പിന്തുടർന്നെങ്കിലും രക്ഷപ്പെട്ടു.

തുടർന്ന് സിസിടിവിയിൽ നിന്നും ലഭിച്ച മോഷണത്തിന് ഉപയോഗിച്ച സ്കൂട്ടറിന്റെ നമ്പരും ഇയാളുടെ മൊബൈൽ നമ്പരും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആണ് പ്രതി കുടുങ്ങിയത്.  സുഹൃത്തുക്കളുമൊത്ത് കാറിൽ നെടുമ്പാശ്ശേരിൽ പോയി മടങ്ങി വരും വഴി ശനിയാഴ്ച രാത്രി പന്ത്രണ്ടരയോടെ പൊടിയാടി ജംഗ്ഷന്  സമീപം വെച്ച് പോലീസ് രണ്ട് ബൈക്കുകളിലായി പിന്തുടർന്ന് പിടികൂടുകയായിരുന്നു.

ഓൺലൈൻ വായ്പകൾ മുഖേന ഉണ്ടായ സാമ്പത്തിക ബാധ്യത തീർക്കുന്നതിന് വേണ്ടിയാണ് മോഷണം നടത്തിയതെന്നാണ് പ്രതി പോലീസിൽ മൊഴി നൽകിയിരിക്കുന്നത്. തൊണ്ടിമുതൽ പോലീസ് ഇയാളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഡിവൈഎസ്പി പി.ആർ സന്തോഷ് കുമാർ, സി ഐ കെ.എസ് ഗോപകുമാർ എന്നിവരുടെ നിർദ്ദേശപ്രകാരം പുളിക്കീഴ് എസ് എച്ച് ഒ കെ.എസ് ധന്യ, എ .എസ് .ഐ വിനോദ് കുമാർ , സീനിയർ സിവിൽ പോലീസ് ഓഫീസറന്മാരായ രെജു, രവി , സിവിൽ പോലീസ് ഓഫീസർമാരായ അരുൺ ദാസ് , രഞ്ചു കൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.